കോവിഡ്‌-19 : ഒരു കോടി കവിഞ്ഞു.

ലോകത്താകമാനമായി കൊവിഡ് ബാധയേറ്റവരുടെ എണ്ണം ഒരുകോടി പിന്നിട്ടു. അമ്പത്തിയഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. വേള്‍ഡോമീറ്ററിന്റെ കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ മൂവായിരത്തിലേറെ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലോകമാകെ കൊവിഡ് ബാധയേറ്റുള്ള മരണസംഖ്യ അഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ലോകത്തിന്റെ വിവിധ മേഖലകളിലേക്ക് പടര്‍ന്ന കൊവിഡ് രോഗം രണ്ട് ലക്ഷത്തോളം പേര്‍ക്ക് സ്ഥിരീകരിച്ച 14 രാജ്യങ്ങളാണുള്ളത്. കൊവിഡ് ഭീകരത ഏറ്റവുമധികം താണ്ഡവമാടിയത് അമേരിക്കയിലാണ്.

രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്ത് ബ്രസീലും മൂന്നാം സ്ഥാനത്ത് റഷ്യയുമാണ്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയാണ് നാലാം സ്ഥാനത്ത്. യുകെ, സ്‌പെയിന്‍, പെറു, ചിലി, ഇറ്റലി, ഇറാന്‍, മെക്‌സിക്കോ, പാക്കിസ്ഥാന്‍, ജര്‍മനി, തുര്‍ക്കി എന്നീ രാജ്യങ്ങളിലും കൊവിഡ് ബാധ വലിയ തോതില്‍ പടര്‍ന്നു.