നാളെ സമ്പൂര്‍ണ്ണ ലോക്ക്ഡൌണ്‍ ; ഇളവുകള്‍ ദുരുപയോഗം ചെയ്യരുത്

തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണില്‍ ചില മേഖലകളില്‍ സര്‍ക്കാര്‍ നിയന്ത്രിത ഇളവ് നല്‍കി.

ആരാധനാലയങ്ങളില്‍ പോകാനും പരീക്ഷക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാ ഡ്യൂട്ടിയുള്ളവര്‍ക്കുമാണ് ഇളവ്. ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറന്ന ശേഷമുള്ള ഉള്ള ആദ്യ ഞായറാഴ്ചയാണ് നാളെ. പള്ളികളില്‍ ഞായറാഴ്ച കുര്‍ബാന ഉള്‍പ്പെടെയുള്ള സാഹചര്യവും.

ഇതെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വീടുകളില്‍ നിന്ന് ആരാധനാലയങ്ങളിലെക്കും തിരിച്ചും പോകാന്‍ തടസ്സമുണ്ടാകില്ല.

പരീക്ഷാ നടത്തിപ്പിനും അനുമതിയുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനും അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും പരീക്ഷാ നടത്തിപ്പിന് പോകാന്‍ അനുവാദമുണ്ട്.

വിദ്യാര്‍ഥികള്‍ ഹാള്‍ ടിക്കറ്റും ജീവനക്കാര്‍ തിരിച്ചറിയല്‍ രേഖയും കരുതണം. മെഡിക്കല്‍ -ഡെന്റല്‍ കോളേജുകളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് കോളേജിലേക്കു പോകാനും അനുവാദം നല്‍കും.
പൊലീസ് പരിശോധനയുണ്ടായാല്‍ അലോട്ട്‌മെന്റ് സര്‍ട്ടിഫിക്കറ്റ് കാണിക്കാനാണ് നിര്‍ദേശം. എന്നാല്‍ നല്‍കിയിട്ടുള്ള നിയന്ത്രിത ഇളവുകള്‍ ആരും ദുരുപയോഗം ചെയ്യരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.
ഇളവ് നല്‍കിയിട്ടുള്ള മേഖലയല്ലാതെ ആരും പുറത്തിറങ്ങാന്‍ പാടില്ല. മറ്റുള്ളവര്‍ പരമാവധി വീടുകളില്‍ ഇരുന്ന് ലോക്ഡൗണുമായി സഹകരിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.