ഓർഡിനൻസ് പാസായി ; 6 ദിവസത്തെ ശമ്പളം മാറ്റിവയ്ക്കല്‍ തീരുമാനമായി ; ശമ്പളവിതരണം മെയ് 4ന് ആരംഭിക്കുമെന്ന് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം മാറ്റിവയ്ക്കുമെന്നും ശമ്പളവിതരണം നാലം തീയതി മുതല്‍ ആരംഭിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്.

ജീവനക്കാരുടെ ശമ്പളത്തിന്റെ 25 ശതമാനം മാറ്റിവെയ്ക്കാന്‍ അനുമതി നല്‍കുന്ന സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അനുമതി നല്‍കിയശേഷം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു ഐസക്.

ശമ്പളം മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് പറയുന്നത് ശരിയല്ല. പ്രതിപക്ഷം പറഞ്ഞപ്രകാരമാണ് സാലറി ചലഞ്ച് വേണ്ടെന്ന് വെച്ചത്. പ്രതിപക്ഷം ഇപ്പോള്‍ മുട്ടാപോക്ക് പറയുകയാണെന്നും ധനമന്ത്രി പറഞ്ഞു.

ജഡ്ജിമാരുടെ ശമ്പളം മാറ്റിവയ്ക്കില്ല. ശമ്പള വിതരണത്തിനുള്ള സോഫ്റ്റ്വെയര്‍ തയ്യാറാക്കിയത് തന്നെ ഈ രീതിയില്‍ ആണ്. സസ്പെന്‍ഷനിലുള്ളവരുടെ ബത്ത കുറയാനിടയുണ്ട്. നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് ആവശ്യമായ മാറ്റം വരുത്തും. മാറ്റിവയ്ക്കുന്ന ശമ്പളം എങ്ങനെ തിരിച്ചുകൊടുക്കുമെന്ന് ആറുമാസത്തിനുള്ളില്‍ തീരുമാനിക്കും. മാറ്റിവെയ്ക്കുന്ന ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും മന്ത്രി അറിയിച്ചു.