കരസേനയില്‍ ഇനി സ്ഥിരം കമ്മീഷന്‍ഡ് ഉദ്യോഗസ്ഥരായി വനിതകളും, ഉത്തരവായി.


https://bit.ly/StarCareSarin


ന്യൂഡൽഹി : ഇന്ത്യൻ കരസേനയിൽ വനിതകളെ‌‌ സ്ഥിരം കമീഷൻഡ്‌ ഉദ്യോഗസ്ഥരായി നിയമിക്കാൻ കേന്ദ്രസർക്കാർ ഉത്തരവിറക്കി. യോഗ്യരായ ഉദ്യോഗസ്ഥകൾക്ക്‌ സ്ഥിരംകമീഷൻ അനുവദിക്കാൻ സെലക്ഷൻ ബോർഡ്‌ രൂപീകരിക്കും. ഷോർട്ട്‌ സർവീസ്‌ കമീഷൻഡ്‌ ഉദ്യോഗസ്ഥരായ എല്ലാ ഉദ്യോഗസ്ഥകൾക്കും സ്ഥിരം കമീഷന്‌ വേണ്ടി രേഖകൾ സഹിതം അപേക്ഷ നൽകാം.

ആർമി എയർ ഡിഫെൻസ്‌(എഎഡി), സിഗ്നൽസ്‌, എൻജിനിയേഴ്‌സ്‌, ആർമി ഏവിയേഷൻ, ഇലക്‌ട്രോണിക്‌‌സ്‌ ആൻഡ്‌ മെക്കാനിക്കൽ‌ ഏരിയൽ എൻജിനിയേഴ്‌സ്‌ (ഇഎംഇ), ആർമി സർവീസ്‌ കോർപ്പ്‌സ്‌ (എഎസ്‌സി), ആർമി ഓർഡിനൻസ്‌ കോർപ്‌‌സ്‌ (എഒസി), ഇന്റലിജൻസ്‌ കോർപ്‌‌സ്‌ വിഭാഗങ്ങളിൽ വനിതകൾക്ക്‌ സ്ഥിരംകമീഷൻ അനുവദിച്ചാണ്‌ പ്രതിരോധമന്ത്രാലയം‌ ഉത്തരവിറക്കിയത്‌‌. നിലവിൽ ജഡ്‌ജ്‌ ആൻഡ്‌ അഡ്വക്കറ്റ്‌ ജനറൽ (ജെഎജി), ആർമി എജ്യുക്കേഷണൽ കോർപ്‌‌സ്‌ (എഇസി) വിഭാഗത്തിൽ വനിതകളെ‌ സ്ഥിരം കമീഷൻഡ്‌ ഉദ്യോഗസ്ഥരായി നിയമിക്കുന്നുണ്ട്‌.

നീണ്ട നിയമപോരാട്ടം
വനിതകളെയും സ്ഥിരംകമീഷൻഡ്‌ ഉദ്യോഗസ്ഥരായി നിയമിക്കണമെന്ന്‌ 2010ൽ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. സ്‌ത്രീകൾക്ക്‌ ശാരീരിക പരിമിതി ഉണ്ടെന്ന് വാദിച്ച് പ്രതിരോധമന്ത്രാലയം സുപ്രീംകോടതിയെ സമീപിച്ചു. ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ അപ്പീൽ തള്ളി. വിധി നടപ്പാക്കാന്‍ ആറുമാസത്തെ സാവകാശം തേടി കേന്ദ്രം ജൂലൈയിൽ വീണ്ടും സുപ്രീംകോടതിയിലെത്തി. ഒറ്റമാസം മാത്രമേ അനുവദിക്കാനാകൂവെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.