തൊഴിലാളികളുടെ ദിവസം, വായനക്കാർക്ക് മെയ് ദിനാശംസകൾ | May Day Wishes

2020ലെ അന്താരാഷ്ട്ര തൊഴിലാളിവർഗ ഐക്യദാർഢ്യദിനമായ ഈ മെയ്‌ ദിനത്തിൽ, ഈ നൂറ്റാണ്ടിൽ മനുഷ്യരാശി കണ്ട വൻദുരന്തമായ കൊറോണ വൈറസ് നേരിടാൻ സ്വന്തം ജീവൻ തന്നെ അപകടപ്പെടുത്തി മുന്നണികളിൽ പ്രവർത്തിക്കുന്ന ലോകത്തെങ്ങുമുള്ള ആരോഗ്യപ്രവർത്തകരോടും ഡോക്ടർമാരോടും നേഴ്സുമാരോടും ജീവനക്കാരോടും ശുചീകരണത്തൊഴിലാളികളോടും സിഐടിയു നന്ദി പ്രകാശിപ്പിക്കുന്നു. ലോക്ക്ഡൗൺ കാലത്തും കുടിവെള്ളം, വൈദ്യുതി, പോർട്ട്, വാർത്താവിനിമയം, ധനം, പാൽ വിതരണം, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, ഔഷധങ്ങൾ തുടങ്ങി ദശലക്ഷക്കണക്കിനു മനുഷ്യരുടെ ജീവസന്ധാരണത്തിനു വേണ്ട അവശ്യസേവനങ്ങൾ നൽകുന്നതിനുമായി ത്യാഗസന്നദ്ധതയോടെ പ്രവർത്തിക്കുന്ന തൊഴിലാളിവർഗത്തിനോട് സിഐടിയു ഐക്യദാർഢ്യപ്പെടുന്നു. കർഷകർക്കും കർഷകത്തൊഴിലാളികൾക്കും എല്ലാ തൊഴിലാളികൾക്കും അധ്വാനിക്കുന്നവർക്കും ഈ ലോകത്തെ ചലിപ്പിച്ചുകൊണ്ടിരിക്കുന്നവരുമായ എല്ലാവർക്കും സിഐടിയു ഐക്യദാർഢ്യമേകുന്നു. കോവിഡ്–-19 മഹാവ്യാധിക്കടിപ്പെട്ട് ഉറ്റവരെ നഷ്ടപ്പെട്ട ദശലക്ഷക്കണക്കിനു മനുഷ്യരുടെ ദുഃഖത്തിൽ സിഐടിയു പങ്കുചേരുന്നു, മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. രോഗത്തിനടിപ്പെട്ടവരും മാറ്റിനിർത്തപ്പെടുന്നവരുമായ ദശകോടികളോട് സിഐടിയു ഐക്യദാർഢ്യപ്പെടുന്നു.

മറ്റനേക കോടികളുണ്ട്, ആശങ്കയിലും ഭീതിയിലും കഴിയുന്നവർ. വൈറസിനെക്കുറിച്ചുള്ള ആശങ്കയും ഭീതിയും മാത്രമല്ല, ജോലിയും ജീവനോപാധികളും നഷ്ടപ്പെട്ടതിന്റെയും അത് നാളെ നഷ്ടപ്പെടുമെന്നുള്ളതിന്റെയും ആശങ്കയും ഭീതിയും പേറുന്നവർ. അവരോട് സിഐടിയു ഐക്യദാർഢ്യപ്പെടുന്നു. ഈ മെയ്‌ ദിനത്തിൽ സിഐടിയു ഊന്നിപ്പറയുന്നത്, നിലനിൽക്കുന്ന ആഗോള സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനുള്ള ഏകമാർഗം  തൊഴിലാളികളുടെയും അധ്വാനിക്കുന്ന മുഴുവൻ വിഭാഗങ്ങളുടെയും ഐക്യം കെട്ടിപ്പടുക്കുക മാത്രമാണ്.

