2011 ലോകകപ്പ് ഒത്തുകളിയോ ??

കൊളംബോ : 2011ലെ ലോകകപ്പ് ഫൈനല്‍ ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ലോകകപ്പില്‍ ശ്രീലങ്കയെ നയിച്ച മുന്‍ താരം കുമാര്‍ സംഗക്കാരയുടെ മൊഴി രേഖപ്പെടുത്തി. ഇതിനായി പ്രത്യേക അന്വേഷണ കമ്മീഷനു മുന്നില്‍ ഹാജരാകാന്‍ താരത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

2011 ലോകകപ്പില്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് വില്‍ക്കുകയായിരുന്നുവെന്ന മുന്‍ ശ്രീലങ്കന്‍ കായികമന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജയുടെ ആരോപണത്തെ തുടര്‍ന്ന് വിഷയത്തില്‍ അന്വേഷണം നടത്താന്‍ ശ്രീലങ്കന്‍ കായിക മന്ത്രാലയം പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു.

അന്വേഷണ സംഘത്തിനു മുന്നില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്ക് മൊഴി രേഖപ്പെടുത്താന്‍ എത്തണമെന്നായിരുന്നു സംഗക്കാരയോട് ആവശ്യപ്പെട്ടിരുന്നത്.

അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പൊലീസ് സംഘം മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അരവിന്ദ ഡിസില്‍വയെ ചോദ്യം ചെയ്തിരുന്നു. 2011 ലോകകപ്പിന്റെ സമയത്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡിസില്‍വയായിരുന്നു. ആറു മണിക്കൂറോളം പൊലീസ് ഇദ്ദേഹത്തെ ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഡിസില്‍വയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

മഹിന്ദാനന്ദ അലുത്ഗാമേജയുടെ ആരോപണത്തില്‍ കായികമന്ത്രി ദലസ് അലഹപ്പെരുമയുടെ നിര്‍ദേശപ്രകാരം കെഡിഎസ് റുവാന്‍ചന്ദ്ര ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കിയിരുന്നു.

ദിവസങ്ങള്‍ക്കു മുമ്പ് ശ്രീലങ്കന്‍ മാധ്യമമായ സിരാസ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് 2011-ലെ ലോകകപ്പ് ഫൈനല്‍ മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് വില്‍ക്കുകയായിരുന്നുവെന്ന ആരോപണവുമായി മഹിന്ദാനന്ദ അലുത്ഗാമേജ രംഗത്തെത്തിയത്. ശ്രീലങ്കന്‍ കളിക്കാരെ താന്‍ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നില്ലെന്നും എങ്കിലും ചില ഗ്രൂപ്പുകള്‍ ഇതില്‍ പങ്കാളികളാണെന്നുമായിരുന്നു മന്ത്രിയുടെ ആരോപണം.

നേരത്തെ 1996-ല്‍ ലങ്കക്ക് ലോക കിരീടം നേടിക്കൊടുത്ത നായകന്‍ അര്‍ജുന രണതുംഗയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ഫൈനല്‍ നടക്കുമ്പോള്‍ കമന്റേറ്ററായി രംണതുംഗ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ക്യാച്ചുകള്‍ കൈവിടുന്നത് അടക്കമുള്ള ഫീല്‍ഡിങ് പിഴവുകള്‍ നോക്കുമ്പോള്‍ ശ്രീലങ്കന്‍ താരങ്ങളുടെ പ്രകടനം സംശയാസ്പദമായിരുന്നുവെന്നും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.