കോവിഡ്‌-19, സംസ്ഥാനത്ത് ഇന്ന്(19 മെയ് 2020) 12 പേര്‍ക്ക് കൊവിഡ്; ഇന്ന് പോസിറ്റിവ് ആയവർ കേരളത്തിന് പുറത്ത് നിന്നും വന്നവർ; സമൂഹവ്യാപനമില്ല, പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കണ്ണൂരില്‍ 5, മലപ്പുറത്ത് 3, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

എല്ലാവരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. നാലു പേര്‍ വിദേശത്ത് നിന്നും എട്ടു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇതില്‍ ആറ് പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവരാണ്. മറ്റു രണ്ടുപേര്‍ ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുമാണ് കേരളത്തിലെത്തിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് ആരുടേയും പരിശോധന ഫലം നെഗറ്റീവ് ആയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് നിലവില്‍ 142 പേര്‍ ചികിത്സയിലുണ്ട്. 72,000 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 71,545 പേരും ആശുപത്രികളില്‍ 455 പേരും നിരീക്ഷണത്തിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നിലവില്‍ 33 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂരില്‍ പാനൂര്‍ മുന്‍സിപ്പാലിറ്റി, ചൊക്ലി, മയില്‍ പഞ്ചായത്തുകള്‍, കോട്ടയത്തെ കോരുത്തോട് പഞ്ചായത്ത് എന്നിവ പുതിയ ഹോട്ട് സ്‌പോട്ടുകളാണ്. കണ്ടൈന്‍മെന്റ് സോണുകളുടെ നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്ക് ദ ചെയിന്‍, ക്വാറന്റൈന്‍, റിവേഴ്‌സ് ക്വാറന്റൈന്‍ എന്നിവ കൂടുതല്‍ ശക്തമായി തുടരേണ്ടതുണ്ട്. വര്‍ധിക്കുന്ന കേസുകള്‍ അതിന്റെ സൂചനയാണ് നല്‍കുന്നത്. കേരളം പുതിയ രോഗികളുടെ എണ്ണം വര്‍ധിക്കാതെ പിടിച്ചു നിന്നിരുന്നു. വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ എത്തി തുടങ്ങിയപ്പോള്‍ പ്രതീക്ഷിച്ച പോലെ രോഗികളുടെ എണ്ണം വര്‍ധിച്ചു.

അടുത്ത ഘട്ടം സമ്പര്‍ക്കം വഴിയുള്ള വ്യാപനമാണ്. എന്നാല്‍ ഇതുവരെ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരുടെ എണ്ണം പരിമിതമാണ്. അതിനാല്‍ തന്നെ ഭയപ്പെടേണ്ടത് സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനമാണ്. കുട്ടികള്‍, പ്രായമായവര്‍, മറ്റു അസുഖങ്ങളുള്ളവര്‍ എന്നിവരെ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നത് രോഗവ്യാപനം എത്രത്തോളമുണ്ടെന്ന് അറിയാനാണ്.

ഇതുവരെ മുന്‍ഗണനാ വിഭാഗത്തിലുള്ള 5630 സാംപിളുകള്‍ ശേഖരിച്ചു പരിേേശാധിച്ചു. ഇതുവരെ നാല് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനര്‍ത്ഥം കൊവിഡിന്റെ സമൂഹവ്യാപനം കേരളത്തിലുണ്ടായിട്ടില്ല എന്നതാണ്. ശാരീരിക അകലം പാലിക്കുക, ആവര്‍ത്തിച്ചു കൈ വൃത്തിയാക്കുക, എന്നിവ നടപ്പാക്കുന്നതിലും ക്വാറന്റൈന്‍ കൃതൃമായി പാലിക്കുന്നതിലും സംസ്ഥാനം മുന്നിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

74,426 പേരാണ് ഇതുവരെ കര, വ്യോമ, നാവിക മാര്‍ഗ്ഗങ്ങളിലൂടെ കൊവിഡ് പാസുമായി എത്തിയത്. ഇവരില്‍ 44,712 പേര്‍ റെഡ് സോണ്‍ ജില്ലകളില്‍ നിന്നുല്ലവരാണ്. 66,239 പേരാണ് റോഡ് മാര്‍ഗം വന്നത്. ഇതില്‍ 46 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വിമാനത്തില്‍ വന്നവരില്‍ 53 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. കപ്പല്‍ മാര്‍ഗം വന്ന ആറ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതുവരെ 26 വിമാനങ്ങളിലും മൂന്ന് കപ്പലുകളിലുമായാണ് ഇത്രയും ആളുകള്‍ എത്തിയത്. 6,054 പേരില്‍ 3,305 പേരെ സര്‍ക്കാര്‍ വക ക്വാറന്റൈന്‍ിലാക്കി. ഹോം ഐസൊലേഷനില്‍ 2,749 പേരെ മാറ്റി. 123 പേരെ ആശുപത്രിയിലുമാക്കി. ഇത്തരത്തില്‍ നമ്മുടെ സഹോദരങ്ങള്‍ തുടര്‍ച്ചയായി എത്തിയപ്പോള്‍ രോഗപ്രതിരോധപ്രവര്‍ത്തനങ്ങളും ശക്തമാക്കണമെന്നും മുഖമന്ത്രി പറഞ്ഞു.