ഇനി മെഡിക്കൽ സ്റ്റോറിൽ പോകുമ്പോൾ 'ജനറിക്ക് മരുന്നുകൾ' ചോദിച്ചു വാങ്ങാം...

മെഡിക്കല്‍ ബിസിനസ്സ്; ലോകത്ത് ഇന്ന് കൊള്ളലാഭം കൊയ്യുന്ന ഏറ്റവും വലിയ കച്ചവടം, മരുന്നുകളുടെത് തന്നെ. വിലപേശലുകള്‍ക്ക് നില്‍ക്കാതെ ജനങ്ങള്‍, പറയുന്ന വിലയ്ക്ക് കീഴടങ്ങി കൊടുക്കുന്നൊരു ഉത്പന്നമാണ് എപ്പോഴും മരുന്നുകള്‍. മെഡിക്കല്‍ രംഗത്തെ കൂട്ടുകച്ചവടക്കാര്‍ ഒരുക്കുന്ന കെണികളില്‍ സ്വന്തം ജീവന്‍വെച്ച് കളിക്കാന്‍ തയ്യാറാകാതെ നാമോരോരുത്തരും കീഴടങ്ങിക്കൊടുക്കുമ്പോള്‍ കച്ചവടക്കാരുടെയും ലാഭക്കൊതിയന്മാരുടെയും പങ്കുപറ്റുകാരുടെയും കീശകള്‍ വീര്‍ത്തുകൊണ്ടേയിരിക്കും.

ബ്രാന്‍ഡഡ് മരുന്നുകളുടെ പേരിലാണ് ഇവിടെ ഏറ്റവും വലിയ കൊള്ള നടക്കുന്നത്. തങ്ങള്‍ക്കിഷ്ടമുള്ള വിലയിട്ടാണ് ഇത്തരം മരുന്നുകള്‍ കമ്പനികള്‍ വില്‍ക്കുന്നത്. പലപ്പോഴും ഗവണ്‍മെന്റ് സംവിധാനങ്ങള്‍ ഇവര്‍ക്കും മുന്നില്‍ ഒന്നും ചെയ്യാനില്ലാതെ നില്‍ക്കുന്നു. ഈയവസരത്തിലാണ് ബ്രാന്‍ഡഡ് മരുന്നുകളും ജനറിക് മരുന്നുകളും എന്താണെന്നും, എങ്ങനെയാണ് നാം ബ്രാന്‍ഡഡ് മരുന്നുകളുടെ പേരില്‍ കബളിപ്പിക്കപ്പെടുന്നതെന്നും മനസ്സിലാക്കേണ്ടത്.

എന്താണ് ജനറിക് മരുന്നുകള്‍?
ബ്രാന്‍ഡഡ് മരുന്നുകളുടെ തുല്യ പ്രവര്‍ത്തനശേഷി ഉള്ളതും രാസപരമായും ഘടനാപരമായും തത്തുല്യമായതും അവയുടെ അതേ നിര്‍മ്മാണ പ്രക്രിയ പിന്തുടരുന്നതുമായ, എന്നാല്‍ വിലയില്‍ ഗണ്യമായ കുറവുള്ളതുമായ മരുന്നുകളാണ് ജനറിക് മരുന്നുകള്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വിപണന തന്ത്രങ്ങള്‍ ഉപയോഗിക്കാതെ ഒരു മരുന്നിലെ ചേരുവയുടെ പേരില്‍ തന്നെ വില്‍ക്കപ്പെടുന്ന മരുന്നുകള്‍ ആണ് ജനറിക് മരുന്നുകള്‍.

