അതിർത്തിയിൽ സമാധാനം, ഇന്ത്യ, ചൈന വിദേശമന്ത്രിമാര്‍ നടത്തിയ ചർച്ചയിൽ തീരുമാനം.

ന്യൂഡൽഹി : സമാധാനത്തിലേക്ക്‌ നീങ്ങാൻ ഇന്ത്യ, ചൈന വിദേശമന്ത്രിമാര്‍ നടത്തിയ ചർച്ചയിൽ തീരുമാനം. സ്ഥിതിവിശേഷം  ഉത്തരവാദിത്തപൂർണമായി കൈകാര്യം ചെയ്യണമെന്നും  സംഘർഷം മൂർച്ഛിപ്പിക്കുന്ന പ്രവൃത്തികൾ ആരിൽനിന്നും ഉണ്ടാകരുതെന്നും ഇരുപക്ഷവും സമ്മതിച്ചെന്ന്‌ ‌വിദേശ മന്ത്രാലയം പ്രസ്‌താവനയിൽ വ്യക്തമാക്കി.

വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ ചൈനീസ്‌ വിദേശമന്ത്രി വാങ്‌ യീയുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയശേഷമാണ്‌ പ്രസ്‌താവന. ജൂൺ ആറിന്‌ ഇരുരാജ്യത്തെയും മുതിർന്ന സൈനിക കമാൻഡർമാർ തമ്മിൽ എത്തിച്ചേർന്ന ഉടമ്പടിയുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ പുരോഗമിച്ചതാണെന്ന്‌ പ്രസ്‌താവനയിൽ പറഞ്ഞു.

ഇതിനിടെ, ഗൽവാനിൽ ഇന്ത്യൻ അതിർത്തിയിൽ കൂടാരം‌ സ്ഥാപിക്കാൻ ചൈന ശ്രമിച്ചതാണ്‌ തർക്കത്തിലേക്കും സംഘർഷത്തിലേക്കും മരണങ്ങളിലേക്കും നയിച്ചത്. തൽസ്ഥിതി‌യിൽ മാറ്റംവരുത്തരുതെന്ന തീരുമാനവും ഉടമ്പടികളും  ലംഘിക്കാനുള്ള മനോഭാവമാണ്‌ ഇതിൽ പ്രകടമായത്‌–-പ്രസ്‌താവന വിശദീകരിച്ചു.

ചൈനീസ്‌ സൈനികർ ആസൂത്രിതനീക്കമാണ്‌ നടത്തിയതെന്ന്‌ വാങ്‌ യീയോട്‌ ജയ്‌ശങ്കർ  ചൂണ്ടിക്കാട്ടി. രക്തരൂഷിത ഏറ്റുമുട്ടല്‍ ഉഭയകക്ഷിബന്ധത്തെ ഗുരുതരമായി ബാധിക്കും. അതിശക്തമായ പ്രതിഷേധവും ചൈനയെ വിദേശമന്ത്രാലയം അറിയിച്ചു. ഇന്ത്യ–-ചൈന അതിർത്തിവിഷയം ചർച്ച ചെയ്യാൻ 19നു വൈകിട്ട്‌ അഞ്ചിന്‌ സർവകക്ഷിയോഗം ചേരുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു. ഓൺലൈൻ സംവിധാനത്തിലാണ്‌ യോഗം. ചൊവ്വാഴ്‌ച രാത്രി വൈകിയും ബുധനാഴ്‌ച രാവിലെയും പ്രധാനമന്ത്രി ഉന്നതതല യോഗങ്ങൾ വിളിച്ചുചേർത്തു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ സൈനികർ പ്രകടിപ്പിച്ച ധീരതയ്‌ക്കും പരമമായ ത്യാഗത്തിനും ആദരം അർപ്പിക്കുന്നതായി രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ പറഞ്ഞു.സന്തപ്‌ത കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു.

