ഹെൽപ്പ്‌ ഡെസ്‌ക്‌, ഓൺലൈൻ മെഡിക്കൽ, സ്‌റ്റുഡന്റ്സ്‌ രജിസ്‌ട്രേഷൻ ; കോവിഡ്-19 കാലത്ത് പ്രവാസികൾക്ക്‌ കേരളത്തിന്റെ കരുതൽ ഇങ്ങനെ








പ്രവാസി മലയാളികൾക്ക്‌ കരുതലുമായി സംസ്ഥാന സർക്കാർ. മലയാളികൾ കൂടുതലുള്ള രാജ്യങ്ങളിൽ അഞ്ച്‌ ഹെൽപ്‌ ഡെസ്‌ക്‌ ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വിവിധ സംഘടനകളുമായി ചേർന്ന്‌ നോർക്കയാണ്‌ ഹെൽപ്‌ ഡെസ്‌ക്‌ ആരംഭിച്ചത്‌. ആ പ്രദേശത്തെ എല്ലാവിഭാഗം ജനങ്ങളും സംഘടനകളുമടങ്ങുന്ന ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്‌.
ഹെൽപ്‌ ഡെസ്‌ക്കുമായി ബന്ധപ്പെടണമെന്ന്‌ ഇന്ത്യൻ അംബാസഡർമാരോട്‌ അഭ്യർഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രവാസികളുമായി വീഡിയോ കോൺഫറൻസ്‌ വഴി മുഖ്യമന്ത്രി നടത്തിയ ചർച്ചയുടെ തുടർച്ചയാണിത്‌. പ്രവാസികൾക്ക്‌ ഓൺലൈൻ മെഡിക്കൽ സംവിധാനം ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.  ആരോഗ്യ സംബന്ധമായ സംശയങ്ങൾ നോർക്ക വെബ്‌സൈറ്റിൽ രജിസ്‌റ്റർ ചെയ്‌ത്‌ ഇന്ത്യൻ സമയം ഉച്ചയ്‌ക്ക്‌ രണ്ട്‌ മുതൽ വൈകിട്ട്‌ ആറുവരെ ഡോക്ടർമാരുമായി സംസാരിക്കാം. ജനറൽ മെഡിസിൻ, സർജറി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്‌, ഓർത്തോ, ഒഫ്‌താൽമോളജി, ഇഎൻടി മേഖലയിലുള്ള ഡോക്ടർമാരുടെ സേവനം ലഭിക്കും.
വിദേശത്ത്‌ ആറുമാസത്തിൽ കുറയാതെ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്‌ത മലയാളികൾക്ക്‌ നൽകുന്ന രജിസ്‌ട്രേഷൻ വിദേശങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികൾക്ക്‌ ഏർപ്പെടുത്തും. ഇതിനായി ഓവർസീസ്‌ സ്‌റ്റുഡന്റ്‌ രജിസ്‌ട്രേഷൻ സൗകര്യമാകും ഏർപ്പെടുത്തുക.
ഇവർക്ക്‌ ഇൻഷുറൻസും വിമാനയാത്രാക്കൂലിയും ഇളവ്‌ ലഭ്യമാക്കും. വിദേശത്ത്‌ പഠനത്തിന്‌ പോകുന്ന എല്ലാ വിദ്യാർഥികളും ഇതിൽ രജിസ്‌റ്റർ ചെയ്യൽ നിർബന്ധമാക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. അബുദാബി, ദുബായ്, റാസൽഖൈമ, ഷാർജ, അജ്മാൻ, ഫുജൈറ എന്നിവിടങ്ങളിലാണ്‌ കോവിഡ് ഹെൽപ്പ് ഡെസ്ക്കുകൾ ആരംഭിച്ചത്‌.

ടെലി മെഡിസിൻ ഇങ്ങനെ
നോർക്കയുടെ www.norkaroots.org വെബ്സൈറ്റിൽ പ്രവേശിച്ചാൽ കോവിഡ് രജിസ്ട്രേഷൻ, ഡോക്ടർ ഓൺലൈൻ, ഹലോ ഡോക്ടർ എന്ന മൂന്ന് തലക്കെട്ടുകളും ലഭിക്കുന്ന സേവനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഏത് സേവനമാണോ വേണ്ടത് അതിന് താഴെയുള്ള ക്ളിക്ക് ബട്ടൺ അമർത്തണം. തുടർന്ന് ലഭിക്കുന്ന നിർദേശങ്ങളനുസരിച്ച് വിവിധ സേവനങ്ങൾ ലഭ്യമാകും. ഐഎംഎ. ക്വിക് ഡോക്ടർ (quikdr.com) എന്നിവരുമായി സഹകരിച്ചാണ് നോർക്ക സേവനം നടത്തുന്നത്.