Subscribe Us

രാജ്യം കൂടുതൽ പ്രതിസന്ധിയിലേക്ക് ; രോഗികളുടെ എണ്ണവും മരണ നിരക്കും കുതിക്കുന്നു. | CoViD-19

ന്യൂഡൽഹി : രാജ്യത്താകെ ഭീതി പടർത്തി കോവിഡ്‌ വ്യാപനം ശക്തമാവുന്നു. പ്രതിദിന രോഗവ്യാപനത്തിൽ യുഎസിനും ബ്രസീലിനും പിന്നിൽ മൂന്നാമതാണ് ഇന്ത്യ. പ്രതിദിന മരണങ്ങളിൽ അഞ്ചാമതും. രോഗികളുടെ എണ്ണത്തിൽ ലോകത്ത്‌ അഞ്ചാമതാണ്‌ ഇന്ത്യ. മെയ്‌ 31ന്‌ അവസാനിച്ച നാലാം ഘട്ട അടച്ചിടലിനുശേഷമുള്ള ഒരാഴ്ചയിൽ 66,000 പുതിയ രോഗബാധ റിപ്പോർട്ടുചെയ്തു. 1,800 പേർ മരിച്ചു. ആകെ രോഗബാധിതരിലും മരണത്തിലും പകുതിയും കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടയിലാണ്‌. അടച്ചിടൽ കാലയളവിൽ രോഗത്തിന്‌ കടിഞ്ഞാണിടാനാവാത്തത്‌ ഭീതി പടർത്തിയിട്ടുണ്ട്‌. ആവശ്യമായ പരിശോധന നടത്തി ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രത്തിനായില്ല. മാളുകളും ഹോട്ടലുകളും ആരാധനാലയങ്ങളും തിങ്കളാഴ്ച മുതൽ തുറക്കും.

ഇളവ്‌ വരുത്തിയശേഷം രോഗം പടരുന്നത്‌‌‌ ആശങ്ക വർധിപ്പിക്കുന്നു‌. അടച്ചിടൽ 75 ദിവസം പിന്നിടുമ്പോൾ രോഗികൾ രണ്ടര ലക്ഷം കടന്നു, മരണം ഏഴായിരവും. മാർച്ച് 24ന് അടച്ചിടൽ ആരംഭിക്കുമ്പോൾ 536 രോഗികൾ മാത്രമായിരുന്നു. 10 മരണവും. കൂടിയാലോചനകളില്ലാതെ ഏകപക്ഷീയമായി പ്രഖ്യാപിച്ച അടച്ചിടൽ ഫലം കണ്ടില്ലെന്ന് തെളിയിക്കുന്നതാണ്‌ ഇപ്പോഴത്തെ വ്യാപനം.

ഇറ്റലിയും സ്പെയിനും ഫ്രാൻസും ജർമനിയും മറ്റും ഫലപ്രദമായ അടച്ചിടലിലൂടെ രോഗവ്യാപനം തടഞ്ഞു. രോഗം നിയന്ത്രിച്ചശേഷമാണ് ഈ രാജ്യങ്ങൾ അടച്ചിടലിൽനിന്ന് പുറത്തുകടന്നത്. രോഗവ്യാപനം ഏറ്റവും തീഷ്ണമായ ഘട്ടത്തിലാണ്‌ ഇന്ത്യ അടച്ചിടൽ അവസാനിപ്പിക്കുന്നത്. നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയ കേന്ദ്രനടപടി സ്ഥിതി കൂടുതൽ രൂക്ഷമാക്കുമെന്ന്‌ വിദഗ്‌ധർ അഭിപ്രായപ്പെട്ടു. 

