ഇന്ന് കേരളത്തിന് ജന്മദിനം... എല്ലാ മലയാളികൾക്കും മലയോരം ന്യൂസിന്റെ കേരളപ്പിറവി ആശംസകൾ.. അറിയാം കേരളം കേരളമായ നാൾവഴികൾ...

ഇന്ന് കേരളം 64-ാം ജന്‍മദിനം ആഘോഷിക്കുന്നു. ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ എന്നിങ്ങനെ മലയാളം പ്രധാന ഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിനാണ് കേരളം എന്ന സംസ്ഥാനം രൂപീകരിച്ചത്. അങ്ങനെ നവംബര്‍ ഒന്ന് കേരളപ്പിറവി ദിനമായി ആഘോഷിച്ചുവരുന്നു.

കാടും മലയും കടലുമൊക്കെയായി എല്ലാത്തരം ഭൂപ്രകൃതിയും കൊണ്ട് അനുഗ്രഹീതമായ നാടാണ് ഇന്ത്യയുടെ തെക്കു പടിഞ്ഞാറു കിടക്കുന്ന കൊച്ചു കേരളം. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ചരിത്രാതീത കാലം മുതല്‍ക്കേ ലോകശ്രദ്ധ നേടിയതാണ്. തലവര മാറ്റിക്കുറിച്ച ഒട്ടേറെ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നാടുകൂടിയാണിത്. പോരാട്ടങ്ങളുടെ നിരവധി കഥകളും കേരളത്തിന് പറയാനുണ്ട്.

നാട്ടുരാജ്യങ്ങള്‍ കൈയ്യടക്കിയ കാലം

തിരുവിതാംകൂറും കൊച്ചിയും പണ്ടുകാലം മുതല്‍ക്കേ നാട്ടുരാജാക്കന്മാരുടെ അധീനതയിലായിരുന്നു. എന്നാല്‍ മലബാര്‍, സാമൂതിരിയുടെ ഭരണകാലത്തിനുശേഷം ബ്രിട്ടീഷുകാര്‍ കൈയ്യടക്കി. മലബാര്‍ പിടിച്ചടക്കിയതിനു ശേഷം കൊച്ചിയും തിരുവിതാംകൂറും അധീനതയിലാക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി സന്ധിചെയ്തും കപ്പം കൊടുത്തുമാണ് കൊച്ചിയും തിരുവിതാംകൂറും അന്ന് നിലനിന്നത്.

തിരുവിതാംകൂറിന്റെ ശക്തി

കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ മറ്റു പല നാട്ടുരാജ്യങ്ങളുടെ അവസ്ഥ ഇതുതന്നെയായിരുന്നു. വേണാട് എന്ന ചെറുരാജ്യത്തിന്റെ ഭരണത്തലവനായിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അക്കാലത്ത് കൊച്ചി വരെയുള്ള ചെറുരാജ്യങ്ങളെയെല്ലാം ചേര്‍ത്ത് തിരുവിതാംകൂറിനെ ശക്തമായ വലിയ രാജ്യമാക്കിത്തീര്‍ത്തിരുന്നു. മാര്‍ത്താണ്ഡവര്‍മ്മയുടെ ശക്തിക്കുമുന്നില്‍ കീഴ്‌പ്പെട്ട് കൊച്ചിരാജാവ് സന്ധിക്കൊരുങ്ങുകയും അങ്ങനെ കൊച്ചിയെ തിരുവിതാംകൂറിനോടു ചേര്‍ക്കാതെ നിലനിര്‍ത്തുകയും ചെയ്തു.

സ്വാതന്ത്ര്യത്തിലേക്ക്

ഭാരതത്തിലെ നാട്ടുരാജാക്കന്മാരുടെ പരസ്പര വിദ്വേഷങ്ങളും കലഹങ്ങളും മുതലെടുത്താണ് ബ്രീട്ടീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനി ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചത്. കാലക്രമേണ കമ്പനിയുടെ കൈകളില്‍ നിന്ന് രാജ്യഭരണം ബ്രിട്ടീഷ് ഭരണകൂടം നേരിട്ട് ഏറ്റെടുത്തു. നിരവധി പോരാട്ടങ്ങള്‍ക്കും ലഹളകള്‍ക്കും സമരങ്ങള്‍ക്കും ഒടുവിലാണ് 1947 ല്‍ ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യ സ്വതന്ത്ര്യയായത്.