എന്തുകൊണ്ട് ജനറിക് മരുന്നുകള്‍ക്ക് ബ്രാന്‍ഡഡ് മരുന്നുകളെ അപേക്ഷിച്ച് വില ഗണ്യമായി കുറയുന്നത്?
പുതിയ ഒരു മരുന്ന് ഗവേഷണം നടത്തി വികസിപ്പിക്കുന്നത് അത്യന്തം ചെലവേറിയ പദ്ധതി ആണ്. ഗവേഷണം നടത്തി മരുന്ന് വികസിപ്പിക്കുന്ന കമ്പനി ആ മരുന്നിന്റെ പേറ്റന്റും സ്വന്തമാക്കും. പേറ്റന്റ് കാലാവധി മിക്കവാറും ഇരുപത് വര്‍ഷം ആണ്. അക്കാലയളവില്‍ ആ മരുന്നിന്റെ വില നിര്‍ണ്ണയാധികാരം മിക്കവാറും മരുന്ന് വികസിപ്പിച്ച കമ്പനിക്ക് ആയിരിക്കും. എന്നാല്‍ അങ്ങനെ വില തീരുമാനിക്കപ്പെടുന്ന മരുന്നുകള്‍ വിപണിയില്‍ വളരെ കുറവാണ്. കാരണം വ്യാപകമായി അലോപ്പതിയില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ മിക്കവയും പേറ്റന്റ് കാലാവധി കഴിഞ്ഞവയാണ്.


20 വര്‍ഷം കഴിഞ്ഞാല്‍ പേറ്റന്റ് കാലാവധി കഴിയുകയും, ആ മരുന്ന് മറ്റു കമ്പനികള്‍ക്കും നിര്‍മ്മിച്ച് വിപണം ചെയ്യുവാന്‍ താരതമ്യേന വളരെ ചെലവ് കുറവാണ്. വയാണ് മിക്ക കമ്പനികളും ജനറിക് മരുന്നുകളായി വിപണിയില്‍ എത്തിക്കുന്നത്. കൂടാതെ ബ്രാന്‍ഡ് നാമങ്ങളില്‍ ഇറങ്ങുന്ന മരുന്നുകള്‍ മിക്കവയും സ്വകാര്യ കമ്പനികള്‍ വലിയ വില ഈടാക്കി ലഭ്യമായ എല്ലാ വിപണന തന്ത്രങ്ങളും ഉപയോഗിച്ചാണ് വില്‍ക്കുന്നത്. ഒപ്പം മരുന്ന് ഉത്പാദകരും ഇടനിലക്കാരും മെഡിക്കല്‍ രംഗത്തെ ലാഭക്കൊതിയന്മാരായ ആളുകകളും ചേര്‍ന്ന് ഈടാക്കുന്ന വിലയാണ് യഥാര്‍ത്ഥത്തില്‍ രോഗിയുടെ പക്കല്‍ നിന്നും ചെലവാകുന്നത്. ജനറിക് മരുന്നുകള്‍ക്ക് ബ്രാന്‍ഡ് നാമങ്ങളില്‍ വിപണനം സാധ്യമല്ലാത്തതിനാല്‍ ആ വകയിലും വില കുറയും.

എല്ലാ ബ്രാന്‍ഡ് മരുന്നുകള്‍ക്കും തത്തുല്യമായ ജനറിക് മരുന്നുകള്‍ ലഭ്യമാണോ?ഏറ്റവും പുതുതായി ഗവേഷണം ചെയ്തു വികസിപ്പിച്ച ബ്രാന്‍ഡ് മരുന്നുകളൊഴികെ മിക്കവാറും എല്ലാ മരുന്നുകള്‍ക്കും തത്തുല്യമായ ജനറിക് മരുന്നുകള്‍ ലഭ്യമാണ്. ഏതൊക്കെ മരുന്നുകള്‍ക്ക് ആണ് ജനറിക് മരുന്നുകള്‍ ലഭ്യമായിട്ടുള്ളത് എന്ന വിവരം ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വിവിധ ഗവണ്‍മെന്റുകള്‍ തന്നെ ഇപ്പോള്‍ ലഭ്യമാക്കുന്നുണ്ട്.

