കോവിഡ്‌-19 ; രാജ്യം കൂടുതൽ ഗുരുതരാവസ്ഥയിലേക്ക്, ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് സാമൂഹ്യ വ്യാപനത്തിലേക്ക് നയിക്കുന്നു.

ന്യൂഡൽഹി : സമ്പൂർണ ഇളവിലേക്ക്‌ നീങ്ങുന്ന രാജ്യം കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ ഇറ്റലിയേയും മറികടന്ന്‌  ലോകപട്ടികയിൽ ആറാമതെത്തി. മൂന്നു ദിവസത്തിനുള്ളിൽ ഒമ്പതിനായിരത്തിലേറെ രോഗികളും 250ലേറെ മരണങ്ങളും റിപ്പോർട്ടുചെയ്‌തു. പ്രതിദിനം റിപ്പോർട്ടുചെയ്യപ്പെടുന്ന രോഗികളുടെയും മരണത്തിന്റെയും കാര്യത്തിൽ ഇന്ത്യ മൂന്നാമതാണ്‌. നിലവിൽ ബ്രസീലും അമേരിക്കയും മാത്രമാണ്‌ ഇന്ത്യക്ക്‌ മുന്നിൽ.

രാജ്യത്ത്‌ ആകെ രോഗികൾ 2.35 ലക്ഷം കടന്നു. മരണം 6600 ലേറെയായി. ജൂണിലെ ആദ്യ അഞ്ചുദിവസങ്ങളിൽ 45000 ലേറെ കേസുകളും 1200 ലേറെ മരണവും. കഴിഞ്ഞ മൂന്നു ദിവസംമാത്രം 29000 കേസും എണ്ണൂറോളം മരണവും. 24 മണിക്കൂറിനകം 9851 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു, 273പേർകൂടി മരിച്ചു. ഒരു ദിവസം ഇത്രയധികം കേസുകളും മരണവും ആദ്യമാണ്‌. ഇതേ കാലയളവിൽ 5355 പേർ രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗമുക്തി നിരക്ക് 48.27 ശതമാനം. ഇതുവരെ 1,09462 പേർ രോഗമുക്തരായി. പൊതുജനാരോഗ്യ സംവിധാനം തീർത്തും ദുർബലമായ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ കോവിഡ്‌ പടരുന്നത്‌ ആരോഗ്യപ്രവർത്തകരിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്‌.

5 ജീവനക്കാർക്ക് കോവിഡ്, ആരോഗ്യമന്ത്രാലയം അടച്ചു

ഒരാഴ്ചയ്ക്കിടെ കേന്ദ്രആരോഗ്യമന്ത്രാലയത്തിലെ അഞ്ച് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡയറക്ടർതല ഉദ്യോഗസ്ഥനും അണ്ടർസെക്രട്ടറിയും അടക്കമുള്ള ജീവനക്കാർക്കാണ്‌ കോവിഡ്‌‌. ഇതോടെ ഡൽഹി നിർമാൺ ഭവനിലെ ആരോഗ്യമന്ത്രാലയം രണ്ടുദിവസത്തേക്ക്‌ അടച്ചു. ഡൽഹിയിലെ ഡിആർഡിഒ ആസ്ഥാനത്തെ ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആംആദ്മി നേതാവും പട്ടേൽനഗർ എംഎൽഎയുമായ രാജ് കുമാർ ആനന്ദിന് കോവിഡ് സ്ഥിരീകരിച്ചു.

റെക്കോഡുകൾ ഭേദിച്ച്‌ സംസ്ഥാനങ്ങൾ
● മഹാരാഷ്ട്രയിൽമാത്രം‌ വെള്ളിയാഴ്‌ച 139 മരണം. ഒരു ദിവസം ഇത്രയധികം മരണം ആദ്യം. ആകെ മരണം 2849. 2436 പുതിയ കേസ്‌.
● യുപിയിൽ 496 പുതിയ കേസ്‌. 12 മരണം.
● ബംഗാളിൽ 427 പുതിയ കേസും 11 മരണവും.
● കർണാടകയിൽ 515 പുതിയ കേസ്‌.
● തമിഴ്‌നാട്ടിൽ 1438 പുതിയ കേസും 12 മരണവും.
● ഡൽഹിയിൽ 1330 പുതിയ കേസ്‌. 25 പേർകൂടി മരിച്ചു.
● ഗുജറാത്തിൽ 510 പുതിയ രോഗികൾ. 35 പേർ കൂടി മരിച്ചു.
● ബിഹാർ 99, ആന്ധ്ര 138, ഒഡിഷ 130, പഞ്ചാബ് 46, അസം 38, ഉത്തരാഖണ്ഡ് 46, ജാർഖണ്ഡ് 62, ഹരിയാന 316 എന്നിങ്ങനെയാണ് പുതിയ കോവിഡ്‌ കേസുകൾ.