ഇന്ന് (09 മെയ് 2020) രണ്ട് കോവിഡ്‌-19 പോസിറ്റിവ് കേസുകൾ. ഇരുവരും കഴിഞ്ഞദിവസം വിദേശത്ത് നിന്ന് വന്നവര്‍; രോഗമുക്തി ഒരാള്‍ക്ക്

ബാങ്കുകള്‍ എല്ലാ ജപ്തി നടപടികളും നിര്‍ത്തിവയ്ക്കണം; പുസ്തകക്കടകള്‍ തുറക്കുന്നത് പരിഗണനയില്‍: മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

രോഗം സ്ഥിരീകരിച്ച രണ്ടു പേരും കഴിഞ്ഞദിവസം വിദേശത്ത് നിന്നും വന്നവരാണ്. ഒരാള്‍ കോഴിക്കോടും അടുത്തയാള്‍ കൊച്ചിയിലും ചികിത്സയിലാണ്. ഏഴാം തീയതി ദുബായില്‍ നിന്നും കോഴിക്കോടേക്ക് വന്ന വിമാനത്തിലും അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലും ഉണ്ടായിരുന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ഇടുക്കിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ ഇന്ന് രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് നിലവില്‍ 17 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. 23,930 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 23,596 പേര്‍ വീടുകളിലും 334 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇടപെടലും പ്രതിരോധവും കൂടുതല്‍ ശക്തിപ്പെടുത്തണമെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്ത് നിന്നും മറ്റ് സംസ്ഥാനത്ത് നിന്ന് വരുന്നവരും അവര്‍ക്ക് വേണ്ടിയുള്ള സുരക്ഷാ സംവിധാനങ്ങളും ജാഗ്രതയോടെ തുടരണം. പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള തയ്യാറെടുപ്പാണ് സര്‍ക്കാര്‍ നടത്തുന്നത്. കേന്ദ്ര സര്‍ക്കാരുമായി നിരന്തരണം ആശയവിനിമയം നടത്തിയാണ് മുന്നോട്ട് പോകുന്നത്.

വിദേശത്ത് നിന്ന് വരുന്നവരുടെ മുന്‍ഗണനാ ക്രമം തയ്യാറാക്കുന്നതും മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുന്നതും യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതും ചിലവീടാക്കുന്നതും കേന്ദ്രസര്‍ക്കാരാണ്. നാട്ടിലെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംസ്ഥാനമാണ്. കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി സൗകര്യം ഒരുക്കാന്‍ ജില്ലകളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

പ്രവാസികളെ വിമാനത്താവളത്തിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം കെഎസ്ആര്‍ടിസി ബസില്‍ പ്രത്യേക കേന്ദ്രത്തില്‍ എത്തിക്കുന്നുണ്ട്. ഓരോ കേന്ദ്രത്തിലും ഒരു ഡോക്ടര്‍ വീതം വൈദ്യ സഹായം ഉണ്ട്. ഇവയുടെ നടത്തിപ്പ് ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. മേല്‍നോട്ടത്തിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും നിയമിച്ചിട്ടുണ്ട്. ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ഏപ്രില്‍ ഒന്ന് മുതല്‍ 13.45 കോടി അനുവദിച്ചു.

രോഗികളെ ചികിത്സിക്കാന്‍ 207 സര്‍ക്കാര്‍ ആശുപത്രികളും 125 സ്വകാര്യ ആശുപത്രികളും ഒരുക്കിയിട്ടുണ്ട്. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ 25 ആശുപത്രികള്‍ കൊവിഡ് ആശുപത്രിയാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.