കേരളം കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് ; സംസ്ഥാനത്ത് ഇന്ന് (17 ജൂൺ 2020) 75 പേര്‍ക്ക് കൊവിഡ്; 90പേര്‍ക്ക് രോഗമുക്തി.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 90 പേര്‍ രോഗമുക്തി നേടി. 53 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. 19 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തി. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പിടിപെട്ടത്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗം സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര 8, ദില്ലി 5, തമിഴ്‌നാട് 4, ആന്ധ്ര, ഗുജറാത്ത് 1 വീതം. നെഗറ്റീവായത് തിരുവനന്തപുരം 10, കൊല്ലം 4, പത്തനംതിട്ട 5, ആലപ്പുഴ 16, കോട്ടയം 3, എറണാകുളം 2, പാലക്കാട് 24.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: കൊല്ലം 14, മലപ്പുറം 11, കാസര്‍കോട് 9, തൃശ്ശൂര്‍ 8, പാലക്കാട് 6, കോഴിക്കോട് 6, എറണാകുളം 5, തിരുവനന്തപുരം 3, കോട്ടയം 4, കണ്ണൂര്‍ 4, വയനാട് 3, പത്തനംതിട്ടയും ആലപ്പുഴയും 1 വീതം. 5877 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ചായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം തുടങ്ങിയത്. സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് 20 പേര്‍ മരണമടഞ്ഞു. വിദേശരാജ്യങ്ങളില്‍ ഇന്നലെ വരെ 277 കേരളീയര്‍ രോഗം ബാധിച്ച് മരിച്ചു.

രാജ്യത്തിനകത്ത് വിവിധ നഗരങ്ങളിലായി കേരളീയര്‍ കൊവിഡ് ബാധിച്ച് മരണമടയുന്ന വാര്‍ത്ത കേള്‍ക്കുന്നു. ഇന്നും ദില്ലിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി മരിച്ചു. ഇതെല്ലാം നല്‍കുന്ന സൂചന നാം നേരിടുന്ന അവസ്ഥ ഗുരുതരമാണെന്നാണ്. അതുപോലെ ഈ രോഗം കൂടുതല്‍ പേരിലേക്ക് പകരുന്നത് ഒഴിവാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം.

സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 110 ആയി. ലോക്ക് ഡൗണ്‍ ലഘൂകരിക്കുകയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് യാത്ര അനുവദിക്കുകയും ചെയ്തതോടെ ഇത് മൂന്നാംഘട്ടമാണ്. മെയ് 4 വരെ 3 പേരാണ് സംസ്ഥാനത്ത് മരണമടഞ്ഞത്. ഇപ്പോഴത് 20 ആയി വര്‍ദ്ധിച്ചു. പുറമേ നിന്ന് വന്ന പ്രായാധിക്യമുള്ള മറ്റ് രോഗങ്ങളുള്ളവരാണ് മരണമടഞ്ഞത്. ഇതുവരെയുള്ള ഇടപെടലുകള്‍ ഫലപ്രദമായതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ്: സാമൂഹ്യാകലം, മാസ്‌ക് ധരിച്ചത്, സമ്പര്‍ക്കവിലക്ക് പാലിച്ചത്, റിവേഴ്‌സ് ക്വാറന്റൈന്‍. ഇവയെല്ലാം പഴുതുകളില്ലാതെ നടപ്പാക്കാനാകണം. അത് കഴിഞ്ഞാല്‍ രോഗബാധയെ പിടിച്ച് നിര്‍ത്താനാകും.