ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ജൂണ്‍ 30ന്; ഹയര്‍സെക്കണ്ടറി ഫലം ജൂലൈ 10ന്


തിരുവനന്തപുരം : ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ഈ മാസം 30ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കണ്ടറി – വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഫലം ജൂലൈ 10നും പ്രഖ്യാപിക്കും.

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രണ്ടു ഘട്ടമായാണ് പരീക്ഷകള്‍ പൂര്‍ത്തിയാക്കിയത്. പ്രതിസന്ധി ഘട്ടത്തില്‍ സമയബന്ധിതമായാണ് എസ് എസ് എല്‍ സി മൂല്യനിര്‍ണയം പൂര്‍ത്തിയായത്.

മാര്‍ച്ച് 10നാരംഭിച്ച എസ് എസ് എല്‍ സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 19ന് നിര്‍ത്തിവച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കി മെയ് 26 മുതല്‍ 30 വരെയായി രണ്ടാം ഘട്ടവും പ്രതിസന്ധി ഘട്ടത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

കൊവിഡെന്ന മഹാമാരിയുടെ ആശങ്കയ്ക്കിടയിലും സമയബന്ധിതമായാണ് മൂല്യനിര്‍ണയം നടത്തിയത്. 56 ക്യാമ്പുകളിലായി 19 ദിവസം കൊണ്ടാണ് എസ് എസ് എല്‍ സിയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. 92 ക്യാമ്പുകളിലായിട്ടാണ് ഹയര്‍ സെക്കണ്ടറിയുടെ മൂല്യനിര്‍ണയം നടക്കുന്നത്.

സിംഗില്‍ വാലുവേഷന്‍ 26നും ഡബിള്‍ വാലുയേഷന്‍ 29നും പൂര്‍ത്തിയാക്കി ക്രോഡീകരിച്ച ശേഷമാണ് ഫലപ്രഖ്യാപനം. ജൂണ്‍ 30ന് എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ച് 10 ദിവസങ്ങള്‍ക്ക് ശേഷമാണ് ഹയര്‍ സെക്കണ്ടറിയുടെ ഫല പ്രഖ്യാപനം.

തുടര്‍ന്ന് ജൂലൈയില്‍ തന്നെ പ്ലസ് വണ്‍, ബിരുദ പ്രവേശന നടപടികള്‍ തുടങ്ങാനാണ് സര്‍ക്കാരിന്റെ ശ്രമം. SSLC ക്ക് 99.92 ശതമാനവും ഹയര്‍ സെക്കണ്ടറിക്ക് 98.7ഉം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് 98.93 ശതമാനം വിദ്യാര്‍ത്ഥികളുമാണ് പരീക്ഷയെഴുതിയത്.