നാട്ടുരാജ്യങ്ങളുടെ സംയോജനം

എന്നാല്‍, സ്വാതന്ത്ര്യം നേടിയ ശേഷമുള്ള സര്‍ക്കാരിന്റെ ആദ്യ വെല്ലുവിളി നാട്ടുരാജ്യങ്ങളെ ഒന്നിപ്പിക്കുക എന്നതായിരുന്നു. നിരവധി മഹാരഥന്‍മാരായ ഭരണകര്‍ത്താക്കളുടെ അന്നത്തെ പരിശ്രമങ്ങളാണ് പിന്നീട് നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച് ഇന്ത്യ എന്ന മഹാരാഷ്ട്രത്തിന് ലോകത്തിന്റെ മുന്നില്‍ വ്യക്തമായ സ്ഥാനം നല്‍കിയത്.

സംസ്ഥാന രൂപീകരണം

1956 നവംബര്‍ 1ന് ആന്ധ്രപ്രദേശ്, തമിഴ്‌നാട്, മദ്ധ്യപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളവും ഭാഷാ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ടു. സ്വാതന്ത്ര്യലബ്ദിക്കുശേഷവും മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിവ അപ്പോഴും മൂന്നു പ്രദേശങ്ങളായിത്തന്നെ തുടര്‍ന്നിരുന്നു. ഈ മൂന്നു ദേശങ്ങളും ചേര്‍ത്ത് കേരളസംസ്ഥാനം രൂപീകരിക്കണമെന്ന രാജ്യസ്‌നേഹികളുടെ ആവശ്യങ്ങളുടെ ഫലമായി തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങളാണ് ആദ്യം ലയിപ്പിക്കപ്പെട്ടത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ നാട്ടുരാജ്യ സംയോജന നിയമമനുസരിച്ച് തിരുവിതാംകൂര്‍-കൊച്ചി രാജ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് 1949 ജൂലായ് 1ന് തിരുകൊച്ചി സംസ്ഥാനം രൂപീകരിച്ചു.

ഐക്യകേരളം

ഐക്യകേരളത്തിന്റെ പിറവിയിലേക്കുള്ള ആദ്യ ചുവടുവയ്പ്പായിരുന്നു അത്. അതിനുശേഷം 1956 ലാണ് മലബാര്‍ പ്രദേശം കൂടി കൂട്ടിച്ചേര്‍ത്ത് കേരളസംസ്ഥാനം രൂപീകരിക്കപ്പെട്ടത്. എന്നാല്‍, കേരളത്തിന്റെ വടക്കുഭാഗത്തുനിന്ന് കന്നട ഭാഷ സംസാരിക്കുന്ന പ്രദേശമായ കുടകും തിരുവിതാംകൂറിന്റെ ഹൃദയഭാഗമായിരുന്ന കന്യാകുമാരി ജില്ലയും കേരളത്തിനു നഷ്ടപ്പെട്ടു.

ജില്ലകളുടെ ജനനം

തുടക്കത്തില്‍ കേവലം അഞ്ച് ജില്ലകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂര്‍, മലബാര്‍ എന്നിവയായിരുന്നു അവ. 1957ല്‍ മലബാറിനെ വിഭജിച്ച് പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ മൂന്നു ജില്ലകളാക്കി. ഇതേ വര്‍ഷം തന്നെ ഓഗസ്റ്റില്‍ കോട്ടയം, കൊല്ലം ജില്ലകളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ആലപ്പുഴ രൂപീകരിച്ചു. 1958 ഏപ്രില്‍ 1ന് എറണാകുളവും 1969ല്‍ മലപ്പുറവും 1972ല്‍ ഇടുക്കിയും 1980ല്‍ വയനാടും 1982ല്‍ പത്തനംതിട്ടയും ജില്ലകളായി നിലവില്‍ വന്നു. കേരളത്തിലെ 14ാമത്തെ ജില്ലയായി കാസര്‍കോട് പിറവിയെടുത്തത് 1984 മെയ് 24ന് ആയിരുന്നു.