 

തൊഴിലാളികൾക്കിടയിൽ പടുത്തുയർത്തിക്കൊണ്ടിരിക്കുന്ന മതത്തിന്റെയും വംശത്തിന്റെയും പ്രാദേശികതയുടെയും ജാതിയുടെയും ഭാഷയുടെയും ലിംഗഭേദത്തിന്റെയും മതിലുകൾ തകർത്തെറിഞ്ഞു മാത്രമേ പ്രതിസന്ധിയെ അതിജീവിക്കാൻ വേണ്ട ഐക്യം നേടാനാകൂ. ലോകത്തിന്റെ മനുഷ്യത്വവിരുദ്ധമായ കാടൻ സ്വഭാവത്തെ തുറന്നുകാട്ടിയിരിക്കുകയാണ് കോവിഡ് –-19. കോവിഡ്‌ വെല്ലുവിളി നേരിടാനും അതിനെ ചെറുത്തുതോൽപ്പിക്കാനും മനുഷ്യജീവനുകൾ രക്ഷിക്കാനുമായി ശാസ്ത്ര സാങ്കേതിക വിജ്ഞാനവും ധനവിഭവങ്ങളും മാനവശേഷിയും സമാഹരിച്ചുള്ള യോജിച്ച പോരാട്ടമാണ് വേണ്ടത്. കോടിക്കണക്കിനാളുകൾ ഭീഷണിയിലാണ്. ലോക്ക്ഡൗൺ കാരണം കോടിക്കണക്കിനാളുകൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ആ കുടുംബങ്ങൾ പട്ടിണിയിലേക്ക് നീങ്ങുകയാണ്. വൻതോതിൽ തൊഴിലാളികളെ പിരിച്ചുവിട്ടും കൂലി വെട്ടിക്കുറച്ചും ബോണസ് നിഷേധിച്ചും തൊഴിൽ സമയം വർധിപ്പിച്ചും തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുകയാണ്. കോർപറേറ്റ് നേതൃത്വത്തിലുള്ള സർക്കാരുകൾ ഭരിക്കുന്ന രാജ്യങ്ങൾ ഈ സാഹചര്യം മുതലെടുത്ത് തൊഴിൽനിയമങ്ങൾ ഭേദഗതി ചെയ്തും തൊഴിൽനിയമങ്ങളുടെ നിയമവിരുദ്ധലംഘനങ്ങളെ സാധൂകരിച്ചും ജനാധിപത്യാവകാശങ്ങൾ അടിച്ചമർത്തുകയാണ്. ലോക നായകനെന്ന് അഹങ്കരിക്കുന്ന അമേരിക്കയ്‌ക്ക് സ്വന്തം പൗരന്മാരെപ്പോലും സംരക്ഷിക്കാനാകുന്നില്ല. ശാസ്ത്ര സാങ്കേതികവിദ്യയിൽ എത്രമാത്രം മുന്നേറിയിട്ടും അതിനു കഴിയാത്തതിനു കാരണം അതിന്റെ നയങ്ങളാണ്.  അതുകൊണ്ടാണ് കൊറോണ ബാധിതരുടെ എണ്ണത്തിൽ അമേരിക്ക ഒന്നാം സ്ഥാനത്തെത്തുന്നത്.

ലോകത്തെവിടെയുമുള്ള അധ്വാനിക്കുന്ന ജനങ്ങളോട് ഐക്യദാർഢ്യപ്പെടുന്നത് തൊഴിലാളികളും തൊഴിലാളിവർഗ സർക്കാരുകളും സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളും മാത്രമാണ്. കൊറോണ മഹാവ്യാധിയുടെ മധ്യത്തിൽ ഐക്യമാണാവശ്യം. ആ ഐക്യമാകട്ടെ, മുഴുവൻ അധ്വാനിക്കുന്നവരുടെയും ഐക്യമാണ്, അതാകട്ടെ മനുഷ്യജീവനെയും ജീവനോപാധികളെയും ലാഭത്തിനായുള്ള ഒടുങ്ങാത്ത അത്യാർത്തിയോടെ കച്ചവടം ചെയ്യാൻ മടിക്കാത്ത അക്രമാസക്തമായ ചൂഷണവ്യവസ്ഥയ്‌ക്കെതിരെയുള്ള ഐക്യനിരയാണ്.

