ഈ കോവിഡ് കാലത്ത് നിങ്ങള്‍ ഒടുവള്ളി CHC -യിലേക്ക് വരൂ... ഇവിടെ ചില നല്ല കാഴ്ച്ചകള്‍ ഉണ്ട്...

ഈ കോവിഡ് കാലത്ത് കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ  ഒടുവള്ളി കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റെറില്‍ എത്തുന്നവര്‍ക്ക് ചില കുളിര്‍മ്മയാര്‍ന്ന കാഴ്ച്ചകള്‍ കാണുവാനാകും. പാറക്കെട്ടുകള്‍ നിറഞ്ഞിരുന്ന പഴയ ആശുപത്രി വളപ്പില്‍ ഇപ്പോള്‍ നമ്മെ വരവേല്‍ക്കുന്നത് പുഷ്ടിയോടെ വളരുന്ന ചീരയും മത്തനും വെണ്ടയും വാഴയും ഒക്കെയാണ്.. നമുക്ക് ആ കാഴ്ചകളിലേക്ക് പോകാം...

ഒടുവള്ളി : ലോക്ക് ഡൌണില്‍ ലോകം മുഴുവന്‍ ആശങ്കയോടെ ആരോഗ്യമേഖലയുടെപ്രവര്‍ത്തനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് നില്‍ക്കുമ്പോള്‍ ഇവിടെ ആരോഗ്യ സേവനത്തിനൊപ്പം ഇടവേളകളില്‍ പച്ചക്കറി കൃഷിയില്‍ വിജയ ഗാഥ രചിക്കുകയാണ് ഒരു കൂട്ടം ആരോഗ്യപ്രവര്‍ത്തകരും നാട്ടുകാരും.

ഒടുവള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റെറിലെ ജീവനക്കാരാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് ഒഴിവു സമയങ്ങള്‍ ഉപയോഗപ്പെടുത്തി പച്ചക്കറി കൃഷിയില്‍ നേട്ടങ്ങള്‍ കൊയ്തിരിക്കുന്നത്.


വാഴ, കപ്പ,ചേമ്പ്, ചേന തുടങ്ങി പച്ചമുളക്, വെണ്ട, ചീര, പയര്‍, തക്കാളി, മല്ലിയില വരെയുള്ള ഒട്ടുമിക്ക പച്ചക്കറികളും സി. എച്ച്. സി കോമ്പൌണ്ടിനുള്ളിലെ ലഭ്യമായ സ്ഥലങ്ങളില്‍ എല്ലാം ജൈവ വളം മാത്രം ഉപയോഗിച്ചു കൊണ്ട് കൃഷി ചെയ്തിട്ടുണ്ട്.മെഡിക്കൽ ഓഫീസർ Dr. സ്നേഹലത പോള, ഹെൽത്ത് ഇൻസ്‌പെക്ടർ ടി. ശിവദാസൻ,  ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ട്ടര്‍ രഞ്ജിത്ത്, 108 ആമ്പുലൻസ് സ്റ്റാഫ്‌ അമൽ നാരായണൻ, സെക്യൂരിറ്റി ജയിംസ് യുവജന സംഘടന പ്രവര്‍ത്തകന്‍ ആയ അരുണ്‍ ജോയ് എന്നിവരും മുന്‍കൈ എടുത്താണ് മറ്റു ജീവനക്കാരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ കൃഷി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

ലോക്ക് ഡൌണ്‍ തുടരുകയാണെങ്കില്‍ ഭക്ഷ്യ ക്ഷാമത്തിലെക്കും മറ്റും പോകുവാന്‍ സാധ്യത ഉണ്ടെന്നുള്ള ദീര്‍ഘ വീക്ഷണം ആണ്  മുഖ്യമന്ത്രി ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് ജനങ്ങള്‍ കടക്കണം എന്ന് പറയുവാന്‍ കാരണമായത്. തദ്ദേശീയമായി കൃഷി ആരംഭിച്ചാല്‍ ഭക്ഷ്യ ക്ഷാമത്തിന്‍റെ ആഘാതം കുറയ്ക്കുവാന്‍ സാധിക്കുകയും, അതോടൊപ്പം പുതിയ ഒരു കൃഷി സംസ്ക്കാരം ഉയര്‍ന്നു വരികയും ചെയ്യും.


മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍റെ ആഹ്വാനത്തോട് കൂടി, വലിയൊരു വിഭാഗം ജനങ്ങള്‍ ലഭ്യമായ സ്ഥലങ്ങളില്‍ ചെറിയ തോതിലെങ്കിലും കൃഷി ആരംഭിച്ചിട്ടുണ്ട്. കൂടാതെ യുവ ജന സംഘടനകള്‍ അടക്കംജനങ്ങള്‍ക്ക് വിത്ത് ലഭ്യമാക്കുവാനുള്ള ശ്രമങ്ങളും നടാത്തി വരുന്നുണ്ട്.

കഷ്ട്ടപാടിനും രോഗങ്ങള്‍ക്കും ഇടയിലും ഒടുവള്ളി സി. എച്ച്. സി ആശുപത്രിയില്‍ എത്തുന്ന ജനങ്ങള്‍ക്കും ഈ കൃഷി കാഴ്ച്ച കണ്ണിനു കുളിര്‍മ്മയും,കൃഷി ചെയ്യുവാനുള്ള പ്രചോദനവും തന്നെയാണ്നല്‍കുന്നത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ജീവനക്കാരും നാട്ടുകാരും ഇതിന്‍റെ അനുമോദനവും അര്‍ഹിക്കുന്നു.