വരുന്നൂ, കോവിഡിനെ ഉൾപ്പടെ ചെറുക്കുന്ന ഇന്ത്യയുടെ പ്രത്യേക ട്രയിൻ കോച്ച്...

ന്യൂഡൽഹി : കോവിഡിനെ പ്രതിരോധിക്കാൻ സജ്ജീകരണമുള്ള  പുതിയ കോച്ചുകളുമായി ഇന്ത്യൻ റെയിൽവേ. കരസ്‌പർശം വേണ്ടാത്തവിധമുള്ള സൗകര്യങ്ങൾ, ചെമ്പ്‌ പൂശിയ കൈപ്പിടികൾ, ടൈറ്റാനിയം ഡൈ ഓക്‌സൈഡ്‌ പൂശിയ ഉൾവശം, വായു ശുദ്ധമാക്കാനുള്ള ക്രമീകരണം തുടങ്ങിയ സവിശേഷതകളുള്ള കോച്ചുകളാണ്‌ കപുർത്തല റെയിൽ കോച്ച്‌ ഫാക്ടറി നിർമിക്കുന്നത്‌.

  ശുചിമുറിയിലെ വാട്ടർ ടാപ്പുകളും സോപ്പ്‌ ഡിസ്‌പെൻസറുകറും കാലുകൊണ്ട് പ്രവർത്തിപ്പിക്കാം. ശുചിമുറിയുടെ വാതിൽ കാലുകൊണ്ടോ കൈ മുട്ടുകൊണ്ടോ‌  തുറക്കാം. ചെമ്പുപ്രതലത്തിൽ വൈറസിന്‌ ആയുസ്സ്‌ കുറവാണെന്ന നി​ഗമനപ്രകാരം വാതൽപ്പിടികളും കൊളുത്തും ചെമ്പ്‌ പൂശി. എസി കോച്ചുകളുടെ ഉൾഭാഗത്തെ വായുശുദ്ധീകരിക്കാനായി എസി ഡക്ട്‌ വാൽവുകളെ വായുശുദ്ധമാക്കാനുള്ള സംവിധാനവുമായി ബന്ധിപ്പിക്കും. ബാക്ടീരിയ, വൈറസ്‌, ഫംഗസ്‌ എന്നിവയെ നശിപ്പിക്കാന്‍  കോച്ചുകളുടെ ഉൾവശം ടൈറ്റാനിയം ഡൈ ഓക്‌സൈഡ്‌ പൂശും. വാഷ്‌ബേസിനുകൾ, വാതിലുകൾ, സീറ്റ്‌, ബെർത്ത്‌, ഭക്ഷണടേബിൾ, ഗ്ലാസ്‌ജനൽ തുടങ്ങി മനുഷ്യസ്‌പർശമുണ്ടാകാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും ടൈറ്റാനിയം ഡൈ ഓക്‌സൈഡ്‌ പൂശും.  പുതിയ കോച്ചുകൾ ഉടൻ ട്രാക്കിലെത്തിക്കുമെന്ന്‌ റെയിൽവേ അറിയിച്ചു.