കൊവിഡ് - 19; തിരുവനന്തപുരവും എറണാകുളവും അതീവ ജാഗ്രതയിലേക്ക്

കൊവിഡ്‌ രോഗികളുടെ എണ്ണം കൂടിയതോടെ തിരുവനന്തപുരവും എറണാകുളവും അതീവ ജാഗ്രതയിലേക്ക്‌. തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ കണ്ടെയ്‌ൻമെന്റ്‌ സോണുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ടെയ്‌ൻമെന്റ്‌ സോണുകളില്‍ കർശന നിയന്ത്രണം ഏർപ്പെടുത്തും. പാളയം സാഫല്യം കോംപ്ലക്സിൽ ജോലി ചെയ്ത അതിഥിത്തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ കോംപ്ലക്സിന് പുറമെ പാളയം മാർക്കറ്റ്‌ ഏഴ് ദിവസത്തേക്ക് പൂർണമായി അടച്ചിട്ടിരിക്കുകയാണ്. നഗരത്തിലെ എല്ലാ കടകളും രാത്രി ഏഴിന്‌ അടയ്‌ക്കണമെന്നും നിര്‍ദേശമുണ്ട്.

പഴം, പച്ചക്കറി കടകൾക്ക് തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ തുറക്കാം. പലവ്യഞ്ജനങ്ങൾ, സ്റ്റേഷനറി, ചിക്കൻ എന്നിവ വിൽക്കുന്ന കട ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കണം. മത്സ്യ, മാംസ വിൽപനശാലകളടക്കം മറ്റുവ്യാപാര സ്ഥാപനങ്ങൾ ഓരോ വിഭാഗത്തിലും മൊത്തം സ്ഥാപനങ്ങളുടെ 50 ശതമാനം മാത്രം ഓരോ ദിവസവും പ്രവർത്തിച്ചാൽ മതി. തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ മാളുകളിലെ സൂപ്പർ മാർക്കറ്റുകൾ പ്രവർത്തിക്കാം. അവധി ദിവസങ്ങളിൽ ഹോം ഡെലിവറി അനുവദിക്കും.

പാളയം മാർക്കറ്റിന്‌ പുറമെ പാളയം പരിസരത്തെ തിരക്ക് അനുഭവപ്പെടുന്ന കടകളും ഹോട്ടലുകളും ഏഴ് ദിവസത്തേക്ക് അടച്ചിടും. മാർക്കറ്റിന് മുമ്പിലുള്ള തെരുവോര കച്ചവടങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പാളയം മാർക്കറ്റ്‌, സാഫല്യം കോപ്ലക്‌സ്, സെക്രട്ടറിയറ്റ് പരിസരം, ആയുർവേദ കോളേജ് പരിസരം എന്നിവിടങ്ങൾ നഗരസഭയുടെ എമർജൻസി റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച അണുനശീകരണം നടത്തി.

അതേസമയം എറണാകുളം ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടിയതിനെ തുടർന്ന് ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും കർശന നടപടിയിലേക്ക് നീങ്ങുകയാണ്. ചമ്പക്കര മാർകറ്റിൽ പുലര്‍ച്ചെ കോർപറേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടക്കുന്നതിനെ തുടർന്നാണ് പരിശോധന നടത്തിയതി.

സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തുന്നത് തുടര്‍ന്നാൽ മാർക്കറ്റു അടക്കേണ്ടി വരുമെന്ന് കച്ചവടക്കാര്‍ക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മാസ്ക് ധരിക്കാതെ എത്തിയവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും കസ്റ്റഡിയിൽ എടുത്തു. നിയന്ത്രണം പാലിക്കാതെ കച്ചവടം തുടർന്നാൽ കടകളുടെ ലൈസൻസ് റദ്ദാക്കാൻ നടപടി എടുക്കുമെന്ന് നഗരസഭാ സെക്രട്ടറിയും ഡിസിപി ജി പൂങ്കുഴലിയും അറിയിച്ചിട്ടുണ്ട്.

അതേസമയം എറണാകുളത്ത് ചെല്ലാനത്തെ മത്സ്യ തൊഴിലാളിയായ കൊവിഡ് രോഗി ചികിത്സയ്ക്ക് എത്തിയ ചെല്ലാനത്തെ ഒരു സ്വകാര്യ ആശുപത്രി അടക്കുകയും എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ അടക്കം 72 ജീവനക്കാരെ നിരീക്ഷണത്തിൽ ആക്കുകയും ചെയ്തു. ഇയാളുടെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സ്വകാര്യ ആശുപത്രിയായ അടക്കാൻ തീരുമാനിച്ചത്.