 

എല്ലാ പ്രതിസന്ധികളിലും അടിയന്തരഘട്ടങ്ങളിലും അവസരത്തിനൊത്തുയർന്ന് രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കാനെത്തുക ഏറ്റവുമേറെ അപവാദം ചൊരിയപ്പെട്ട പൊതുമേഖല മാത്രമാണ്. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയിലും ഇത് പ്രകടമായതാണ്. അന്നും രക്ഷയ്‌ക്കെത്തിയത് പൊതുമേഖലാ ബാങ്കുകളും ധനസ്ഥാപനങ്ങളുമാണ്. സ്വാതന്ത്ര്യത്തിനുശേഷമുള്ള ഒരു നീണ്ട കാലമത്രയും ബഹുരാഷ്ട്ര കുത്തക ഔഷധക്കമ്പനികളുടെ ആധിപത്യത്തിനു തടയിട്ട് ഇന്ത്യൻ ജനതയ്‌ക്ക് ചുരുങ്ങിയ ചെലവിൽ മരുന്നു ലഭ്യത ഉറപ്പാക്കിയത് നമ്മുടെ പൊതുമേഖലാ മരുന്നു കമ്പനികളാണ്. വൈറസിനെ ചെറുക്കാനും ജീവനുകൾ രക്ഷിക്കാനുമായി 24 മണിക്കൂറും അവിശ്രമം പണിയെടുക്കുന്നത് പൊതുമേഖലാ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകരാണ്. അതേയവസരം സ്വകാര്യ കോർപറേറ്റ് ആശുപത്രികൾ ഈ സാഹചര്യം മുതലെടുത്ത് വൻലാഭം സമാഹരിക്കാനുള്ള ശ്രമത്തിലാണ്.

ഇന്ത്യയിലും ഇതാണ് സ്ഥിതി. പൊതുജനാരോഗ്യത്തിനായി സർക്കാർ ചെലവാക്കുന്നത് ജിഡിപിയുടെ ഒരു ശതമാനം മാത്രമാണ്. ആരോഗ്യമേഖലയിലാണ് ഇന്ത്യയിൽ സ്വകാര്യവൽക്കരണം ഏറ്റവും കൂടുതലായി നടന്നത്. സ്വാഭാവികമായും നമ്മുടെ ആരോഗ്യസംവിധാനത്തിന് ഇന്നത്തെ കൊറോണ മഹാവ്യാധി ചെറുക്കുന്നതിനു വേണ്ട കാര്യങ്ങൾ ഒരുക്കാനാകില്ല. നമ്മുടെ ഡോക്ടർമാരും നേഴ്സുമാരും പാരാ മെഡിക്കൽ ജീവനക്കാരും ശുചീകരണത്തൊഴിലാളികളുമെല്ലാം ആവശ്യത്തിനു വേണ്ട സുരക്ഷാസംവിധാനങ്ങൾ ഇല്ലാതെ ജീവൻ പണയപ്പെടുത്തിയാണ് ജോലി ചെയ്യുന്നത്. ഇതിനിടയിൽ കൊറോണ ബാധിച്ച്  ഒട്ടനവധി ഡോക്ടർമാരും നേഴ്സുമാരും മരണമടയുകയുണ്ടായി. പക്ഷേ, കേരളം ഇതിന് ഒരപവാദമാണ്. കൊറോണ ചൈനയിൽ മാത്രം വ്യാപിച്ചിരുന്ന ഘട്ടത്തിൽത്തന്നെ വേണ്ട മുൻകരുതലെടുക്കാൻ കേരള സർക്കാർ തയ്യാറായി.