 

21 ദിവസത്തെ അടച്ചിടൽകൊണ്ട് രോഗം നിയന്ത്രിക്കാനാകുമെന്നാണ് ആദ്യഘട്ടം അടച്ചിടൽ അവസാനിച്ച് രാജ്യത്തോടുള്ള അഭിസംബോധനയിൽ പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ, ആദ്യ ഘട്ടം അവസാനിച്ച ഏപ്രിൽ 14ന് കേസ്‌ 11,487ആയി ഉയർന്നു; മരണം 422ഉം. ഇതോടെ മൂന്ന് ഘട്ടങ്ങളിലായി 51 ദിവസംകൂടി അടച്ചിടൽ നീട്ടാൻ കേന്ദ്രം നിർബന്ധിതമായെങ്കിലും കേസ്‌ രണ്ടുലക്ഷത്തിലേക്കും മരണം 5,500ലേക്കും ഉയർന്നു.

ഏഴായിരം കടന്ന്‌ മരണം
രാജ്യത്ത്‌ കോവിഡ്‌ മരണം ഏഴായിരം കടന്നു. രോഗികൾ 2.55 ലക്ഷത്തിലേറെയായി. കോവിഡ്‌ സ്ഥിതി രൂക്ഷമായ മഹാരാഷ്ട്രയിൽ ഞായറാഴ്‌ച 91 പേർകൂടി മരിച്ചതോടെ മരണം 3060ആയി. 3007 പേർക്ക്‌കൂടി രോഗം സ്ഥിരീകരിച്ചു. ആകെ കേസുകൾ 85,975. ആദ്യമായാണ്‌ മഹാരാഷ്ട്രയിൽ ഒരു ദിവസം മൂവായിരത്തിലേറെ പേർക്ക്‌ രോഗം സ്ഥിരീകരിക്കുന്നത്‌. തമിഴ്‌നാട്ടിൽ 1515 പുതിയ കേസുകൾ. 18 പേർ കൂടി മരിച്ചു. ആകെ കേസുകൾ 31,687. മരണം 271. ഗുജറാത്തിൽ ഞായറാഴ്‌ച 480 പുതിയ കേസുകൾ. 30 പേർ കൂടി മരിച്ചു. ആകെ കേസുകൾ 20,097. മരണം 1249. യുപിയിൽ 433 പുതിയ കേസുകളും ഏഴ്‌ മരണവും ബംഗാളിൽ 449 പുതിയ കേസുകളും 13 മരണവും റിപ്പോർട്ട്‌‌ ചെയ്‌തു. ബംഗാളിൽ ആകെ കേസുകൾ എണ്ണായിരം കടന്നു. കർണാടക 239, ബിഹാർ 141, ആന്ധ്ര 199, ഹരിയാന 191, ഒഡിഷ 75, പഞ്ചാബ്‌ 93, അസം 92, ഉത്തരാഖണ്ഡ്‌ 38, ഗോവ 33 എന്നിങ്ങനെയാണ്‌ മറ്റ്‌ സംസ്ഥാനങ്ങളിലെ പുതിയ രോഗികൾ.

തെലങ്കാനയിൽ ന്യൂസ്‌ ചാനൽ റിപ്പോർട്ടർ കോവിഡ്‌ ബാധിച്ച്‌ മരിച്ചു.
ഡൽഹിയിൽ സിആർപിഎഫ്‌ ജവാൻ മരിച്ചു. 37 കാരനായ ഇദേഹം ക്യാൻസർ രോഗിയായിരുന്നു. ഒരു ഐടിബിപി ജവാന്‌ കൂടി കോവിഡ്‌ സ്ഥിരീകരിച്ചു.
ജിപ്‌മെറിൽ അഞ്ച്‌ ഡോക്ടർമാർക്ക്‌കൂടി കോവിഡ്‌.
ഡൽഹി ആന്ധ്ര ഭവനിൽ ഐഎഎസ്‌ ഉദ്യോഗസ്ഥന്‌ കോവിഡ്‌.
തൊഴിൽ മന്ത്രാലയത്തിൽ 11 ഉദ്യോഗസ്ഥർക്ക്‌ കോവിഡ്‌. ഒരു ജോ. സെക്രട്ടറി, പ്രിൻസിപ്പൽ പ്രൈവറ്റ്‌ സെക്രട്ടറി, സ്റ്റെനോഗ്രാഫർ എന്നിവരുൾപ്പെടെയാണ്‌ 11 പേർക്ക്‌ രോഗം സ്ഥിരീകരിച്ചത്.