രാജ്യവ്യാപക അടച്ചിടല്‍ : പ്രസരിപ്പ് വീണ്ടെടുത്ത് പ്രകൃതി | malayoram news

ന്യൂഡൽഹി : രാജ്യവ്യാപക അടച്ചിടലില്‍ നാടും നഗരവും നിശ്‌ചലമായപ്പോള്‍ പ്രസരിപ്പ്‌ വീണ്ടെടുത്ത്‌ പ്രകൃതി. രണ്ടാഴ്ചയാകുമ്പോഴേക്കും മാറ്റം ദൃശ്യം. വായുമലിനീകരണം ഏറ്റവും രൂക്ഷമായ ഉത്തരേന്ത്യയിലിപ്പോള്‍ തെളിഞ്ഞ അന്തരീക്ഷം. ഡൽഹിയിൽ ആകാശത്തിന്റെ ചാരനിറം നീലവർണത്തിന് വഴിമാറി. പൊടിപടലം അടങ്ങിയതോടെ ഉത്തരേന്ത്യന്‍ ​ഗ്രാമപശ്ചാത്തലങ്ങളില്‍ ഹിമാലയം ദൃശ്യമായി. വ്യവസായ മാലിന്യത്താല്‍ കറുത്തിരുണ്ട ഗംഗയും യമുനയുമിപ്പോള്‍ ശുദ്ധജല പ്രവാഹങ്ങൾ. ആളും ആരവവും ഒഴിഞ്ഞപ്പോള്‍ നഗരവീഥികള്‍  സ്വന്തമാക്കി പക്ഷിമൃഗാദികള്‍.

ജലന്ദറിൽ നിന്നുള്ള ഹിമാലയത്തിന്റെ ദൂരക്കാഴ്‌ചയും. കോഴിക്കോട്‌ നഗരത്തിലൂടെ വെരുക്‌ നീങ്ങുന്നതും വയനാട്ടിലെ ചെറുപട്ടണത്തിലൂടെ ഒറ്റയാൻ ഇറങ്ങിയതും  സാമൂഹ്യമാധ്യമങ്ങളിൽ വലിയ തോതിൽ സ്വീകരിക്കപ്പെട്ടു. മുംബൈയിലെ തെരുവുകളിൽ മയിലുകൾ കൂട്ടമായി ഇറങ്ങി. ഡെറാഡൂണിലും ഋഷികേശിലും കാട്ടാനകൾ റോഡിലൂടെ നീങ്ങി. നോയിഡയിൽ നീൽഗായ്‌ എന്ന മാൻ വർഗത്തിൽപ്പെട്ട വലിയ മൃഗം ഭയമില്ലാതെ ദേശീയപാത മുറിച്ചുകടന്നു.

ഡൽഹിയിലടക്കം യമുന തെളിഞ്ഞൊഴുകുന്നു. ദുർഗന്ധത്തിനും കുറവ്‌ വന്നു. ഗംഗ ശുദ്ധമായി കാണപ്പെടുന്നത്‌ സാധാരണ ഹരിദ്വാർവരെ മാത്രമാണ്‌. ഇപ്പോള്‍ കാൺപ്പുരിലും അലഹബാദിലെ ത്രിവേണിയിലും വാരാണസിയിലുമൊക്കെ ഗംഗ സ്‌ഫടികപാളിപോലെ.