കാസര്‍ഗോഡ് വരനും വധുവും ഉൾപ്പടെ വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ് : ചടങ്ങില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തില്‍ കഴിയാന്‍ കര്‍ശനനിര്‍ദേശം.

കാസര്‍ഗോഡ് ചെങ്കളയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍. വരനും വധുവിനും കൊവിഡ് സ്ഥിരീകരിച്ചു.

ജൂലൈ 17ന് ചെങ്കള പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ താമസിക്കുന്ന വ്യക്തിയുടെ വീട്ടിലാണ് വിവാഹം നടന്നത്.

ഈ വിവാഹ ചടങ്ങില്‍ പങ്കെടുത്ത എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ വീടുകളില്‍ കഴിയേണ്ടതും രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.

കൊവിഡ് നിര്‍വ്യാപന മാനദണ്ഡങ്ങള്‍ പാലിക്കാതെ വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ച ആള്‍ക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കും.

രണ്ടു വര്‍ഷം കഠിനതടവും 10000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റത്തിന് പ്രസ്തുത നിയമപ്രകാരം കേസെടുക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഇന്നു തന്നെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു