കോവിഡ്‌ തീക്ഷ്ണമാകുന്നു, ഇന്ന് (01 ജൂലൈ 2020) 151 പേര്‍ക്ക് കൊവിഡ്; 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം; വരും ദിവസങ്ങളില്‍ കൂടുതല്‍ വെല്ലുവിളി നേരിടേണ്ടി വന്നേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 131 പേര്‍ രോഗമുക്തി നേടി.

86 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 51 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആത്മഹത്യ ചെയ്ത കോഴിക്കോട് നടക്കാവ് സ്വദേശി കൃഷ്ണന്റെ ഫലം പോസിറ്റീവായിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 124 ആയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഡോക്ടേഴ്‌സ് ഡേയില്‍ ആശംസകളര്‍പ്പിച്ചാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ആരംഭിച്ചത്.

ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും വിശ്രമരഹിതമായ അധ്വാനമാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന്റെ അടിത്തറ. ലോകത്തിന്റെ നാനാഭാഗത്തും ജീവന്‍ ബലികൊടുത്താണ് ആരോഗ്യപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത്. ലോക്ക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് പ്രവാസികള്‍ തിരിച്ച് വന്നതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം വര്‍ധിച്ചു. എന്നാല്‍ സമ്പര്‍ക്കവും മരണവും വലുതായി വര്‍ധിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ വെല്ലുവിളി നേരിടേണ്ടി വന്നേക്കാം. ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും രോഗവ്യാപനം ചെറുക്കാന്‍ മുന്നില്‍ നില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു. തുടര്‍ച്ചയായി രണ്ട് തവണ കൊവിഡ് നെഗറ്റീവ് ആയാല്‍ മാത്രമേ രോഗമുക്തരായി കണക്കാക്കി ആശുപത്രിയില്‍ നിന്ന് മാറ്റാറുണ്ടായിരുന്നുള്ളൂ. ഈ ചട്ടം മാറ്റി, ഒരു തവണ കൊവിഡ് നെഗറ്റീവായാല്‍ തന്നെ രോഗമുക്തരായതായി കണക്കാക്കി വീട്ടിലേക്ക് മാറ്റാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പിന്നീട് ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കും. അതിന് ശേഷം എന്തെങ്കിലും തരത്തില്‍ അസുഖം മൂര്‍ച്ഛിക്കുന്ന സ്ഥിതി വന്നാല്‍ മാത്രമേ ആശുപത്രിയിലേക്ക് മാറ്റൂയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ട്രിപ്പിള്‍ ലോക്ക്ഡൗണുള്ള പൊന്നാനിയില്‍ കര്‍ശന ജാഗ്രത നിര്‍ദേശിച്ചിട്ടുണ്ട്. ഐജി അശോക് യാദവ് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഓരോ പഞ്ചായത്തിലും അഞ്ച് കടകള്‍ക്കേ പ്രവര്‍ത്തിക്കാനാവൂ. സാധനം ആവശ്യമുള്ളവര്‍ പൊലീസ് പ്രസിദ്ധീകരിച്ച കടകളുടെ നമ്പറില്‍ ഓര്‍ഡര്‍ നല്‍കണം. വളണ്ടിയര്‍മാര്‍ സാധനം വീട്ടിലെത്തിക്കും. സാമൂഹിക അകലം പാലിക്കാത്തതിന് 16 കേസുകള്‍ പൊന്നാനിയില്‍ രജിസ്റ്റര്‍ ചെയ്തു. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ച് രോഗികളെ ഡിസ്ചാര്‍ജ് ചെയ്ത ആശുപത്രിക്കെതിരെ പൊന്നാനിയില്‍ കേസെടുത്തെന്നും മുഖ്യമന്ത്രി അറിയിച്ചു.

ട്രെയിനില്‍ വരുന്നവര്‍ നിരീക്ഷണം ഒഴിവാക്കാന്‍ ശ്രമിക്കുന്നു. നല്ല ജാഗ്രതയോടെ ഇത് തടയും. പൊതുഓഫീസുകള്‍ അണുവിമുക്തമാക്കാന്‍ കുടുംബശ്രീ സേവനം ഉപയോഗിക്കും.

രോഗബാധിതരുടെ എണ്ണം കൂടുന്നു. സമൂഹവ്യാപനത്തിന്റെ ആശങ്കയില്‍ നിന്ന് മുക്തരായിട്ടില്ല. കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും വേണം. പ്രതിരോധ ശേഷി കുറഞ്ഞവരും മറ്റ് രോഗങ്ങളുള്ളവരും പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. വിവരം ശേഖരിച്ച് ഇടപെടും. നിരീക്ഷണത്തിലുള്ളവരുടെ കുടുംബാംഗങ്ങളുടെ വിവരം ശേഖരിക്കും. ആംബുലന്‍സ് ആവശ്യത്തിന് ലഭ്യമാകുമെന്ന് ഉറപ്പാക്കും. എവിടെ ബന്ധപ്പെട്ടാല്‍ ആംബുലന്‍സ് ലഭിക്കുമെന്നതില്‍ കൃത്യത ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.