വൻ സുരക്ഷാ വീഴ്‌ച; 'സൂം ' വീഡിയോകോൾ ദൃശ്യങ്ങൾ ചോരുന്നു, ജീവനക്കാരെ വിലക്കി വൻകിട കമ്പനികൾ | Massive security fall; 'Zoom App' leaks videocall footage, big companies blocking employees

കലിഫോർണിയ : സുരക്ഷാ വീഴ്‌ച ഉണ്ടായെന്ന റിപ്പോർട്ടിനെ തുടർന്ന്‌ സൂം വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ജീവനക്കാരെ വിലക്കി വന്‍കിട കമ്പനികള്‍. ഗൂഗിളിന് പിന്നാലെ ബ്രിട്ടീഷ് മള്‍ട്ടിനാഷണല്‍ ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേര്‍ഡും മീറ്റിങുകള്‍ക്കായി കോവിഡ് കാലത്ത് സൂം ആപ്ലിക്കേഷന്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശം ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ നടപടിയെന്ന് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വെര്‍ച്വല്‍ മീറ്റിങ്ങുകള്‍ക്കായി ആല്‍ഫബെറ്റ് ഇന്‍ക്‌ന്റെ ഗൂഗില്‍ ഹാങ്ഔട്ട് ആപ്ലിക്കേഷന്‍ ഉപയോഗിക്കരുതെന്നും സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേര്‍ഡ് സിഇഒ ബില്‍ വിന്റേര്‍സ് ജീവനക്കാര്‍ക്ക് അയച്ച നിര്‍ദേശത്തില്‍ പറയുന്നുണ്ട്. സൈബര്‍ സുരക്ഷയ്ക്കാണ് കമ്പനി മുന്‍തൂക്കം നല്‍കുന്നതെന്നും, മീറ്റിങ്ങുകള്‍ക്കും മറ്റുമായി ജീവനക്കാര്‍ക്ക് മറ്റ് അംഗീകൃത പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാമെന്നും സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേര്‍ഡ് വക്താവ് റോയിട്ടേര്‍സിനോട് പറഞ്ഞു.