ലഡാക്കിലെ ഗാൽവാനിൽ ഇന്ത്യ-‐ചൈന സംഘർഷത്തിനിടെ വീരമൃത്യുവരിച്ച ഹവിൽദാർ സുനിൽകുമാറിന്റെ മൃതദേഹം പാട്‌ന എയർപോർട്ടിൽ എത്തിച്ചപ്പോൾ മകൻ ആയുഷ്‌ കുമാർ അന്ത്യോപചാരം അർപ്പിക്കുന്നു

ലഡാക്കിലെ ഗാൽവാനിൽ ഇന്ത്യ-‐ചൈന സംഘർഷത്തിനിടെ വീരമൃത്യുവരിച്ച ഹവിൽദാർ സുനിൽകുമാറിന്റെ മൃതദേഹം പാട്‌ന എയർപോർട്ടിൽ എത്തിച്ചപ്പോൾ മകൻ ആയുഷ്‌ കുമാർ അന്ത്യോപചാരം അർപ്പിക്കുന്നു
 

മരണസംഖ്യ ഉയരും
ഗൽവാൻ ഏറ്റുമുട്ടലിൽ മരണസംഖ്യ  ഉയർന്നേക്കാമെന്ന്‌ വാർത്താ ഏജൻസികൾ റിപ്പോർട്ട്‌ ചെയ്‌തു. 70 ഇന്ത്യൻ സൈനികർക്ക്‌ പരിക്കേറ്റു. 20 മരണം സ്ഥിരീകരിച്ചു. ഏതാനും പേരുടെ നില അതീവ ഗുരുതരമാണ്‌.  ജൂൺ ആറിലെ തീരുമാനപ്രകാരം ഗൽവാനിൽ നടക്കുന്ന സൈനികപിന്മാറ്റത്തിന്‌ മേൽനോട്ടം വഹിച്ചത്‌ കേണൽ സന്തോഷ്‌ബാബുവാണ്‌.  ചൈനീസ്‌ സൈന്യത്തിന്റെ കൂടാരം ശ്രദ്ധയിൽപ്പെട്ടപ്പോൾ അദ്ദേഹം അത്‌ നീക്കാൻ ആവശ്യപ്പെട്ടു. ഇതേതുടർന്നാണ്‌ കൈയാങ്കളിയും ഏറ്റുമുട്ടലും ഉണ്ടായത്‌. 1996ലെ ധാരണപ്രകാരം നിയന്ത്രണരേഖയിൽ സൈനികർ ആയുധങ്ങൾ വഹിക്കാൻ പാടില്ല. കല്ല്‌, വടി, ബാറ്റ്‌ എന്നിവ ഉപയോഗിച്ചാണ്‌ ഏറ്റുമുട്ടൽ നടന്നത്‌. പരിക്കേറ്റ സൈനികർ മഞ്ഞുറഞ്ഞ നദിയിലേക്ക്‌ വീണത്‌ മരണസംഖ്യ ഉയർത്തി. ചൈന മരണസംഖ്യ വെളിപ്പെടുത്തിയിട്ടില്ല. 43 പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട്‌ ചെയ്‌തു. 35 പേർ മരിച്ചെന്നാണ്‌ അമേരിക്കൻ സുരക്ഷാ ഏജൻസിയുടെ  റിപ്പോർട്ട്.

35 ചൈനീസ്‌ സൈനികർ മരിച്ചെന്ന്‌ യുഎസ്‌
തിങ്കളാഴ്‌ച രാത്രി ലഡാക്കിലെ ഗൽവാനിലുണ്ടായ ഏറ്റുമുട്ടലിൽ 35 ചൈനീസ്‌ സൈനികർ കൊല്ലപ്പെട്ടതായി അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ട്‌. കേന്ദ്ര സർക്കാരും ഇക്കാര്യം‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. അതീവ ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം ഉൾപ്പെടെയാകാം ഇതെന്നാണ്‌ കരുതുന്നത്‌. എന്നാൽ, മരണസംഖ്യ ഇതുവരെ ചൈന ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

മോഡിസർക്കാർ സമ്മർദത്തിൽ
ലഡാക്കിൽ ധീരജവാന്മാർക്ക്‌ ജീവൻ നഷ്ടപ്പെട്ടതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്രസർക്കാരും കടുത്ത സമ്മർദത്തിൽ. പുൽവാമ ഭീകരാക്രമണവും ബാലക്കോട്ട്‌ വ്യോമാക്രമണവും വൻ പ്രചാരണായുധമാക്കിയ പ്രധാനമന്ത്രിയും ബിജെപി നേതൃത്വവും ചൈനയുമായുള്ള അതിർത്തിത്തർക്കത്തിൽ വലിയതോതില്‍ പ്രതികരണത്തിന് മുതിര്‍ന്നില്ല. കിഴക്കൻ ലഡാക്കിൽ മെയ്‌ ആദ്യവാരം ചൈനീസ്‌ സേന അതിർത്തിരേഖ ലംഘിച്ചെന്ന റിപ്പോർട്ട് വന്നപ്പോഴും ഭരണനേതൃത്വം മൗനം അവലംബിച്ചു. പ്രതികരണങ്ങള്‍ വിദേശമന്ത്രാലയത്തിന്റെ നയതന്ത്രഭാഷയിൽമാത്രമൊതുങ്ങി. ചിലപ്പോള്‍  സൈനിക ഉദ്യോഗസ്ഥർ സ്ഥിതി വിശദീകരിക്കും. ഗൽവാനിൽ കൂട്ടക്കൊലയ്‌ക്കുശേഷവും ഇതാവർത്തിച്ചു.

