കോവിഡ്‌-19 സംഹാര താണ്ഡവം, അഞ്ച് ലക്ഷത്തിലേറെ രോഗികൾ. രാജ്യത്തെ കോവിഡ്‌ സ്ഥിതി അവലോകനം...

ന്യൂഡൽഹി : രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ അഞ്ചുലക്ഷം കടന്നു. മരണം 15,500 ലേറെ. ജൂലൈ പകുതിയോടെ പത്തുലക്ഷമായേക്കും. പ്രതിദിന രോഗികളുടെ എണ്ണത്തിലും മരണത്തിലും ഇന്ത്യക്കു മുന്നിൽ അമേരിക്കയും ബ്രസീലുംമാത്രം.

മോഡി സർക്കാർ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി അൺലോക്കിന്‌ തുടക്കമിട്ട ജൂണില്‍ രോ​ഗികള്‍ 3.15 ലക്ഷം. മരണം പതിനായിരത്തിലേറെ. ജൂൺ 20 വരെ പ്രതിദിനരോ​ഗികള്‍ 12,000‌. എന്നാൽ, 20ന്‌ ശേഷം ഇത് പതിനയ്യായിരത്തിലേറെയായി. ശരാശരി പ്രതിദിന മരണം 400‌.

ജനുവരി 30ന്‌ ആദ്യ രോ​ഗി റിപ്പോർട്ടുചെയ്‌ത്‌ 109 ദിവസത്തില്‍ രോ​ഗബാധിതര്‍ ലക്ഷമെത്തി‌. എന്നാൽ, രണ്ടുലക്ഷമെത്താൻ വേണ്ടി വന്നത്‌ 25 ദിവസംമാത്രം. വെറും 10 ദിവസംകൊണ്ട്‌ മൂന്നുലക്ഷമെത്തി. എട്ടുദിവസംകൊണ്ട്‌ നാലുലക്ഷമായി.  അഞ്ചുലക്ഷമാകാന്‍ വേണ്ടിവന്നത് ആറുദിവസം.  കോവിഡ്‌ മരണം അയ്യായിരത്തിൽനിന്ന്‌ പതിനായിരമെത്തിയത്‌ 16 ദിവസത്തില്‍. പതിനയ്യായിരമായി ഉയർന്നത് തുടർന്നുള്ള ഒമ്പതുദിവസംകൊണ്ട്‌.  ഈ തോതിൽ ജൂലൈ ആദ്യവാരത്തിൽ മരണം ഇരുപതിനായിരം കടക്കും. 

മഹാരാഷ്ട്ര, ഡൽഹി, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിലാണ്‌ രാജ്യത്തെ രോ​ഗികളില്‍ 60 ശതമാനവും. ഒന്നര ലക്ഷത്തിലേറെ രോ​ഗികള്‍ മഹാരാഷ്ട്രയിലാണ്‌. തമിഴ്‌നാട്ടിലും ഡൽഹിയിലുമായി ഒന്നര ലക്ഷത്തിലേറെയും.

18000 കടന്ന്‌ പ്രതിദിന രോ​ഗികള്‍

രാജ്യത്ത്‌ ആദ്യമായി പ്രതിദിന രോ​ഗികള്‍ 18000 കടന്നു. വ്യാഴാഴ്‌ച രോ​ഗം സ്ഥിരീകരിച്ചത്  18203 പേർക്ക്. 407മരണം. 24 മണിക്കൂറിൽ 13940 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക്‌ 58.24 ശതമാനമായതായി ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ്‌ - 19 : ഇതുവരെ : 

●മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച 5024 രോ​ഗികള്‍. മരണം175, ആകെ മരണം ഏഴായിരം കടന്നു. ആകെ രോ​ഗികള്‍ 152765 ലെത്തി.
●മുംബൈയിൽ  112 മരണവും  1298 രോ​ഗികളും.
●തമിഴ്‌നാട്ടിൽ 3645 രോ​ഗികള്‍, 46 മരണം. ആകെ രോ​ഗികള്‍ 74622. മരണം 957. ഡൽഹിയിൽ 3460 പുതിയ രോ​ഗികള്‍, 63 മരണം. ആകെ രോ​ഗികള്‍ 77240. മരണം 2492.
●ഗുജറാത്തിൽ രോ​ഗികള്‍ മുപ്പതിനായിരം കടന്നു. വെള്ളിയാഴ്‌ച 580 രോ​ഗികള്‍, 18 മരണം. ആകെ മരണം 1772.
●ബംഗാളിൽ 542 രോ​ഗികള്‍, 10 മരണം. ഒഡിഷയിൽ ആകെ രോ​ഗികള്‍ ആറായിരവും കർണാടകയിൽ പതിനൊന്നായിരവും കടന്നു.
●ഡൽഹിയിൽ സ്‌കൂൾ അടവ്‌ ജൂലൈ 31 വരെ നീട്ടി. കോവിഡ്‌ മുക്തനായ ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിൻ ആശുപത്രിവിട്ടു.
●ബംഗാളിൽ രാത്രി കർഫ്യൂവിൽ അയവ്‌. മെട്രോ ട്രെയിനുകൾ ജൂലൈ ഒന്ന്‌ മുതൽ തുടങ്ങാൻ താൽപ്പര്യപ്പെടും.
●കോൺഗ്രസ്‌ നേതാവ്‌ മനുഅഭിഷേക്‌ സിങ്‌വി‌ക്കും ഭാര്യ‌ക്കും കോവിഡ്‌.
●സമൂഹവ്യാപനം തുടങ്ങിയെന്ന്‌ ഗോവ മുഖ്യമന്ത്രി പ്രമോദ്‌ സാവന്ത്‌. നിരീക്ഷണം കർക്കശമാക്കാൻ പൊലീസിന്‌ നിർദേശം.