ദുരന്ത ഭൂമി സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ : പെട്ടിമുടിയില്‍ ദുരിതബാധിതരെ പൂര്‍ണമായും പുനരധിവസിപ്പിക്കും; ദുരന്തത്തില്‍ ഒറ്റപ്പെട്ടുപോയ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും.


പെട്ടിമുടിയിലെ ദുരിത ബാധിത പ്രദേശം സന്ദര്‍ശിച്ച മുഖ്യമന്ത്രിയും ഗവര്‍ണറും സംഘവും അവലോകന യോഗത്തിന് ശേഷം മടങ്ങി.

ദുരിത ബാധിതരായവരെ പൂര്‍ണമായും സര്‍ക്കാര്‍ പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറയിച്ചു. കമ്പനിയുമായി സഹകരിച്ചായിരിക്കും പുനരധിവാസം നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെട്ടിമുടിയിലെ മു‍ഴുവന്‍ കുടുംബങ്ങള്‍ക്കും പുതിയ ഭൂമിയില്‍ പുതിയ വീട് വച്ച് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും ഭൂമി കണ്ടെത്തുന്നതുള്‍പ്പെടെയുള്ള കാര്യത്തില്‍ കമ്പനിക്ക് സഹകരിക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തത്തില്‍ പലകുടുംബങ്ങളിലെയും കുഞ്ഞുങ്ങള്‍ ഒറ്റപ്പെട്ടു പോയിടിടുണ്ട് ഇവരുടെ പഠനചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അപകടത്തില്‍പ്പെട്ടവരുടെ ചികിത്സാച്ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തത്തിൽപ്പെട്ട 15 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ഇതിനായുള്ള തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തകർ ഊർജ്ജിതമായ പ്രവർത്തനമാണ് നടത്തുന്നത്. ദുരന്തശേഷം ജാഗ്രതയോടെ രക്ഷാപ്രവർത്തനം നടത്തിയവരെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെട്ടിമുടിയില്‍ നടന്നത് വന്‍ദുരന്തമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ദുരന്തം ഉണ്ടായതിന് പിന്നാലെ, രാഷ്ട്രപതി അടക്കം വിളിച്ചിരുന്നു. ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും ഗവർണർ പറഞ്ഞു.