കോട്ടയം കൊലപാതകം : മുഖ്യപ്രതി പിടിയിൽ, കൊലക്ക് പിന്നിലെ കാരണങ്ങളെ കുറിച്ച് സൂചന ലഭിച്ചു | Kottayam Murder Case

കോട്ടയം : വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ യുവാവ് പിടിയില്‍. കുമരകം സ്വദേശിയായ മുഹമ്മദ്‌ ബിലാൽ (23) ആണ്‌ കൊച്ചിയിൽനിന്ന്‌ പൊലീസിന്‍റെ പിടിയിലായത്. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതിയുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും . മോഷ്ടിച്ച കാറുമായി പെട്രോള്‍ പമ്പിലെത്തിയ ദൃശ്യങ്ങളാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത് .പാറപ്പാടം ഷാനി മൻസിലിൽ ഷീബയാണ്‌ കൊല്ലപ്പെട്ടത്‌. ഭർത്താവ്‌ സാലി ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്‌.മുഹമ്മദ്‌ ബിലാൽ മറ്റ്‌ കേസുകളിലും പ്രതിയാണെന്ന്‌ പൊലീസ്‌ പറഞ്ഞു.

കൊലപാതകത്തിന് ശേഷം പ്രതി ചില രേഖകള്‍ കൈക്കലാക്കിയെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുകള്‍ ദമ്പതികള്‍ക്ക് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊടുക്കല്‍ വാങ്ങലുകളിലെ തര്‍ക്കമാകാം കൊലയ്ക്ക് പിന്നില്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്. ദമ്പതികളുടെ വീട്ടില്‍ നിന്ന് പണവും രേഖകളും സ്വര്‍ണ്ണവും നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നലെ കസ്റ്റഡിയിലെടുത്ത യുവാവിനെ കോട്ടയത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. യുവാവിന്‍റെ സുഹൃത്തുകളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

കൊലപാതകം നടത്തിയ ശേഷം മോഷ്ടിച്ച കാറുമായാണ്‌ പ്രതികള്‍ കടന്നത്. ഒന്നിലധികം പേര്‍ കൃത്യത്തില്‍ പങ്കെടുത്തിരുന്നു എന്നാണ് പൊലീന്‍റെ വിലയിരുത്തല്‍. മോഷണം പോയ കാര്‍ വൈക്കം വരെ എത്തിയതിന് തെളിവുണ്ട്.

ആക്രമിക്കപ്പെട്ടവരുടെ ബന്ധുകൂടിയാണ്‌ ബിലാൽ. കൊലക്ക്‌ ശേഷം കടന്ന്‌കളയുന്നതിനിടെ  ചെങ്ങളത്തെ പെട്രോൾ പമ്പിൽ ഇയാളെത്തിയതിന്റെ  ദൃശ്യങ്ങൾ ലഭിച്ചതാണ്‌ കേസിൽ വഴിത്തിരിവായത്‌. മുറിയിലെ ടീപ്പോയ്‌  ഉപയോഗിച്ചാണ്‌ പ്രതി രണ്ടുപേരുടേയും തലക്കടിച്ചത്‌. പിന്നീട്‌ ശരീരത്തിൽ കമ്പി ചുറ്റി ഷോക്‌ അടി പ്പിക്കാൻ നോക്കിയെങ്കിലും കറൻറ്‌ ഇല്ലാത്തതിനാൽ അത്‌ നടപ്പായില്ല. തുടർന്നാണ്‌ ഗ്യാസ്‌ തുറന്ന്‌ വിട്ടത്‌. കേസ്‌ വഴി തിരച്ചുവിടാനുള്ള ശ്രമമാണിതെന്ന്‌ പൊലീസ്‌ പറയുന്നു.

അതേസമയം, ഷീബ- സാലി ദമ്പതികളുടെ ദുബായിലുള്ള മകള്‍ ഷാനിയുടെ മൊഴി പൊലീസ് ഫോണിലൂടെ വിശദമായി രേഖപ്പെടുത്തി. നിലവില്‍ കോട്ടയം എസ്പി ജയദേവിന്‍റെ നേതൃത്വത്തില്‍ ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. തിങ്കളാഴ്‌ചയാണ്‌ കൊലപാതകം നടന്നത്.