ഈ കോവിഡ്‌ കാലത്ത് സർക്കാരിന് എന്താണ് ഇത്ര ചിലവ്... നിഷ ആന്റണി എന്ന നേഴ്‌സിന്റെ വാക്കുകൾ കേൾക്കുക | CoViD-19 Expenses

ഒരു കോവിഡ്‌ രോഗിക്കുവേണ്ടി സംസ്ഥാന സർക്കാർ ആറു ലക്ഷം രൂപയെങ്കിലും ചെലവഴിക്കുന്നുണ്ട്‌. ഇത് അതിശയോക്തിയല്ല. രോഗിക്കായി സർക്കാർ ഒരുക്കുന്ന സംവിധാനം എന്തൊക്കെയെന്ന്‌ അറിഞ്ഞാൽ ഇത്‌ നിങ്ങൾക്ക്‌ ബോധ്യമാവും’’. ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് നിഷ ആന്റണി പറയുന്നു. ഒരു ഓൺലൈൻ പരിപാടിയിൽ കൊറോണ വാർഡിലെ അനുഭവം പങ്കിടവെയാണ്‌ നിഷ രോഗിക്കായി സർക്കാർ ഒരുക്കുന്ന സംവിധാനം  വിശദീകരിക്കുന്നത്‌.
‘‘ഒരു പിപിഇ കിറ്റിന് ചുരുങ്ങിയത് ആയിരം രൂപയ്ക്ക് മുകളിൽ വിലയുണ്ട്. എൻ 95 മാസ്‌കിന് 350 രൂപയുണ്ട്. ത്രീലെയർ മാസ്ക്, ഹാൻഡ് വാഷ്, സാനിറ്റൈസർ, സോപ്പ്, ടിഷ്യു പേപ്പർ തുടങ്ങിയവ വേറെയും. ഇവയെല്ലാം ആശുപത്രി ജീവനക്കാരുടെ സുരക്ഷയ്ക്കായി സർക്കാർ ഒരുക്കുന്ന സംവിധാനമാണ്. ആശുപത്രിയിൽ ക്ലീനിങ് സ്റ്റാഫ്, ഡോക്ടർമാർ, നേഴ്സുമാർ എന്നിവർക്കെല്ലാമായി ഒരു സമയം 35 പിപിഇ കിറ്റ് വേണം. മൂന്ന് ഷിഫ്റ്റിലായി 35 കിറ്റ് വീതം ഒരു മാസത്തേക്ക് എത്ര തുക വേണ്ടി വരുമെന്ന്‌  കണക്കാക്കുക.  രോഗികൾക്ക് നൽകുന്ന ക്ലോറോക്കിൻ പോലുള്ള മരുന്നിന് കുറഞ്ഞ വിലയേ ഉള്ളൂ. മൂന്നു ദിവസം കൂടുമ്പോൾ സാമ്പിൾ എടുത്ത് പരിശോധനയ്ക്കായി ലാബിൽ എത്തിക്കണം. 14 ദിവസം ഡ്യൂട്ടിയെടുത്ത ജീവനക്കാർക്ക് ക്വാറൻറ്റൈൻ   ഒരുക്കണം. അവരുടെ സ്വാബ് പരിശോധിക്കണം. രോഗികളോടൊപ്പം ജീവനക്കാർക്കും ഭക്ഷണം നൽകണം. ഇതെല്ലാം കണക്കാക്കിയാൽ ആറു ലക്ഷത്തിലേറെ രൂപ വരും’’ നിഷ പറയുന്നു.
‘‘ഒരു ജീവനക്കാരൻ പോലും പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ ചെയ്യുന്ന കാര്യങ്ങളിൽ എതിർപ്പു പ്രകടിപ്പിച്ചിട്ടില്ല. പൂർണ പിന്തുണനൽകി. അതിനാൽ സർക്കാർ ഒരു പ്രതിസന്ധി നേരിടുമ്പോൾ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്.  ദിവസവും സെലിബ്രിറ്റികളുമായി സംസാരിക്കാൻ ഞങ്ങൾക്ക്‌ അവസരം തന്നു. ഞാൻ ടോവിനോയുമായാണ് സംവദിച്ചത്.  പിപിഇ ഉപയോഗിക്കുന്നതിനും മറ്റും നല്ല പരിശീലനം ലഭിച്ചവരാണ്  ആശുപത്രികളിൽ ഉള്ളത്.  ഷൂ, ഗൗൺ, മൂന്ന് ഗ്ലൗസ്, ക്യാപ് തുടങ്ങി പിപിഇ ക്കുള്ളിലെ ജീവിതം കഠിനമായിരുന്നു. തളർന്നു പോകുന്നതു പോലെ തോന്നും. പാട്ടു പാടിയും മറ്റും എനർജി സ്വയം വീണ്ടെടുക്കും.  മാലാഖമാരെന്നും മറ്റുമുള്ള വിളിപ്പേരിന്  അർഹർ ആശുപത്രികളിലെ ക്ലീനിങ് സ്റ്റാഫാണ്. ദിവസം നാല്‌ നേരമാണ് രോഗികളുടെ മുറി ക്ലീനിങ് സൊലൂഷൻ ഉപയോഗിച്ച് വൃത്തിയാക്കുന്നത്.  നിഷ പറഞ്ഞു.