എന്നാൽ, കേന്ദ്ര സർക്കാരാകട്ടെ, തൊഴിലാളികൾ ,വിശേഷിച്ചും അസംഘടിതമേഖലയിൽ പണിയെടുക്കുന്നവർ തൊഴിലും കൂലിയും വരുമാനവും നഷ്ടപ്പെട്ട് ഉഴലുമ്പോൾ അവരെ അടിമകളാക്കി മാറ്റുന്നതിനു പറ്റിയ തൊഴിൽ നിയമ ഭേദഗതികൾ തിരക്കിട്ട് പാസാക്കാനാണ് ശ്രമിക്കുന്നത്. ഗുജറാത്ത് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ്‌  ഇൻഡസ്ട്രിയുടെ ആവശ്യം ഒരു വർഷക്കാലത്തേക്കെങ്കിലും പുതിയ യൂണിയനുകൾ രൂപവൽക്കരിക്കുന്നത് വേണ്ടെന്നുവയ്‌ക്കണം എന്നാണ്. പിഎഫ്, ഇഎസ്ഐ വിഹിതം അടയ്ക്കുന്നതിൽനിന്ന് ഇളവ് വേണമെന്നാണ്. കരാർ തൊഴിലാളികളുടെ കൂലി ദേശീയ തൊഴിലുറപ്പു പദ്ധതിത്തൊഴിലാളികൾക്ക് നൽകുന്ന 202 രൂപയാക്കി നിജപ്പെടുത്തണമെന്നാണ്. എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സതേൺ ഇന്ത്യ ആവശ്യപ്പെടുന്നത് തൊഴിൽസമയം 12 മണിക്കൂറാക്കി വർധിപ്പിക്കണമെന്നാണ്. ഫാക്ടറീസ് ആക്ട് ഭേദഗതി ചെയ്ത് തൊഴിൽ സമയം 12 മണിക്കൂറാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായാണ് വാർത്തകൾ.

 

ഈ ആപൽക്കാലത്ത് തൊഴിലാളിവർഗത്തിന്റെ ഐക്യദാർഢ്യം പ്രകടമാകുന്നുണ്ട്. വിഷമം അനുഭവിക്കുന്ന തൊഴിലാളികൾക്കും അതിഥിത്തൊഴിലാളികൾക്കും തൊഴിലും വരുമാനവും നഷ്ടപ്പെട്ടവർക്കും വീടുകളിൽനിന്ന് അകന്ന് മറ്റിടങ്ങളിൽ കുടുങ്ങിപ്പോയവർക്കും സഹായഹസ്തവുമായി  പ്രവർത്തിക്കുകയായിരുന്നു തൊഴിലാളികളും ദരിദ്ര കർഷകരും മറ്റു പുരോഗമനശക്തികളും. തങ്ങളുടെ സഹോദരങ്ങൾക്കൊപ്പം നിന്ന് തങ്ങളാലാകുന്ന സഹായങ്ങളൊരുക്കി വൻസേവനം നടത്തിയ കമ്മിറ്റികളെയും പ്രവർത്തകരെയും അംഗങ്ങളെയും ചൊല്ലി സിഐടിയു അഭിമാനംകൊള്ളുന്നു.

നവ ലിബറൽ മുതലാളിത്ത വ്യവസ്ഥയുടെ പ്രതിസന്ധി പെരുകുന്നതിന്റെ നടുക്ക്, കൊറോണ അതിനെ ഒന്നുകൂടി മൂർച്ഛിപ്പിച്ചിരിക്കെ, ഭരണവർഗം കുറെക്കൂടി ക്രൂരവും അക്രമാസക്തവുമാകാനാണ് പോകുന്നത്. അത് പണിയെടുക്കുന്നവരുടെ ജീവിക്കാനും ജീവനോപാധികൾ നേടാനുമുള്ള അവകാശത്തിനുനേരെ തന്നെ കടന്നാക്രമണം നടത്തും.

