അറിയാം 'മൈക്രോ ഗ്രീൻ' കൃഷി രീതിയും പാചകവും, എളുപ്പത്തിൽ തയ്യാറാക്കുന്ന ഈ കുഞ്ഞൻ കൃഷിയെകുറിച്ച് അറിയേണ്ടതെല്ലാം | Micro Green

മൈക്രോഗ്രീന്‍ എളുപ്പം തയ്യാറാക്കാം
മൈക്രോഗ്രീന്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ ഏതോ ന്യൂജെന്‍ വിളയാണെന്നേ തോന്നൂ. എന്നാല്‍ വിത്തുമുളച്ച് 15 ദിവസം മാത്രം പ്രായമുള്ള തൈകളാണ് മൈക്രോഗ്രീന്‍. നീളംകുറഞ്ഞ തണ്ടും രണ്ട് ബീജപത്രങ്ങളും രണ്ട് കുഞ്ഞിലകളുമാണ് മൈക്രോഗ്രീനിന്റെ കൈമുതല്‍.

ജീവകം സി, എ, കെ, ഇ എന്നിവയ്ക്കൊപ്പം ധാതുക്കളുടെയും കലവറയാണ്. ഒന്നരയിഞ്ചില്‍ താഴെ മാത്രം പൊക്കമുള്ള മൈക്രോഗ്രീനില്‍ ഒരുവിധ കീടനാശിനിയും ഉണ്ടെന്ന പേടിയും വേണ്ട. പോഷകാംശത്തിന്റെ അളവ് സാധാരണ പച്ചക്കറിയെക്കാള്‍ നാലിരട്ടിയും.

ന്യൂട്രിയന്‍സ് കലവറ

ന്യൂട്രിയന്‍സ് കലവറയാണ് മൈക്രോഗ്രീന്‍സ്. ഇതില്‍ വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മാത്രമല്ല മാംഗനീസ് ധാരാളം അടങ്ങിയിട്ടുണ്ട് ഇതില്‍. അതുകൊണ്ട് തന്നെ പല ആരോഗ്യപ്രതിസന്ധികളേയും നമുക്ക് ഇല്ലാതാക്കുന്നതിന് വളരെ ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഓരോ സമയത്തും ലഭിക്കേണ്ട പോഷകങ്ങള്‍ എല്ലാം ഇത് കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഓരോരുത്തരും മൈക്രോഗ്രീന്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.

ഹൃദയാരോഗ്യം സംരക്ഷിക്കാൻ മൈക്രോ ഗ്രീൻ.

ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ വളരെയധികം മികച്ചതാണ് മൈക്രോഗ്രീന്‍സ്. ഹൃദയപ്രശ്‌നങ്ങള്‍ക്ക് വില്ലനാവുന്ന പല അവസ്ഥകളും ഇന്നത്തെ കാലത്ത് ഉണ്ടാവുന്നുണ്ട്. ഹൃദയാഘാതം, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവയെല്ലാം ഇന്നത്തെ കാലത്ത് വളരെയധികം വില്ലനായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മൈക്രോഗ്രീന്‍സ് ഇലക്കറികള്‍. ഇത് ഹൃദയത്തിന്റെ ബ്ലോക്ക് പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് സ്ഥിരമായി കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ഹൃദയസംബന്ധമയാ പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.
നെല്ല്, ചോളം, തിന, പയര്‍വര്‍ഗങ്ങള്‍, കടുക് തുടങ്ങി പ്രാദേശികമായി ലഭിക്കുന്ന ഏതു വിത്തും മൈക്രോഗ്രീന്‍ തയ്യാറാക്കാന്‍ ഉപയോഗിക്കാം. നല്ല വായുസഞ്ചാരമുള്ള, സൂര്യപ്രകാശം ലഭിക്കുന്ന വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലമാണ് മൈക്രോഗ്രീനിനായി ഒരുക്കേണ്ടത്. പച്ചക്കറി കൃഷിചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ക്കുപോലും മൈക്രോഗ്രീന്‍ തയ്യാറാക്കാം. സുഷിരങ്ങളിട്ട ഒരു പ്ളാസ്റ്റിക് ട്രേതന്നെ മൈക്രോഗ്രീന്‍ കൃഷിക്ക് ധാരാളം. മണ്ണും ഉണങ്ങിപ്പൊടിഞ്ഞ കമ്പോസ്റ്റും ഒരേ അനുപാതത്തില്‍ ചേര്‍ത്ത് വിത്തുപാകാം. എട്ടുമണിക്കൂര്‍ കുതിര്‍ത്ത വിത്താണ് പാകാന്‍ ഉപയോഗിക്കേണ്ടത്. ട്രേയുടെ എല്ലാ‘ഭാഗത്തും വരത്തക്കവണ്ണം കുറച്ച് വിത്തുമാത്രം വിതച്ചാല്‍ മതി. വിത്തിനു മുകളില്‍ നേരിയ കനത്തില്‍ മണ്ണിടണം. നേര്‍ത്ത നന നല്‍കാം. മുളച്ചുവരുന്ന തൈകള്‍ക്ക് രണ്ടില പ്രായമായാല്‍ മൈക്രോഗ്രീന്‍ വിളവെടുക്കാം. 
അത് തണ്ടോടെ വെട്ടിയെടുത്ത് ഉപ്പേരിയായും സാലഡായും ഉപയോഗിക്കാം.
വളര്‍ച്ച കൂടുന്നതനുസരിച്ച് മൈക്രോഗ്രീനിന്റെ പോഷകഗുണം കുറയും. ഉലുവയും കടുകും പയറും ഉള്‍പ്പെടെ അടുക്കളയിലും ഏതു വിത്തും മൈക്രോഗ്രീനാക്കി നോക്കൂ…വിജയം സുനിശ്ചിതം.

വീണാറാണി ആര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍  നീലേശ്വരം