ജനറിക് മരുന്നുകള്‍ രോഗങ്ങള്‍ക്കെതിരെ ബ്രാന്‍ഡഡ് മരുന്നുകളുടെ അത്രതന്നെ ഫലപ്രദമാണോ?
അതെ. ജനറിക് മരുന്നുകള്‍ ബ്രാന്‍ഡഡ് മരുന്നുകളുടെ അതെ അളവിലും ഗുണമേന്മയിലും ശരീരത്തിലെ അവയുടെ പ്രവര്‍ത്തന രീതിയിലും തത്തുല്യം തന്നെ ആണ്. അത് കൊണ്ട് തന്നെ രോഗങ്ങള്‍ക്കെതിരെ ബ്രാന്‍ഡഡ് മരുന്നുകളുടെ അത്ര തന്നെ ഫലപ്രദമാണ് ജനറിക് മരുന്നുകളും.

ജനറിക് മരുന്നുകളുടെ ഉത്പാദനവും വിപണനവും ആരെങ്കിലും നിയന്ത്രിക്കുന്നുണ്ടോ?
ഓരോ രാജ്യത്തും ഏതൊരു മരുന്നിന്റെയും ഉത്പാദനവും വിപണനവും നിയന്ത്രിക്കുന്ന ഏജന്‍സി തന്നെയാണ് ജനറിക് മരുന്നുകളുടെ ഗുണമേന്മയും ഉത്പാദനവും വിപണനവും നിയന്ത്രിക്കുന്നത്. ഇന്ത്യയില്‍ ഇതിന്റെ ചുമതല വഹിക്കുന്നത് '' സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍' ആണ്. അതിന്റെ കീഴില്‍ ഓരോ സംസ്ഥാനത്തും ഇതിനായി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ത്യയില്‍ ഡോക്ടര്‍മാര്‍ ജനറിക് മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ദ്ദേശിക്കണം എന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമങ്ങള്‍ നിലവിലുണ്ടോ?
മരുന്ന് ഉത്പാദന-വിപണന രംഗത്തെ മോശം പ്രവണതകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2013 ല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രോഗികള്‍ക്ക് പരമാവധി മരുന്നുകള്‍ നിര്‍ദ്ദേശിക്കണം എന്നൊരു ഉത്തരവ് ഇറക്കിയിരുന്നു. ഗവണ്‍മെന്റ് ഡോക്ടര്‍മാര്‍ ജനറിക് മരുന്നുകള്‍ മാത്രമെ രോഗികള്‍ക്ക് നിര്‍ദ്ദേശിക്കാവൂ എന്നൊരു ഉത്തരവും കേരള സര്‍ക്കാര്‍ ഇറക്കിയിരുന്നു.

വില കുറവായിട്ടും എന്ത് കൊണ്ടാണ് ജനറിക് മരുന്നുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടാത്തത്?
സ്വകാര്യ മേഖലയിലെ മരുന്ന ഉത്പാദകരും ലാഭക്കൊതി മൂത്ത മെഡിക്കല്‍ ബിസിനസ് ലോബികളും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ട് മൂലമാണ് ജനറിക് മരുന്നുകള്‍ ഗവണ്‍മെന്റ് ഉത്തരവ് ഉണ്ടായിട്ടും വ്യപകമായി ഉപയോഗിക്കപ്പെടാത്തത്. വില കുറഞ്ഞ ജനറിക് മരുന്നുകള്‍ക്ക് പകരം പതിന്മടങ്ങ് വില കൂടിയ, എന്നാല്‍ അതെ ഗുണനിലവാരം മാത്രം പുലര്‍ത്തുന്ന ബ്രാന്‍ഡഡ് മരുന്നുകള്‍ രോഗിയെകൊണ്ട് വാങ്ങിപ്പിക്കുന്നതിലൂടെ മാത്രമെ സ്വകാര്യ കമ്പനികള്‍ക്ക് കൊള്ളലാഭം കൊയ്യാന്‍ കഴിയൂ. അതുകൊണ്ട് മാത്രമാണ് ഈ ലാഭത്തിന്റെ പങ്കുപറ്റുന്ന ആശുപത്രികളും ഡോക്ടര്‍മാരും ഇടനിലക്കാരും ജനറിക് മരുന്നുകളുടെ വ്യാപനത്തെ തടയുന്നത്.

