Malayoram Exclusive | ആയുർവേദ കമ്പനിയുടെ സമ്മാനം ഒരുലക്ഷം രൂപയും സ്വർണ്ണ മോതിരവും,OLX വഴി മികച്ച സെക്കന്റ് ഹാൻഡ് വാഹനം തുച്ഛമായ വിലയ്ക്ക്.... കോവിഡിന്റെ ദുരിതത്തിനിടയിൽ തട്ടിപ്പ് ഈ വിധം, ചതിക്കുഴിയിൽ വീഴാതിരിക്കാൻ ഈ വാർത്ത വായിക്കുക...

കോവിഡ് 19 ദുരന്തത്തിനിടയിൽ തട്ടിപ്പു സംഘങ്ങളും പെരുകുന്നതായി റിപ്പോർട്ട്. അടുത്തടുത്ത ദിവസങ്ങളിലായി രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി സംസ്ഥാനത്ത് തട്ടിപ്പിനായി ഇരയായത് നൂറു കണക്കിന് ആളുകളാണ്. ചിലർ അവസാന നിമിഷം പിന്മാറിയതിനാൽ പണം നഷ്ടപ്പെടാതെ രക്ഷപ്പെടുകയും ചെയ്തു.

ആയുർവേദ കമ്പനിയുടെ നറുക്കെടുപ്പിൽ 1.30 ലക്ഷം രൂപയും സ്വർണ്ണ നാണയവും..
ഉത്തരേന്ത്യൻ ആയുർവേദ കമ്പനിയുടെ പേരിലാണ് ഒരു തട്ടിപ്പ്, നോട്ടറി സീൽ ഉൾപ്പടെ പതിച്ച കത്തിൽ താങ്കളുടെ ഫോൺ നമ്പർ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു എന്നും, ഇത് താങ്കളുടെ അഡ്രസ്സ് വെരിഫൈ ചെയ്യാൻ വേണ്ടിയാണ് ഈ കത്ത് എന്നും 1.30 ലക്ഷം രൂപയും മലബാർ ഗോൾഡിന്റെ മാർക്കോട് കൂടിയ സ്വർണ്ണവും എന്നാണ് പറഞ്ഞിരുന്നത്. കൂടാതെ സ്ക്രാച്ച് കാർഡിൽ ചുരണ്ടിയപ്പോൾ രണ്ടാം സമാനമായ സ്വിഫ്റ്റ് കാറും സമ്മാനം.. 


കൊറോണ ദുരിതത്തിനിടയിൽ പണവും യാത്രചെയ്യാൻ കാറും കിട്ടിയ സന്തോഷത്തിൽ നിൽക്കുമ്പോഴാണ് കത്തിലെ അടുത്ത വാചകം ശ്രദ്ധയിൽ പെടുക.
പണം കൈമാറാൻ അകൗണ്ട് നമ്പറും നൽകുന്നതിന്റെ ഒപ്പം ചെറിയ തുക ഫീസ് ആയും, ടാക്‌സ് ആയും അവർ പറയുന്ന അകൗണ്ടിലേക്ക് നൽകിയാൽ മാത്രമേ സമ്മാന തുക അകൗണ്ടിലേക്ക് വരികയുള്ളൂ, മാത്രമല്ല ഈ തുക സമ്മാനത്തിൽ അഡ്ജസ്റ്റ് ചെയ്യുകയും ഇല്ല. ഒരുലക്ഷം കിട്ടുമ്പോൾ മൂവായിരം പോയാലും കുഴപ്പമില്ല എന്ന ധാരണയിൽ പണം അയച്ചു കൊടുത്തു കഴിഞ്ഞാൽ പിന്നീട് ഒരു വിധ കോണ്ടാക്റ്റും ഉണ്ടാവുകയില്ല. ബന്ധപ്പെടാനുള്ള നമ്പർ അപ്പോഴേക്കും സ്വിച്ഡ് ഓഫ് ആയിട്ടുണ്ടാകുകയും ചെയ്യും. 3000 രൂപ മാത്രമല്ലേ പോയിട്ടുള്ളൂ എന്ന സമാധാനത്തിൽ പോലീസ് കംപ്ലൈന്റോ മറ്റോ ചെയ്യാതെ നാണക്കേട് ഭയന്ന് ആരോടും പറയാതിരിക്കുകയും ചെയ്യുമ്പോഴേക്കും തട്ടിപ്പുകാരന്റെ കത്ത് അടുത്ത ആളെ തേടി പോയിട്ടുണ്ടാകും...