ഏറ്റുമുട്ടൽ നടന്നത്‌ യഥാർഥനിയന്ത്രണ രേഖ (എല്‍എസി)യില്‍നിന്ന്‌ കിലോമീറ്ററുകൾ ഉള്ളില്‍ ഇന്ത്യൻ അതിർത്തിയിലാണ്‌. മെയ്‌ അഞ്ചിനുണ്ടായ സംഘർഷം പതിവ്‌ സംഭവമാണെന്ന മട്ടിലാണ്‌ ഒരാഴ്‌ചയ്‌ക്കുശേഷം കരസേനാ മേധാവി ജനറൽ എം എം നരവാനെ പ്രതികരിച്ചത്. കിഴക്കൻ ലഡാക്കിൽ എല്ലാ വേനലിലും ഇത്തരം സംഘർഷങ്ങൾ ഉണ്ടാകാറുണ്ട്‌. ഇതിനുപിന്നിൽ  ഏതെങ്കിലും ആസൂത്രിതനീക്കം കാണേണ്ടതില്ലെന്നും നരവാനെ പറഞ്ഞു. സൈന്യത്തിന്റെ മെയ് 18ലെ പ്രസ്‌താവനയിലും ഇതാവര്‍ത്തിച്ചു.

എന്നാല്‍, ലഡാക്കിലും സിക്കിമിലും ഇന്ത്യ അതിർത്തിരേഖ ലംഘിച്ചതായി ചൈന മെയ്‌ 21ന് ആരോപിച്ചു. മെയ്‌ 27നു പുറത്തുവന്ന ഉപഗ്രഹദൃശ്യങ്ങളിൽ ലഡാക്കിൽ ചൈന നടത്തിയ നീക്കങ്ങൾ വ്യക്തമായി. അപ്പോഴും കേന്ദ്രനേതൃത്വത്തില്‍നിന്ന്‌ കാര്യമായ പ്രതികരണം ഉണ്ടായില്ല. ജൂൺ രണ്ടിന്‌ മോഡിയും അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപും ടെലിഫോൺ സംഭാഷണം നടത്തി. ചൈന അതിർത്തിരേഖ ലംഘിച്ചതായി അന്നാണ് പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്‌ മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്ന് സമ്മതിച്ചത്. എന്നാല്‍, ഇത്‌ വലിയ കടന്നുകയറ്റമായി കാണുന്നുവെന്ന്‌ മന്ത്രി പറഞ്ഞില്ല.ജൂൺ ആറുമുതൽ സൈനിക–- നയതന്ത്രതലങ്ങളിൽ ചർച്ചകള്‍ നടന്നുവന്നു. ഭരണരാഷ്ട്രീയനേതൃത്വം  ഇതിനോട്‌ അകലം പാലിച്ചുനിൽക്കുകയാണ്‌ ചെയ്‌തത്‌. എല്ലാം ശാന്തമാണെന്ന ധാരണ പരത്താനായിരുന്നു ശ്രമം.

ആറു വർഷമായി പ്രധാനമന്ത്രിസ്ഥാനത്തിരിക്കുന്ന മോഡി ഒരിക്കൽപ്പോലും അതിർത്തിവിഷയത്തിൽ ചൈനീസ്‌ നേതൃത്വവുമായി ഔപചാരികചർച്ചയ്‌ക്ക്‌ തയ്യാറായിട്ടില്ല. ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്ങും മോഡിയും തമ്മിൽ മഹാബലിപുരത്ത്‌ നടത്തിയ ചർച്ചകൾ അനൗപചാരികമായിരുന്നു.