രാജ്യത്ത്‌ 386 പേർക്കുകൂടി കോവിഡ്‌ ,ഒരാഴ്‌ചകൊണ്ട്‌ ഇരട്ടിച്ചു, ആകെ മരണം 54 | 386 Corona Positive Case In India

ന്യൂഡൽഹി : രാജ്യത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ വൻ വർധന. ബുധനാഴ്‌ച മാത്രം 386 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. ഒരാഴ്‌ചകൊണ്ട്‌ രോഗികളുടെ എണ്ണം ഇരട്ടിയായി. മാർച്ച്‌ 26 നും 31 നും ഇടയിൽ 787 പേരുടെ വർധന.  25ന്‌ രോഗബാധിതർ 610. 31ന്‌ അത്‌ 1397 ആയി. രാജ്യത്ത്‌ ആകെ 1637  കോവിഡ്‌ രോഗികളുണ്ടെന്ന്‌ ആരോഗ്യ മന്ത്രാലയം ജോയിന്റ്‌ സെക്രട്ടറി ലവ്‌ അഗർവാൾ അറിയിച്ചു. ഇതിൽ 132 പേർ അതിജീവിച്ചു. ബുധനാഴ്‌ചയുണ്ടായ വർധന പൊതുസ്ഥിതിയല്ലെന്നും നിസാമുദ്ദീൻ സംഭവത്തെ തുടർന്നുള്ള താണെന്നും  കേന്ദ്രസർക്കാർ അവകാശപ്പെട്ടു.

ബുധനാഴ്‌ച അഞ്ചുപേർ കൂടി മരിച്ചു. ഉത്തർപ്രദേശിൽ രണ്ടുപേരും മഹാരാഷ്ട്രയിൽ ആറുപേരും ബംഗാളിൽ ഒരാളും. മധ്യപ്രദേശിൽ മുന്നുദിവസം മുമ്പ്‌ മരിച്ച 65കാരന്‌ രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 54 ആയെന്ന്‌ വിവിധ സംസ്ഥാന സർക്കാരുകളെ ഉദ്ധരിച്ച്‌ വാർത്താ ഏജൻസി റിപ്പോർട്ട്‌ ചെയ്‌തു. എന്നാൽ, 38 മരണമാണ്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്‌. കൂടുതൽ മരണം മഹാരാഷ്ട്രയിലാണ്‌, 16.  മധ്യപ്രദേശ്‌, ബംഗാൾ എന്നിവടങ്ങളിൽ  ആറുപേരും മരിച്ചു.

രാജ്യത്താകെ ഇതുവരെ 47,951 പരിശോധനകൾ നടത്തിയതായി ഐസിഎംആറിലെ മുതിർന്ന ശാസ്ത്രജ്ഞൻ ആർ ഗംഗാഖേത്കർ പറഞ്ഞു.  ഐസിഎംആറിന്റെ 126 ലാബുകൾ കൂടാതെ 51 സ്വകാര്യ ലാബുകൾക്കും പരിശോധനയ്‌ക്ക്‌ അംഗീകാരം നൽകിയിട്ടുണ്ട്.