കുറഞ്ഞ വിലയിൽ സിആർപിഎഫ് ഉദ്യോഗസ്ഥന്റെ വാഹനം വിൽപ്പനക്ക്...
അടുത്തത് വളരെയധികം ആളുകൾ ഉപയോഗിക്കുന്ന സെക്കന്റ് ഹാൻഡ് വിൽപ്പന സൈറ്റുകളിലൂടെയാണ്...
കൊറോണ പേടിയിൽ ബസ് ഉൾപ്പടെയുള്ള പൊതു വാഹനങ്ങൾ ഉപയോഗിക്കാൻ മടിക്കുന്ന സാധാരണക്കാരനെ തേടി തട്ടിപ്പുകാരൻ ചൂണ്ടയിൽ മികച്ച ഇര കൊരുത്തിട്ടുണ്ടായിരിക്കും
സ്ഥലം മാറി പോകുന്ന സിആർപിഎഫ് ഉദ്യോഗസ്ഥന്റെ അധികം ഉപയോഗിക്കാത്ത സ്‌കൂട്ടർ, കുറഞ്ഞ വിലയ്ക്ക് ആർജൻറ് സെയിൽ എന്ന ടാഗിൽ Olx, ക്വിക്ക്ർ തുടങ്ങിയ സൈറ്റിൽ പരസ്യം നൽകുന്നതാണ് ഒന്നാമത്തെ ഘട്ടം.
ഈ വിലക്ക് ഒരു വാഹനം കിട്ടുന്നത് ലാഭമെന്ന് കരുതുന്ന സാധാരണക്കാരൻ കോണ്ടാക്റ്റ് ചെയ്യുമ്പോൾ കൊറോണയുടെ പേര് പറഞ്ഞു നേരിട്ടുള്ള സന്ദർശനം ഒഴിവാക്കുകയും, എന്നാൽ ഒഫീഷ്യൽ ഐഡി പ്രൂഫുകൾ ആധാർ ഉൾപ്പടെ അയച്ചു നൽകുകയും ചെയ്യുന്നു. ഇത്രയും ആകുമ്പോൾ വിശ്വാസം വരുന്നതോടെ തട്ടിപ്പുകാരന്റെ ഉദ്ദേശം പൂർത്തിയാകുന്നു. തുടർന്ന് "മിലിട്ടറി കൊറിയറിൽ" വീട്ടിലെത്തുമ്പോൾ മാത്രം പണം നൽകിയാൽ മതിയെന്നും, കണ്ടു താത്പര്യമില്ലെങ്കിൽ തിരിച്ചയാക്കാം എന്നും പറയുന്നതോടെ നമ്മൾ പൂർണ്ണമായും മോഹന വാഗ്ദാനത്തിൽ പെട്ടുപോകുന്നു. 


കൊറിയർ ചാർജ്ജ് 2000 അല്ലെങ്കിൽ 3000 അയക്കണമെന്നും, ആ തുക കുറച്ച് മാത്രം അയച്ചു തന്നാൽ മതിയെന്നും പറയുമ്പോളും നമുക്ക് തട്ടിപ്പുകാരന്റെ ഉദ്ദേശം മനസ്സിലാകില്ല. അവർ അയച്ചു തരുന്ന UPI ഐഡിയിലേക്കോ ഗൂഗിൾ പേ / ഫോൺ പേ നമ്പറിലേക്കോ കൊറിയർ ചാർജ്ജ് അയച്ച് സ്വപ്ന വാഹനത്തിനായി കാത്തിരുന്നാൽ സമയവും പണവും നഷ്ടമാകുന്നത് മിച്ചം.

ഈ തട്ടിപ്പുകൾ ദിനംപ്രതി വർദ്ധിക്കുമ്പോഴും പോലീസ് കേസാകുന്നതും പ്രതികളെ പിടിക്കുന്നതും വിരളമായിരിക്കും. പണം നഷ്ടപ്പെട്ടവർ മാനഹാനി ഭയന്നും, കേസിന്റെ പിന്നാലെ നടക്കുന്നത് സമയ നഷ്ടമാണെന്ന് കരുതിയും ആരും സംഭവം വെളിയിൽ പറയാത്തത് തട്ടിപ്പുകാർക്ക് സ്വൈര്യ വിഹാരം നടത്താൻ സഹായകമാകുന്നു.

എന്ത് ചെയ്യണം ?
നമ്മൾ പങ്കെടുക്കാത്ത ഒരു മത്സരത്തിലും വിജയിച്ചതായുള്ള അറിയിപ്പുകൾ അവഗണിക്കുക.
അനാവശ്യമായി വെബ്‌സൈറ്റുകളിൽ നമ്മുടെ വിവരങ്ങൾ പരസ്യപ്പെടുത്താതിരിക്കുക.
സോഷ്യൽ മീഡിയകളിൽ അപരിചിതരുമായി സംസാരിക്കുകയോ, അവർക്കായി കാണാവുന്ന വിധത്തിൽ നമ്മുടെ സ്വകാര്യ വിവരങ്ങൾ പരസ്യപ്പെടുത്തുകയോ ചെയ്യാതിരിക്കുക.
വിശ്വസനീയമായ സൈറ്റുകൾ വഴി മാത്രമായി ഓൺലൈൻ പർച്ചേസുകൾ ചുരുക്കുക.
Olx, ക്വിക്കർ തുടങ്ങിയവ വഴിയുള്ള വിൽക്കൽ വാങ്ങലുകൾ പരമാവധി നേരിട്ട്, ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ വച്ച് നടത്തുക. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് പോയി കാണുന്നവർ കൂടെ വിശ്വസ്തരെ കൂടി കൊണ്ടുപോവുക, പോകുന്ന സ്ഥലത്തിന്റെ വിവരങ്ങൾ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുക.
അമിത വിശ്വാസം ജനിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റം കണ്ടാൽ കൃത്യമായി ആലോചിച്ചു മാത്രം മുന്നോട്ട് പോവുക.
ഇത്തരം കാര്യങ്ങളുമായി ധാരണയുള്ളവരുമായി സംസാരിക്കുക.

പക്ഷെ എത്ര മുന്നറിയിപ്പ് നൽകിയാലും വീണ്ടും വീണ്ടും കൗതുകത്തിനായും ആവേശം കൊണ്ടും നമ്മൾ വീണ്ടും വീണ്ടും ഇത്തരം തട്ടിപ്പുകളിൽ ഇരയായികൊണ്ടേയൊരിക്കും..