ഒരേ സമയം 50 പേരെ വരെ വീഡിയോ കോള്‍ ചെയ്യാം; മെസഞ്ചര്‍ റൂം ഒരുക്കി ഫെയ്സ്ബുക്ക് | Facebook Zoom App Video Call

വീഡിയോ കോളിങ് ആപ്പായ സൂമിനെ വെല്ലാനൊരുങ്ങി പ്രമുഖ സമൂഹ മാധ്യമമായ ഫെയ്സ്ബുക്ക്. നിലവില്‍ ഒരേ സമയം 100 പേരെ വരെ പങ്കെടുപ്പിച്ച് വീഡിയോ കോള്‍ ചെയ്യാം എന്നതാണ് സൂമിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ വീഡിയോ കോണ്‍ഫറന്‍സിങ്ങിനും മറ്റും വ്യാപകമായി ഉപയോഗിക്കുന്നത് സൂം ആപ്പാണ്.

ഇതിന് കിടപിടിക്കാന്‍ മെസഞ്ചര്‍ റൂം ഒരുക്കിയാണ് ഫെയ്സ്ബുക്കിന്റെ കടന്നുവരവ്.യാതൊരു സമയപരിധിയും ഇല്ലാതെ 50 പേരെ ഒരേ സമയം വീഡോയോ കോള്‍ ചെയ്യാനുളള ഫീച്ചറാണ് ഫെയ്സ്ബുക്ക് അവതരിപ്പിച്ചത്. ഫെയ്സ്ബുക്ക് മെസഞ്ചറിലോ, ഫെയ്സ്ബുക്കിലോ വീഡിയോ കോളിന് സൗകര്യം ഏര്‍പ്പെടുത്തി മുന്നോട്ടുപോകാനുളള സംവിധാനമാണ് സജ്ജീകരിച്ചത്.

ഗ്രൂപ്പ് വീഡിയോ കോളിന് തുടക്കമിടുന്ന ആള്‍ക്ക് ഏതൊരു ആളെയും ക്ഷണിക്കാം. ഫെയ്സ്ബുക്ക് അക്കൗണ്ട് ഇല്ലാത്ത ആളെ പോലും വീഡിയോ കോളിന് ക്ഷണിക്കാമെന്നതാണ് പ്രത്യേകത.മെസഞ്ചര്‍ റൂമില്‍ ഉപയോക്താവിന് ന്യൂസ് ഫീഡുകളില്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യാനും സാധിക്കും. മറ്റു പേജുകളിലേക്കോ ഗ്രൂപ്പുകളിലേക്കോ ഷെയര്‍ ചെയ്യുന്നതിനും തടസ്സമില്ല. ഒരാളെ ആഡ് ചെയ്യുന്നതിന് ഒപ്പം ഒരാളെ പുറത്താക്കാനും ഇതില്‍ സൗകര്യമുണ്ട്. റൂം ലോക്ക് ചെയ്തു വെയ്ക്കാനുളള സംവിധാനമാണ് മറ്റൊന്ന്. മൊബൈല്‍ ഫോണില്‍ നിന്നോ ഡെസ്‌ക് ടോപ്പില്‍ നിന്നോ മെസഞ്ചര്‍ റൂമില്‍ പങ്കെടുത്ത് പരസ്പരം സംസാരിക്കാം.

ഇതിനായി പുതുതായി ഒന്നും ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല. നിലവിലെ മെസഞ്ചര്‍ ആപ്പില്‍ നിന്ന് കൊണ്ടുതന്നെ പ്രവര്‍ത്തിക്കാം. ഓഗ്മെന്റഡ് റിയാല്‍റ്റി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വിഷ്വല്‍ എഫക്ട്സും കൊണ്ടുവരാം. പ്രത്യേകതരം അന്തരീക്ഷം സൃഷ്ടിക്കുന്ന മൂഡ് ലൈറ്റിങ് സാങ്കേതികവിദ്യയാണ് മറ്റൊന്ന്. അമേരിക്കയില്‍ ഈ ആഴ്ച മുതല്‍ മെസഞ്ചര്‍ റൂം ഉപയോഗിക്കാനാകും. മറ്റു രാജ്യങ്ങളിലും ഉടന്‍ തന്നെ മെസഞ്ചര്‍ റൂം നടപ്പാക്കുമെന്നും ഫെയ്സ്ബുക്ക് അറിയിച്ചു.