അമേരിക്കയിൽ മരണസംഖ്യ ചൈനയുടെ ഇരട്ടി ; ബ്രിട്ടനും ചൈനയെ മറികടന്നു; ലോകത്താകെ മരിച്ചവരുടെ എണ്ണം 58,000 കവിഞ്ഞു


വാഷിങ്‌ടൺ/മാഡ്രിഡ്‌ : അമേരിക്കയിൽ കോവിഡ്‌ ബാധിച്ചവരുടെ എണ്ണം രണ്ടരലക്ഷം കവിഞ്ഞു. മരണം ചൈനയുടെ ഇരട്ടിയും കടന്ന്‌ ഏഴായിരത്തോളമായി. ലോകത്താകെ മഹാമാരിയിൽ മരിച്ചവരുടെ എണ്ണം 58,000 കടന്നു. 684 പേർ കൂടി മരിച്ചതോടെ ബ്രിട്ടനും മരണസംഖ്യയിൽ ചൈനയെ മറികടന്നു. ബ്രിട്ടനിൽ ഒരുദിവസത്തെ ഏറ്റവും വലിയ മരണസംഖ്യയാണിത്‌. 3650 പേരാണ്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ വരെ അവിടെ മരിച്ചത്‌.

യൂറോപ്പിൽ ജർമനിയിലും മരണസംഖ്യ 1000 കടന്നു. 1200 ലധികമാണ്‌ ഇവിടെ മരണസംഖ്യ. ഏഴ്‌ രാജ്യത്തിലാണ്‌ യൂറോപ്പിൽ മരണസംഖ്യ ആയിരത്തിലധികമുള്ളത്‌.  ഇറ്റലി മരണം–- 14,681, സ്‌പെയിൻ–- 10,935.  സ്‌പെയിനിൽ തുടർച്ചയായി രണ്ടാം ദിവസവും 900ലധികം മരണം രേഖപ്പെടുത്തി.  ഫ്രാൻസിൽ ആറായിരത്തോടടുക്കുന്നു.

ചൈനയിൽ 3322 പേരാണ്‌ ഇതുവരെ മരിച്ചത്‌. സമ്പദ്‌വ്യവസ്ഥയെ കോവിഡ്‌ സൃഷ്ടിച്ച തളർച്ചയിൽനിന്ന്‌ ഉയർത്താൻ ചൈന ചെറുബാങ്കുകളിലെ കരുതൽ നിക്ഷേപ പരിധി കുറച്ചു. ലോകത്ത്‌ കോവിഡ്‌ സൃഷ്ടിക്കുന്ന കുഴപ്പത്തിന്റെ ഏറ്റവും മോശം അവസ്ഥ വരാനിരിക്കുന്നതേയുള്ളൂവെന്നും ഈ ഘട്ടത്തിൽ സംഘർഷമേഖലകളിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ ആഹ്വാനം ചെയ്‌തു.