വരുന്നത്‌ മൺസൂൺ കാലം: ഇനി വേണ്ടത്‌ കൂടുതൽ ജാഗ്രതയും മുൻകരുതലുകളും! | Mansoon

തിരുവനന്തപുരം : കോവിഡ് 19 കാലത്ത് ലോകത്തെ പല വമ്പൻ രാജ്യങ്ങളും പകച്ച് നിന്നപ്പോൾ വളരെ കാര്യക്ഷമമായി മലയാളി അതിനെ നേരിട്ടു കൊണ്ടിരിക്കുന്നു. നിപയും പ്രളയവും ഒക്കെ കേരളത്തെ പിടിച്ചു കുലുക്കിയപ്പോഴും കേരള ജനതയുടെയും നിശ്ചയദാര്‍ഢ്യം കൈമുതലായുള്ള ഉദ്യോഗസ്ഥരുടെയും പിന്തുണ നമ്മളെ മുന്നോട്ടു തന്നെ വിജയകരമായി നയിച്ചു. എന്നാല്‍ സംസ്ഥാനത്തെ സംബന്ധിച്ച് വരാനിരിക്കുന്ന ഒരു പ്രതിസന്ധി ഒന്നര മാസം കഴിഞ്ഞെത്താനിരിക്കുന്ന മൺസൂൺ ആണ്. പനിയും മറ്റ് മഴക്കാല രോഗങ്ങളും പടരുവാൻ സാധ്യത ഉള്ളതുകൊണ്ട് രോഗികൾ ആശുപത്രികളിലേക്ക് ധാരാളമായി എത്തിയേക്കാം.

സാമൂഹിക അകലം പാലിക്കലാണ് കോവിഡ് വ്യപനം തടയാന്‍ ഏറ്റവും ഉചിതമായ മാര്‍ഗമെന്നു പറയുമ്പോഴും മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താതെ വീടുകളില്‍ തന്നെ കഴിയണമെന്നു പറയുമ്പോഴും വരാനിരിക്കുന്ന മണ്‍സൂണ്‍ കാലവും മഴക്കാലരോഗങ്ങളും വലിയ വെല്ലുവിളി തന്നെ ഉയര്‍ത്തിയേക്കാം. അസുഖങ്ങളുമായി ധാരാളം ആളുകള്‍ ആശുപത്രിയിലേക്ക് എത്തിയാല്‍ ഇക്കൂട്ടത്തിൽ കോവിഡ് ബാധ ഉള്ളവരെയും ഇല്ലാത്തവരേയും തിരിച്ചറിയുവാൻ പ്രയാസമാകും. ഇത് രോഗവ്യാപനത്തിന് ഇടവരുത്തും. ആവശ്യമായ മരുന്നുകളും വിതരണ സംവിധാനവും ഉറപ്പുവരുത്തുവാനും അവശ്യമെങ്കില്‍ വീടുകളിൽ ചികിത്സ എത്തിക്കുന്നതുള്‍പ്പെടെ പലതും ചെയ്യേണ്ടതായും വരും.

കഴിഞ്ഞ രണ്ടു വർഷം പ്രളയം നാശം വിതച്ച സംസ്ഥാനത്ത് ധാരാളം ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടി വന്നു. കൊറോണ ഭീതി നിലനിൽക്കുന്ന ഇത്തവണ അത്തരം സാഹചര്യം വന്നാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകും. ആരോഗ്യവകുപ്പുൾപ്പെടെ വിവിധ സർക്കാർ വിഭാഗങ്ങൾ ഇക്കാര്യങ്ങളിൽ മുന്നൊരുക്കം നടത്തേണ്ടതുണ്ട്. അതോടൊപ്പം ബോധപൂർവ്വം ആളുകളിൽ രോഗം പടർത്താൻ ശ്രമിക്കുന്ന സാമൂഹ്യ ദ്രോഹികൾ ഉത്തരം സന്ദർഭത്തെ ദുരുപയോഗം ചെയ്യാതിരിക്കാനായി കരുതൽ തടങ്കൽ ഉൾപ്പെടെ കർശന നടപടികളും വേണ്ടതായി വരും.

നിലവില്‍ വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും മരുന്നുകള്‍ വാങ്ങുന്നതിനും ആശുപത്രിയില്‍ പോകുന്നതിനുമെല്ലാം ഷീ ടാക്സി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 15 കിലോമീറ്റര്‍ ചുറ്റളവിലായിട്ടാണ് ആദ്യഘട്ട സേവനം ലഭ്യമാക്കുന്നത്. ഇത്തരത്തില്‍ മണ്‍സൂണ്‍ കാലത്തും രോഗികളെ ആശുപത്രികളില്‍ എത്തിക്കുന്നതിനും മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താത്ത രീതിയില്‍ പരിശോധനകള്‍ ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ ഉണ്ടാവേണ്ടതുണ്ട്. കോവിഡ് രോഗികള്‍ക്കായി പ്രത്യേക കോവിഡ് ആശുപത്രികളും ലാബുകളും എല്ലാം സജ്ജമാണ്.

ഈ സാഹചര്യത്തില്‍ മറ്റ് രോഗങ്ങള്‍ വരുന്നവരാണ് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത്. അസുഖങ്ങള്‍ വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ശ്രദ്ധചെലുത്താനും ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കുകയും വേണം. മഴക്കാലത്ത് കുട്ടികളെ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ആഹാരകാര്യത്തിലും ശ്രദ്ധിക്കണം. തണുത്തതും പഴകിയതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കി ചൂടോടു കൂടിയുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കണം. കേരളത്തിലെ കോവിഡ് 19 വ്യാപനം പരിശോധിച്ചാൽ അറിയാം വിദേശത്തു നിന്നും നിസാമുദ്ദീനിൽ നിന്നും മറ്റും വന്ന ചിലർ ജാഗ്രത പാലിക്കാതെ സമൂഹത്തിൽ ഇടപഴകിയില്ലായിരുന്നു എങ്കിൽ കേരളത്തിൽ ഇത്രയും കോവിഡ് കേസുകൾ ഉണ്ടാകുമായിരുന്നില്ല. കോവിഡ്- 19 സംബന്ധിച്ച് സർക്കാർ സംവിധാനങ്ങൾ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനിടയിലം ഇത്തരം സംഭവങ്ങൾ അതിനെ പുറകോട്ട് അടിക്കാതെ നോക്കണം.