മന്ത്രിസഭാ യോഗം തീരുമാനങ്ങൾ.

സംസ്ഥാന പോലീസ് സേനയിലെ ജനറല്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയെ 'ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ്' എന്ന് പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിച്ചു.

ഗുരുതരമായ സന്ധിരോഗം ബാധിച്ച് ചികിത്സയിലുള്ള മലപ്പുറം ഏറനാട് സ്വദേശി ഷാഹിന്റെ തുടര്‍ചികിത്സയ്ക്ക് രണ്ട് വര്‍ഷത്തേക്ക് ആവശ്യമായി വരുന്ന 7,54,992 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചു. 

കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് ദിവസം കിഴക്കേക്കോട്ട ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ട സുരേന്ദ്രന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 5 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. 

സംസ്ഥാന വഖഫ് ബോര്‍ഡ് ജീവനക്കാരുടെ നിയമനങ്ങള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് വിടുന്നതിനുള്ള ബില്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

കേരള ഷോപ്‌സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സ്ഥിരപ്പെടുത്തിയ 24 ജീവനക്കാര്‍ക്ക് 10-ാം ശമ്പളപരിഷ്‌ക്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കുവാന്‍ തീരുമാനിച്ചു.

കേരള ആംഡ് പോലീസ് ബറ്റാലിയനിലെ 1,200 താത്ക്കാലിക പോലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി തസ്തികകള്‍ക്കും 200 താത്ക്കാലിക വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി തസ്തികകള്‍ക്കും തുടര്‍ച്ചാനുമതി നല്‍കാന്‍ തീരുമാനിച്ചു. 

ജലവിഭവ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോകിനെ സപ്ലൈകോ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടറായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു. 

സപ്ലൈകോ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ പി.എം. അലി അസ്ഗര്‍ പാഷയെ സപ്ലൈകോ ജനറല്‍ മാനേജറായി മാറ്റി നിയമിക്കും.