ഇത് കാര്യക്ഷമതയുടെ വിജയം, വിദ്യാഭ്യാസ വകുപ്പിന് മറ്റൊരു പൊൻതൂവൽ കൂടി ; കോവിഡ്‌-19 കാലത്തെ പരീക്ഷയുടെ ഊർജ്ജവുമായി അവർ പടിയിറങ്ങി.

കണ്ണൂർ : പരീക്ഷയെ ചുറ്റിപ്പറ്റിയുണ്ടായിരുന്ന എല്ലാ സമ്മർദങ്ങളും ഇറക്കിവച്ച്‌ അവർ സ്‌കൂളിന്റെ പടിയിറങ്ങി. ചില കൂട്ടുകാരെയെങ്കിലും ഇനി കാണില്ലെന്നറിഞ്ഞിട്ടും കൂട്ടംചേർന്നുള്ള വർത്തമാനങ്ങൾക്കോ സൗഹൃദം പങ്കിടലുകൾക്കോ തുനിഞ്ഞില്ല. അധ്യാപകരുടെ നിർദേശപ്രകാരം കൃത്യമായ സാമൂഹ്യ അകലം പാലിച്ച്‌ സ്‌കൂളിന്‌ പുറത്തേക്ക്‌ കടന്നു. കോവിഡ്‌ ജാഗ്രതയിൽ മാറ്റിവച്ച എസ്‌എസ്‌എൽസി പരീക്ഷകൾ വ്യാഴാഴ്‌ച പൂർത്തിയായി. 
ഒരു പരാതിപോലുമില്ലാതെ ഭംഗിയായി പരീക്ഷ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന്‌ സാധിച്ചു. ജില്ലാ ഭരണസംവിധാനവും തദ്ദേശസ്ഥാപനങ്ങളും പിടിഎയും ആരോഗ്യവകുപ്പും പൊലീസും ഒരുക്കിയ മുൻകരുതലിൽ ആദ്യദിനംതന്നെ ആശങ്കകൾ ഒഴിഞ്ഞു. 


33,722 പേരാണ് വ്യാഴാഴ്‌ച എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. 56 പേർ മറ്റ് ജില്ലകളില്‍നിന്ന്‌ സെന്റര്‍ മാറ്റം വഴി പരീക്ഷയെഴുതി. 203 സെന്ററുകളിലായി 33,737 പേരാണ് പരീക്ഷക്ക് രജിസ്റ്റര്‍ചെയ്തത്. പരീക്ഷക്ക് ഹാജരാകാത്ത 15 പേരില്‍ ഒമ്പതുപേര്‍ മാര്‍ച്ചിലെ പരീക്ഷകളും എഴുതിയിട്ടില്ല. ക്വാറന്റൈന്‍ ചെയ്യപ്പെട്ട വീടുകളില്‍നിന്നുള്ള 19 പേർ പരീക്ഷയെഴുതി. മറ്റ്‌ സംസ്ഥാനത്ത്നിന്നുള്ള ഒരാൾ എഴുതി. 15 പേര്‍ പനി, മറ്റ് അസുഖങ്ങൾ കാരണം പ്രത്യേക മുറിയില്‍ പരീക്ഷയെഴുതി.
ആറ്‌ കേന്ദ്രങ്ങളിലായി വിഎച്ച്എസ്ഇ പരീക്ഷയ്ക്ക് രജിസ്‌റ്റർ ചെയ്‌ത 297 പേരും പരീക്ഷയെഴുതി.
157 കേന്ദ്രങ്ങളിലായി 31,600 വിദ്യാര്‍ഥികളാണ് പ്ലസ്ടു പരീക്ഷയ്‌ക്ക്‌ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 31,289  പേര്‍ ഹാജരായി. ഹാജരാകാത്ത 311ല്‍ 274പേരും മാര്‍ച്ചിലെ പരീക്ഷയ്‌ക്കും ഹാജരായില്ല. സെന്റര്‍ മാറ്റം വഴി  456 പേരും ജില്ലയില്‍ പരീക്ഷയെഴുതി.  ക്വാറന്റൈന്‍ ചെയ്‌ത വീടുകളില്‍നിന്ന്‌ 73 വിദ്യാര്‍ഥികളും മറ്റു സംസ്ഥാനത്തുനിന്ന്‌ ഒരു വിദ്യാര്‍ഥിയുമാണ്‌ പരീക്ഷയെഴുതിയത്‌. 30 പേര്‍ പനി, മറ്റ് അസുഖങ്ങള്‍ കാരണം പ്രത്യേക മുറിയില്‍ പരീക്ഷയെഴുതി. ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ ശനിയാഴ്‌ച സമാപിക്കും.