കഠിനംകുളം പീഡനം; ഭർത്താവടക്കം 6 പേർ റിമാൻഡിൽ, കുട്ടിയുടെ മൊഴി നിര്‍ണ്ണായകം


കഴക്കൂട്ടം : കഠിനംകുളത്ത് ഭർത്താവും സുഹൃത്തുക്കളുംചേർന്ന് മദ്യംനൽകി വീട്ടമ്മയെ കൂട്ട ബലാത്സംഗംചെയ്‌ത കേസിൽ ഭർത്താവ് ഉൾപ്പെടെ ആറുപേരെ ആറ്റിങ്ങൽ കോടതി റിമാൻഡ്‌ചെയ്‌തു. ഒളിവിലായിരുന്ന പ്രതിയും ഞായറാഴ്‌ച രാവിലെ പിടിയിലായി. യുവതിയെ കൊണ്ടുപോയ ഓട്ടോറിക്ഷയുടെ ഡ്രൈവറായ പള്ളിപ്പുറം പുതുവല്‍ പുത്തന്‍വീട്ടില്‍ നൗഫല്‍ ഷാ (27) യാണ് പിടിയിലായത്. പീഡനത്തിനിരയായ യുവതി പ്രതിയെ തിരിച്ചറിഞ്ഞതിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.

കഠിനംകുളം സ്റ്റേഷനിൽ വീഡിയോ കോൺഫറൻസ് വഴിയാണ് റിമാൻഡ്‌ചെയ്തത്. പോത്തൻകോട് പാലോട്ടുകോണം കരിമരത്തിൽ വീട്ടിൽ അൻസാർ (33), ചാന്നാങ്കര ആറ്റരികത്ത് വീട്ടിൽ മൻസൂർ(45), ചാന്നാങ്കര പുതുവൽ പുരയിടത്തിൽ അക്ബർ ഷാ (20), ചാന്നാങ്കര അൻസി മൻസിലിൽ അർഷാദ് (35), ചാന്നാങ്കര റാഹത്ത് റോഡിൽ പുതുവൽ പുരയിടത്തിൽ മനോജ് (24), വെട്ടുതുറ പുതുവൽ പുരയിടത്തിൽ രാജൻ സെബാസ്റ്റ്യൻ (62) എന്നിവരാണ് റിമാൻഡിലായത്.

പള്ളിപ്പുറം സിആർപിഎഫിൽ പുതുവൽ പുത്തൻ വീട്ടിൽ നൗഫൽ ഷാ (27) ഒളിവിലാണ്. ഇയാൾക്കായി പോലീസ് തെരച്ചിൽ ശക്തമാക്കി. കൂട്ട ബലാത്സംഗം, പോക്സോ, പിടിച്ചുപറി കേസുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. മൻസൂർ, അക്ബർഷാ, അർഷാദ്, നൗഫൽ ഷാ എന്നിവർക്കെതിരെയാണ്‌ പോക്സോ ചുമത്തിയത്. പ്രതികളെ കോവിഡ്‌ പരിശോധനയ്‌ക്കുശേഷം ജയിലിലടയ്‌ക്കും.

കുട്ടിയുടെ മൊഴി നിർണായകം 
 
പ്രതികളെ കുരുക്കി യുവതിക്കൊപ്പമുണ്ടായിരുന്ന നാലു വയസ്സുള്ള മകന്റെ മൊഴി. അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് നിലവിളിച്ചപ്പോൾ അക്രമികൾ തന്നെയും മർദിച്ചുവെന്നാണ് മൊഴി.

അറസ്റ്റിലായ പ്രതികളിൽ കുട്ടിയെ മർദിക്കുകയും കുഞ്ഞിന്റെ മുന്നിൽവച്ച്‌ യുവതിയെ പീഡിപ്പിക്കുകയും ചെയ്‌ത നാലുപേർക്കെതിരെയാണ്‌ പോക്‌സോ കൂടി ചുമത്തിയത്‌. ബലാത്സംഗത്തിന് ശക്തമായ തെളിവ് ലഭിച്ചതായി ആറ്റിങ്ങൽ ഡിവൈഎസ്‌പി എസ്‌ വൈ സുരേഷ്‌ പറഞ്ഞു. ഭർത്താവ്‌ നിർബന്ധിച്ച്‌ മദ്യം കുടിപ്പിക്കുകയും ‌സുഹൃത്തിന്റെ വീട്ടിൽനിന്ന്‌ കൂട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് അക്രമികൾ കൂട്ട ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു എന്നാണ്‌ യുവതിയുടെ മൊഴി. ഒളിവിലുള്ള പ്രതി നൗഫലിന്റെ ഓട്ടോ പൊലീസ്‌ കണ്ടെത്തി.

ഭർത്താവ് യുവതിക്ക് മദ്യം നൽകുമ്പോൾ പ്രതികൾ പുതുക്കുറിച്ചിയിലെ വീടിന് സമീപം ഉണ്ടായിരുന്നു. പീഡനശ്രമം നടക്കുമ്പോൾ യുവതി ധരിച്ചിരുന്ന വസ്ത്രങ്ങൾ ശാസ്‌ത്രീയ പരിശോധനയ്‌ക്കയച്ചു. സംഭവ സ്ഥലത്തുനിന്ന്‌ പ്രതികൾ വലിച്ചുകീറിയ യുവതിയുടെ വസ്‌ത്രഭാഗങ്ങളും പൊലീസ്‌ കണ്ടെടുത്തു‌. മജിസ്‌ട്രേട്ടിന്‌ മുന്നിൽ യുവതിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. പ്രതികളുടെ കുടുംബാംഗങ്ങളിൽനിന്ന്‌ ഭീഷണിയുണ്ടാകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ യുവതിയെയും രണ്ടു മക്കളെയും പൊലീസ്‌ സുരക്ഷിത കേന്ദ്രത്തിലേക്ക്‌ മാറ്റിയത്‌.