കൊവിഡ്-19 : സങ്കീർണ്ണം, രാജ്യത്ത് അഞ്ചുലക്ഷത്തോളം പേര്‍ രോഗബാധിതര്‍, അഞ്ചുദിവസത്തിനുള്ളില്‍ രണ്ടായിരത്തോളം മരണം.

രാജ്യത്ത്‌ അഞ്ച്‌ ദിവസത്തിനിടെ കോവിഡ്‌ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തു. മരണം രണ്ടായിരത്തിനടുത്ത്‌.

കോവിഡ്‌ വ്യാപനം രൂക്ഷമായതോടെ അടച്ചിടൽ നീട്ടാനുള്ള തീരുമാനത്തിലാണ്‌ പല സംസ്ഥാനങ്ങളും. മഹാരാഷ്ട്ര, ഡൽഹി, തമിഴ്‌നാട്‌ സംസ്ഥാനങ്ങൾക്കു പുറമെ ആന്ധ്ര, തെലങ്കാന, ഹരിയാന, യുപി, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ഥിതി ഗുരുതരമായി‌.

ബംഗാളിനും ജാർഖണ്ഡിനും പിന്നാലെ മഹാരാഷ്ട്രയും തമിഴ്‌നാടും അടച്ചിടൽ ജൂലൈ 31 വരെ നീട്ടി‌. അസമിൽ ഗുവാഹത്തി ഉൾപ്പെടുന്ന കാംരൂപ്‌ ജില്ലയിൽ ജൂൺ 28 മുതൽ രണ്ടാഴ്‌ചത്തേക്ക്‌ അടച്ചിടൽ നീട്ടി‌.

ഡൽഹിയിൽ കണ്ടെയ്‌ൻമെന്റ്‌ സോണുകൾ 421 ആയി ഉയർത്തി. സ്‌കൂളുകൾ ജൂലൈ 31 വരെ തുറക്കില്ല. തെലങ്കാനയിൽ ഗ്രേറ്റർ ഹൈദരാബാദ്‌ മേഖല 15 ദിവസത്തേക്ക്‌ അടച്ചിടും.

യഥാക്രമം 18,205, 18,255, 20,142, 19,610 എന്നിങ്ങനെയാണ്‌ വ്യാഴാഴ്‌ചമുതലുള്ള രാജ്യത്തെ പ്രതിദിന രോഗികൾ. 401, 381, 414, 384 എന്നിങ്ങനെയാണ്‌ പ്രതിദിന മരണം. പ്രതിദിന മരണത്തിൽ ഞായറാഴ്‌ച ഇന്ത്യ അമേരിക്കയെ പിന്തള്ളി. 285 മരണമാണ്‌ ഞായറാഴ്‌ച അമേരിക്കയിൽ‌.

555 മരണം റിപ്പോർട്ടുചെയ്‌ത ബ്രസീൽമാത്രമാണ്‌ ഇന്ത്യക്കു മുന്നിൽ. 24 മണിക്കൂറിൽ 19,459 രോഗികളും 380 മരണവും റിപ്പോർട്ട്‌ ചെയ്‌തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 12,010 പേർ സുഖംപ്രാപിച്ചു. 3.22 ലക്ഷം പേർ ഇതുവരെ രോഗമുക്തരായി‌. 2.10 ലക്ഷം പേരാണ്‌ ചികിത്സയിലുള്ളത്‌. രോഗമുക്തി നിരക്ക്‌ 58.67 ശതമാനമായി.

കർണാടകത്തിലെ 25 ശതമാനം രോഗികളും ബംഗളൂരുവിൽ

കർണാടകത്തിലെ കോവിഡ്‌ രോഗികളിൽ 25.92 ശതമാനം ബംഗളൂരുവിലാണെന്ന്‌ മെഡിക്കൽ വിദ്യാഭ്യാസമന്ത്രി കെ സുധാകർ. മരണനിരക്ക്‌ 1.56 ശതമാനമാണ്‌. ജൂൺ 23ന്‌ 1556 രോഗികളുണ്ടായിരുന്നത്‌ ഒരാഴ്‌ചയിൽ ഇരട്ടിയായി. 24 മണിക്കൂറിനിടെ സംസ്ഥാനത്ത്‌ സ്ഥിരീകരിച്ച 1267 രോഗികളിൽ 783ഉം ബംഗളൂരുവിലാണ്‌.