ഉടമ വർഗത്തിന് അനുകൂലമായി തൊഴിലും തൊഴിൽ ബന്ധങ്ങളും ഘടനാപരമായി പുതുക്കിപ്പണിയാനാണ് പോകുന്നത്. തൊഴിലാളിവർഗ പ്രസ്ഥാനത്തിന് ഇത്‌ അംഗീകരിച്ചുകൊടുക്കാനാകില്ല. അത്തരമൊരു സന്ദർഭത്തിൽ, കൃത്യവും വ്യക്തവുമായ ശരിയായ ധാരണ ഉണ്ടാകേണ്ടതുണ്ട്. സിഐടിയുവിന്റെ 16–-ാം സമ്മേളനം പ്രഖ്യാപിച്ചതുപോലെ, "തൊഴിലാളിവർഗപ്രസ്ഥാനം ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്.-- എതിർപ്പിന്റെയും ചെറുത്തുനിൽപ്പിന്റെയും.’ 2020ലെ മെയ്‌ ദിനാചരണം സ്വയം തയ്യാറെടുപ്പിന്റെ പ്രതിജ്ഞയെടുക്കാം.  പോരാട്ടങ്ങൾ ഏറ്റെടുക്കാൻ സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ട് മുഴുവൻ തൊഴിലാളിവർഗത്തെയും ഒന്നിപ്പിക്കാം.

ഉടമ വർഗം നടത്തിക്കൊണ്ടിരിക്കുന്ന ഹീനമായ കൗശലപദ്ധതികളെ തുറന്നുകാട്ടാൻ തൊഴിലാളിവർഗത്തിനു കിട്ടിയ അവസരമാണിത്. ആര് ആർക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് വ്യക്തമാക്കാനുള്ള സന്ദർഭമാണിത്. ഈ മെയ് ദിനവും സഖാവ് ലെനിന്റെ 150–--ാം ജന്മവാർഷികവും ഒത്തുവന്നിരിക്കുകയാണ്. ഈ മെയ് ദിനത്തിൽ ഇന്ത്യയിലും ലോകത്തെങ്ങുമുള്ള മുഴുവൻ തൊഴിലാളികളോടും മറ്റധ്വാനിക്കുന്നവരോടും സിഐടിയു അഭ്യർഥിക്കുന്നത് വൈറസിനെതിരെ പോരാടാൻ ഒന്നിച്ച്‌ അണിനിരക്കണമെന്നാണ്. സുരക്ഷിതരായിരിക്കണമെന്നും സ്വന്തം ആരോഗ്യംകൂടി നോക്കണമെന്നുമാണ്. സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം മുഴുവൻ തൊഴിലാളികൾക്കുമേൽ അടിച്ചേൽപ്പിക്കാനായുള്ള കൗശലങ്ങളെയും ഗൂഢാലോചനകളെയും എതിർത്തു തോൽപ്പിക്കാൻ ഒന്നിച്ചുനിൽക്കുക. തൊഴിലാളികളെ പാപ്പരാക്കാനും അവർ പൊരുതി നേടിയ അവകാശങ്ങളത്രയും കവർന്നെടുക്കാനും അധ്വാനിക്കുന്ന മറ്റിതര വിഭാഗങ്ങളും ഉൽപ്പാദിപ്പിച്ചുണ്ടാക്കിയ വൻകിട കോർപറേറ്റുകളുടെ സമ്പത്തും ലാഭവും സംരക്ഷിച്ചു നിർത്താനുമുള്ള പരിശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കാൻ ഒന്നിക്കുക. തൊഴിലാളിവർഗ ഐക്യവും അധ്വാനിക്കുന്ന ജനങ്ങളുമായുള്ള  ഐക്യവും തകർത്തെറിയാൻ അവരെ മതത്തിന്റെയും വംശത്തിന്റെയും ജാതിയുടെയും ലിംഗത്തിന്റെയുമൊക്കെ പേരിൽ ഭിന്നിപ്പിക്കാനുമുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്തുതോൽപ്പിക്കാൻ ഒന്നിക്കുക.

മെയ്‌ ദിനം നീണാൾ വാഴട്ടെ.
തൊഴിലാളിവർഗ ഐക്യം നീണാൾ വാഴട്ടെ.
തൊഴിലാളി കർഷകഐക്യം നീണാൾ വാഴട്ടെ.
സോഷ്യലിസം വളരട്ടെ.
മുതലാളിത്തം തുലയട്ടെ.