ലീലയുടെ കരിന്തണ്ടൻ ചലച്ചിത്രമാകാൻ നിങ്ങളും സഹായിക്കണം, ഒരുങ്ങുന്നത് വിനായകൻ നായകനാകുന്ന ബിഗ് ബജറ്റ് ചലച്ചിത്രം...

വയനാടൻ ഐതീഹ്യങ്ങളിലെ ഗോത്രനായകൻ കരിന്തണ്ടന്‍റെ കഥ സിനിമയാകുന്നത് നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നല്ലോ. സിനിമാ കൂട്ടായ്മയായ കളക്ടീവ് ഫേസ് വണ്ണായിരുന്നു ചിത്രമൊരുക്കാൻ ആദ്യം മുന്നോട്ട് വന്നത്.

അവർ പിന്നീട് ഇതിൽ നിന്ന് പിന്മാറിയിരുന്നു. നടൻ വിനായകൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾക്ക് വലിയ പിന്തുണയും ലഭിച്ചിരുന്നു. മുഷ്ടികൾ ചുരുട്ടി ഒാടിയെത്തുന്ന ഗോത്രവേഷധാരിയായ വിനായകന്‍റെ ചിത്രം ഫേസ്ബുക്കിൽ തരംഗമാവുകയും ചെയ്തു. വയനാട്ടിലെ പണിയ വിഭാഗത്തിലെ അംഗവും 'കനവെ'ന്ന ബദൽ വിദ്യാലയത്തിലെ ആദ്യകാല പഠിതാവുമായ ലീലയാണ് തങ്ങളുടെ തന്നെ ഗോത്രകഥകളിലെ ഇതിഹാസ നായകനെക്കുറിച്ച് സിനിമയൊരുക്കുന്നത്.

വലിയ ബജറ്റിൽ ബ്രിട്ടീഷ് കാലത്തെയടക്കം ഉൾപ്പെടുത്തിയാണ് സിനിമയെക്കുറിച്ചുള്ള ആലോചനകൾ നടന്നത്. ഇംഗ്ലീഷിലടക്കം പുറത്തിറാക്കാനൊരുങ്ങുന്ന ചിത്രത്തിന്‍റെ പ്രാഥമിക ഗവേഷണങ്ങളും പഠനങ്ങളുമാണ് ഇപ്പോൾ നടക്കുന്നത്. സമ്പൂർണ്ണ പ്രൊജക്ടായി കഥ പൂർത്തിയാക്കി നിർമ്മാതാക്കളെ സമീപിക്കാനാണ് ലീല ശ്രമിക്കുന്നത്.

സിനിമക്കായുള്ള ഗവേഷണ ഡോക്യുമെന്‍ററിയും തയ്യാറാക്കുന്നുണ്ട്.ഈ പ്രവർത്തനങ്ങൾക്കാവശ്യമായ നാലുലക്ഷം രൂപക്കായാണ് ലീല
ക്രൗഡ് ഫണ്ടിംഗ് സൈറ്റായ കെറ്റോവ‍ഴി ശ്രമിക്കുന്നത്.കുനാൽ കപൂറും കനി കുസൃതിയുമുൾപ്പെടെ നിരവധി പേർ
ലീലക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.പിന്തുണക്കാൻ നിങ്ങൾ തയ്യാറെങ്കിൽ ഇതാണ് ലിങ്ക് : 

കരിന്തണ്ടനെന്ന ഗോത്ര നായകൻ പണിയ വിഭാഗത്തിന്‍റെ ഒട്ടേറെ വാമൊ‍ഴിപാട്ടുകളിൽ ഇന്നും കെടാതെയുണ്ട്. താമരശ്ശേരി ചുരമെന്ന വയനാട് ചുരത്തിന്‍റെ ഐതീഹ്യങ്ങളിൽ ബ്രിട്ടീഷുകാർക്ക് ഈ പാത കാണിച്ചുകൊടുത്തതും കരിന്തണ്ടനാണ്.പിന്നീട് ബ്രീട്ടീഷുകാർ തന്നെ ചതിയിലൂടെ കൊലപ്പെടുത്തിയ കരിന്തണ്ടനിലേക്കുളള വസ്തുതാപരമായ അന്വേഷണമാണ് സിനിമക്ക് പിന്നിൽ ലീല നിർവ്വഹിക്കുന്നത്.

കഥകളിലും ഐതീഹ്യങ്ങളിലും മറഞ്ഞുപോയ സത്യങ്ങളെ ഗോത്രപരിസരങ്ങളിൽ നിന്ന് കണ്ടെത്തുകയായിരിക്കും കരിന്തണ്ടനെന്ന് ലീല കൈരളിന്യൂസിനോട് പറഞ്ഞു. ആദ്യഘട്ടത്തിലെ പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ കൂടെ പിന്തുണതേടിയാണ് ലീല ക്രൗഡ് ഫണ്ടിങ്ങിനായി തീരുമാനിച്ചത്. കരിന്തണ്ടനെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് പറയുന്ന ലീല വയനാടിന്‍റെ ചരിത്ര നിർമ്മിതിയെക്കൂടി പുനർ നിർവചിക്കാനൊരുങ്ങുകയാണ് ഈ സിനിമയിലൂടെ.