നിർമ്മാണ തൊഴിലിൽ വൈദഗ്ധ്യം ഉണ്ടോ, എങ്കിൽ ഊരാളുങ്കലിൽ നിങ്ങൾക്കും ഒരു ജോലി ഉണ്ട്...

വാർക്കപ്പണി അറിയാമോ, വൈദഗ്‌ധ്യത്തോടെ പണിചെയ്യാൻ തയ്യാറാണോ, എങ്കിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌‌ സഹകരണ‌ സൊസൈറ്റിക്ക്‌ നിങ്ങളെ ആവശ്യമുണ്ട്‌. നിർമാണ രംഗത്ത്‌ തൊഴിൽ വൈദഗ്ധ്യമുള്ളവരെ തേടുകയാണ്‌ സൊസൈറ്റി. പ്രവൃത്തി പരിചയമുള്ള തൊഴിലാളികളെ ആവശ്യമുണ്ടെന്ന സൊസെറ്റിയുടെ  അറിയിപ്പ് കോവിഡ്‌ ഭീതിയിൽ സ്‌തംഭിച്ച തൊഴിൽ മേഖലയിൽ ഉണർവായി.

നവമാധ്യമങ്ങളിൽ പ്രചരിച്ച അറിയിപ്പിൽ ആയിരക്കണക്കിനാളുകളുടെ ഫോൺ വിളികളാണ്‌ സൊസൈറ്റി ആസ്ഥാനത്തെത്തിയത്. കോൺക്രീറ്റ് സെൻട്രിങ്, ബാർ ബെൻഡിങ് എന്നീ ജോലികളിൽ  അഞ്ചുവർഷത്തിൽ കുറയാത്ത 45 വയസ്സിന് താഴെയുള്ളവർക്കാണ്‌ അവസരം. ഫോണിലൂടെയും മറ്റും രജിസ്റ്റർ ചെയ്തവരെ  വൈദഗ്ധ്യം മാനദണ്ഡമാക്കി ജോലിയിൽ പ്രവേശിപ്പിക്കും. പതിമൂന്നായിരത്തോളം തൊഴിലാളികളുള്ള ഊരാളുങ്കലിൽ 4500 അതിഥി തൊഴിലാളികളുണ്ട്‌. ലോക്ക്‌ ഡൗണിനുശേഷം രണ്ടായിരത്തിലേറെ പേർ  നാട്ടിലേക്ക്‌ മടങ്ങി. കേരളത്തിലുടനീളം ചെറുതും വലുതുമായ ഇരുനൂറോളം തൊഴിൽ കേന്ദ്രങ്ങളുണ്ട്‌ ഊരാളുങ്കലിന്‌.

പുതിയ തൊഴിലാളികളെ തേടിയുള്ള സംഘത്തിന്റെ അറിയിപ്പ്‌ വാട്‌സ്‌ ആപ്പ്‌ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വൈറലായി. 

ജൂൺ 25ന്‌ വൈകിട്ട് അഞ്ചുവരെ വിളിക്കാം:  ഫോൺ: 0496 2518214, 0496 2518211, 0496 2518200, 70 12541683.