കണ്ണൂരില്‍ കൊറോണ കേസുകള്‍ കൂടുന്നു ; കൂടുതല്‍ നിയന്ത്രണം ആവശ്യമായി വരുമെന്ന് ഐ.ജി വിജയ് സാഖറെ ; ഹോട്ട്‌സ്‌പോട്ട് മേഖലകളിലുള്ളവര്‍ പുറത്തിറങ്ങരുത് | Coronation cases rise in Kannur IG Vijay Sakhare calls for more regulation People in the hotspot areas should not be released

കണ്ണൂര്‍ : കണ്ണൂരില്‍ കൊറോണ വൈറസ് കേസുകള്‍ കൂടുകയാണെന്നും ജില്ലയില്‍ കൂടുതല്‍ നിയന്ത്രണം ആവശ്യമായി വരുമെന്നും ഐജി വിജയ് സാഖറെ. ഹോട്ട്‌സ്‌പോട്ട് മേഖലകളിലുള്ളവര്‍ പുറത്തിറങ്ങരുതെന്നും വിജയ് സാഖറെ ആവശ്യപ്പെട്ടു.

ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാത്രമാണ് ഇളവുള്ളത്. പ്രൈമറി – സെക്കന്‍ണ്ടറി കോണ്‍ടാക്റ്റുകള്‍ വീട്ടില്‍ തുടര്‍ന്നാല്‍ രോഗ വ്യാപനം തടയാമെന്നും വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂരില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഹോട്ട് സ്‌പോട്ടുകളില്‍ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് ഐജി ഇക്കാര്യം പറഞ്ഞത്.

പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടവും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ ബുധനാഴ്ച 7 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ച് പേര്‍ മാര്‍ച്ച് 19 മുതല്‍ മുതല്‍ 21 വരെയുള്ള തീയ്യതികളില്‍ ദുബായില്‍ നിന്ന് എത്തിയവരാണ്. കോട്ടയം മലബാര്‍ സ്വദേശികളായ രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു.

ചെങ്ങളായി സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നിസാമുദ്ദീനില്‍ നിന്നും വരുന്നവരുമായി ട്രെയിനില്‍ ഉള്ള സാമ്പര്‍ത്തിലൂടെയാണ് വൈറസ് ബാധ ഉണ്ടായത്. ഇതോടെ കണ്ണൂര്‍ ജില്ലയിലെ വൈറസ് ബാധിതരുടെ എണ്ണം 111 ആയി.

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് വൈറസ് വ്യാപനം തടയാനുഉള്ള തീവ്ര പരിശ്രമത്തിലാണ് ജില്ലാ ഭരണകൂടവും പോലീസും. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ജില്ലയില്‍ അവശ്യസാധനങ്ങളുടെ വിതരണം ഹോം ഡെലിവറി വഴി മാത്രമാക്കി. ഒരു വാര്‍ഡില്‍ ഒരു കട മാത്രം തുറക്കും.വാര്‍ഡ് മെമ്പറും കുടുംബശ്രീ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് ഹോം ഡെലിവറിക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കണം. ഹോം ഡെലിവറി സുഗമമാക്കാന്‍ പോലീസ് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കണം. ഹോട്ട്സ്പോട്ട്കളില്‍ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. ട്രിപ്പിള്‍ ലോക്ക് സുരക്ഷയൊരുക്കി പോലീസും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.