പ്രതിസന്ധികളിൽ തളരാതെ അഞ്ചാം വർഷത്തിലേക്ക് ഇടത് മുന്നണി സർക്കാർ ; പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാൻ ഉള്ളവയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം : കേരളം ആര്‍ജ്ജിച്ച പുരോഗതി കൊവിഡ് പ്രതിരോധത്തിന് സഹായമായെന്നും അഞ്ചുവര്‍ഷത്തെ ലക്ഷ്യം നാലുവര്‍ഷം കൊണ്ടുനേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ഓഖിയും നിപയും നൂറ്റാണ്ടിലെ പ്രളയവും നമ്മള്‍ നേരിട്ടു. ഒരോ വര്‍ഷവും പുതിയ പ്രതിസന്ധിയോട് നേരിട്ട് പൊരുതിയാണ് നാം കടന്ന് പോന്നത്. എന്നാല്‍ ഒരു ഘട്ടത്തിലും പകച്ച് നിന്നില്ല. ലക്ഷ്യങ്ങളില്‍ നിന്ന് തെന്നിമാറിയിട്ടുമില്ല.

നമ്മുടെ ജനങ്ങളുടെ ഒരുമയും സാഹോദര്യവും സംസ്ഥാനത്തിന്റെ അതിജീവനത്തിന്റെ പ്രധാന ശക്തിസ്രോതസായി. തെരഞ്ഞെടുപ്പ് പ്രകടനപത്രിക ചിലര്‍ക്ക് ജനങ്ങളുടെ മുന്നില്‍ വാഗ്ദാനങ്ങള്‍ ചൊരിഞ്ഞ് വോട്ട് നേടാനുള്ളത് മാത്രമാണ്. വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതല്ല എന്നാണവര്‍ തുറന്ന് പറയുന്നത്.

എല്‍ഡിഎഫിന്റെ സമീപനം തികച്ചും വ്യത്യസ്തമാണ്. ജനങ്ങളോടെന്താണോ പറയുന്നത് അത് നടപ്പാക്കാനുള്ളതാണ്. അതിനാലാണ് എല്ലാ വര്‍ഷവും ചെയ്ത കാര്യം വിശദീകരിച്ചുകൊണ്ട് പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ കഴിയുന്നത്. ഇത്തരത്തില്‍ സുതാര്യമായ ഭരണ നിര്‍വ്വഹണം എല്‍ഡിഎഫിന്റെ സവിശേഷതയാണ്.

ആരോഗ്യവും വിദ്യാഭ്യാസവും ആത്മാഭിമാനവും ഹരിതാഭയുമുള്ള നവകേരളത്തിന്റെ സൃഷ്ടിയാണ് സര്‍ക്കാന്‍ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനായി നാല് സുപ്രധാന മിഷനുകള്‍ ആരംഭിച്ചു. ലൈഫ് മിഷനിലൂടെ 2,19,154 വീടുകള്‍ നിര്‍മിക്കാനായി. 2,19,154 കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള പാര്‍പ്പിടം ലഭ്യമായി എന്നതാണിതിനര്‍ഥം.

ഭൂമി ഇല്ലാത്തവര്‍ക്ക്, ഭൂമിയും വീടുമില്ലാത്തവര്‍ക്ക് പാര്‍പ്പിട സമുച്ചയവും ഉയര്‍ത്താനുള്ള നടപടി ആരംഭിച്ചു. ഈ വര്‍ഷം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രാണഭയമില്ലാഴത അന്തിയുറങ്ങാര്‍ പുനര്‍ഗേഹം പദ്ധതി ആവിഷ്‌ക്കരിക്കാന്‍ കഴിഞ്ഞത് നേട്ടമാണ്.

1,43,000 പട്ടയം നല്‍കിക്കഴിഞ്ഞു. കൊവിഡ് പ്രതിസന്ധിയാണ് തടസമായത്. എന്നാല്‍ 35,000 പട്ടയം കൂടി ഈ വര്‍ഷം നല്‍കാനാകും. ഒഴുക്ക് നിലച്ച് പോയ പുഴകളെ പുനരുജ്ജീവിപ്പിക്കാനായി. ഹരിതകേരളം മിഷന്റെ എടുത്ത് പറയത്തക്ക ഒന്നാണ് ഇത്. കിണര്‍, കുളം, തോടുകള്‍, ജലാശയങ്ങള്‍ എന്നിവയെല്ലാം ശുദ്ധീകരിക്കാന്‍ കഴിഞ്ഞു

കൊവിഡ് 19നെ പ്രതിരോധിക്കാന്‍ കരുത്ത് നല്‍കിയതില്‍ പ്രധാനപ്പെട്ടതാണ് ആര്‍ദ്രം മിഷന്‍. സംസ്ഥാനത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ലാബ് , ഫാര്‍മസി, ഒപികള്‍, സ്‌പെഷ്യാലിറ്റി എന്നിവയെല്ലാം ലോകം ഉറ്റുനോക്കുന്ന നിലവാരത്തിലേത്തി. നിപ വൈറസ് പോലുള്ളവയെ നേരിടാന്‍ അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റിയുട്ട് സ്ഥാപിച്ചു.

ഈ സാമ്പത്തിക വര്‍ഷം 15 ശതമാനം വര്‍ധനവ് ചെലവുകളില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇവിടെയാണ് കേന്ദ്രത്തില്‍നിന്ന് അര്‍ഹമായ സഹായം ലഭ്യമാകേണ്ടത്. അത്തരത്തില്‍ സഹായം ലഭ്യമാകുന്നില്ല എന്നത് ഗുരുതരമായ അവസ്ഥയാണ്. ബജറ്റിന് പുറത്ത് പശ്ചാത്തല വികസനത്തിനായാണ് കിഫ്ബി രൂപീകരിച്ചത്.

50,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസനത്തിന് ബജറ്റിന് പുറത്ത് പണം കണ്ടെത്തി നടപ്പാക്കനാണ് ഉദ്ദേശിച്ചത്. മസാല ബോണ്ടുകള്‍ വഴി 2150 കോടി സമാഹരിക്കാനായി. കിഫ്ബി മുഖേന സാധാരണ വികനസത്തിന്റെ അഞ്ചിരട്ടി മുന്നേറ്റം ഉണ്ടാക്കാനാണ് സാധിക്കുന്നത്. നാം വളര്‍ത്തി എടുത്തത് എല്ലാവരേയും ഉള്‍ക്കാള്ളുന്ന നവകേരള സംസ്‌ക്കാരമാണ്.

ഈ കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന തീരുമാനത്തിന്റെ ഭാഗമായാണ് കമ്യുണിറ്റി കിച്ചണ്‍ ആരംഭിച്ചത്. എല്ലാ ആളുകളേയും ക്ഷേമപെന്‍ഷനുകളില്‍ ഭാഗമാക്കാനായിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.