രാജ്യമൊട്ടാകെ കേരളമാതൃക നടപ്പാക്കുമെന്ന് കേന്ദ്രം; വീണ്ടും പ്രശംസിച്ച് ആരോഗ്യമന്ത്രാലയം | Center to implement Kerala model nationwide



ഡൽഹി :  കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ മാതൃക രാജ്യമൊട്ടാകെ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

അടച്ചിടല്‍, സമ്പര്‍ക്ക പരിശോധന, രോഗപരിശോധന, ചികിത്സ തുടങ്ങിയ കാര്യങ്ങളില്‍ കേരളം മികവ് കാട്ടിയത് താഴെത്തട്ടില്‍ രോഗവ്യാപനം തടയുന്നതില്‍ വലിയ വിജയമായെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

രോഗികള്‍ ഇരട്ടിയാകുന്ന നിരക്ക് കേരളമടക്കം 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. കേരളത്തില്‍ ഇരട്ടിയാകല്‍ നിരക്ക് ശരാശരി 20 ദിവസമാണ്. ഒരാഴ്ചയായി ദേശീയതലത്തില്‍ ഇരട്ടിയാകല്‍ നിരക്ക് 6.2 ദിവസമാണ്. അടച്ചിടലിനുമുമ്പ് ഇത് മൂന്ന് ദിവസമായിരുന്നു.

കേരളത്തിനു പുറമെ ഉത്തരാഖണ്ഡ്, ഹരിയാന, ഹിമാചല്‍, ചണ്ഡീഗഢ്, പുതുച്ചേരി, അസം, ത്രിപുര, ബിഹാര്‍, ഒഡിഷ എന്നിവിടങ്ങളിലും രോഗം ഇരട്ടിക്കുന്ന നിരക്കില്‍ കുറവുണ്ടായി. ഡല്‍ഹി, യുപി, തെലങ്കാന, ആന്ധ്ര, തമിഴ്നാട്, കര്‍ണാടകം, പഞ്ചാബ് എന്നിവിടങ്ങളില്‍ ദേശീയ ശരാശരിയേക്കാള്‍ കുറവാണ്.