എല്ലാ മരുന്ന കടകളിലും ജനറിക് മരുന്നുകള്‍ ലഭ്യമാണോ?
ജനറിക് മരുന്നുകള്‍ എല്ലാ മരുന്ന് കടകളിലും ലഭ്യമാണ്. സാധാരണയായി ആവശ്യക്കാര്‍ കുറവായതിനാല്‍ മിക്കവാറും കച്ചവടക്കാര്‍ തീരെ കുറവ് സ്‌റ്റോക്ക് മാത്രമെ ശേഖരിക്കാറുള്ളൂ. കൂടാതെ ബ്രാന്‍ഡഡ് മരുന്നില്‍ ലഭിക്കുന്ന ലാഭത്തോത് പതിന്മടങ്ങ് വില കുറഞ്ഞ ജനറിക് മരുന്നുകളില്‍ ലഭിക്കാത്തതിനാല്‍ റീടെയ്ല്‍ മരുന്ന് കച്ചവടക്കാര്‍ ചിലരെങ്കിലും രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണതയും കണ്ടുവരാറുണ്ട്. ജനറിക് മരുന്ന് എഴുതിയ ഡോക്ടറുടെ നിര്‍ദേശത്തെ അവര്‍ക്ക് കൂടുതല്‍ ലാഭം കിട്ടുന്ന ബ്രാന്‍ഡഡ് മരുന്ന് നല്‍കി മറികടക്കുന്നതാണ് ആ പ്രവണത.

ബ്രാന്‍ഡഡ് മരുന്നുകള്‍ കഴിക്കുന്ന ഒരാള്‍ക്ക് ജനറിക് മരുന്നുകള്‍ കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമോ?

യഥാര്‍ത്ഥത്തില്‍ ജനറിക് മരുന്നിലും ബ്രാന്‍ഡഡ് മരുന്നിലും ഒരേ ചേരുവകള്‍ തന്നെയാണ് ഉള്ളത്. ഒരേ രീതിയിലാണ് രണ്ടു മരുന്നുകളും ശരീരത്തില്‍ പ്രവര്‍ത്തിക്കുക. അത് കൊണ്ട് തന്നെ ബ്രാന്‍ഡഡ് മരുന്നുകളും ജനറിക് മരുന്നുകളും ഒരേ ഫലമാണ് ഉണ്ടാക്കുക.

ബ്രാന്‍ഡഡ് മരുന്നുകള്‍ നിര്‍ദ്ദേശിക്കപ്പെട്ട ഒരു രോഗിക്ക് എങ്ങനെ തത്തുല്യമായ ജനറിക് മരുന്നുകള്‍ ലഭ്യമാക്കാന്‍ കഴിയും?


ബ്രാന്‍ഡ് മരുന്നോ ജനറിക് മരുന്നോ എന്നതിനെക്കാള്‍ ഉപരി പ്രധാനമാവുന്നത് മരുന്നിലെ ചേരുവകള്‍ ആണ്. യോഗ്യത ഉള്ള ഒരു ഫാര്‍മസിസ്റ്റിന് മരുന്നിലെ ചേരുവകള്‍ മനസ്സിലാക്കുവാനും തത്തുല്യമായ ജനറിക് മരുന്ന ലഭ്യമാക്കുവാന്‍ രോഗിയെ സഹായിക്കാനും കഴിയും.

കടപ്പാട് : അഴിമുഖം