ന്യൂഡൽഹി : കോവിഡ് ബാധിതർക്കും നിരീക്ഷണത്തിലുള്ളവർക്കും തപാൽവോട്ടിന് അവസരം നൽകി കേന്ദ്രതെരഞ്ഞെടുപ്പ് കമീഷൻ പ്രത്യേക മാനദണ്ഡം പുറപ്പെടുവിച്ചു. ഇവർക്ക് അവസാന മണിക്കൂറിൽ ബൂത്തിലെത്തിയും വോട്ട് ചെയ്യാം.
പത്രികാസമർപ്പണം, പ്രചാരണം, പോളിങ് ബൂത്ത് ഒരുക്കൽ, വോട്ടെണ്ണൽ തുടങ്ങിയവയിലെല്ലാം പാലിക്കേണ്ട വിശദ മാർഗനിർദേശം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവച്ചു.
കോവിഡ്‌കാലത്ത് തെരഞ്ഞെടുപ്പ് ഏതുരീതിയിൽ വേണമെന്നതിൽ തെരഞ്ഞെടുപ്പ് കമീഷൻ രാഷ്ട്രീയ പാർടികളിൽനിന്ന് നേരത്തേ അഭിപ്രായം തേടി. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പും മധ്യപ്രദേശ് അടക്കം വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പും പുതിയ മാനദണ്ഡം പാലിച്ചാകും.
ഭിന്നശേഷിക്കാർ, 80 വയസ്സ് പിന്നിട്ടവർ, അവശ്യസേവനങ്ങളിൽ ഏർപ്പെട്ടവർ, കോവിഡ് ബാധിതർ, രോഗം സംശയിക്കുന്നവർ, ക്വാറന്റൈനിൽ കഴിയുന്നവർ എന്നിവർക്കാണ് തപാൽവോട്ട്
● കണ്ടെയ്‌ൻമെന്റ് സോണുകളിലെ വോട്ടെടുപ്പിന് പ്രത്യേക മാർഗനിർദേശം
● ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാർ
● തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്ക് മാസ്ക് നിർബന്ധം
● വോട്ടർമാർക്ക് സാനിറ്റൈസർ ലഭ്യമാക്കും.
● രജിസ്റ്ററിൽ ഒപ്പുവയ്‌ക്കാനും വോട്ടിങ് യന്ത്രത്തിലെ ബട്ടൺ അമർത്താനും കൈയുറ നൽകും
● മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ സംസ്ഥാന, ജില്ല, മണ്ഡലാടിസ്ഥാനത്തിൽ നോഡൽ ഹെൽത്ത് ഓഫീസർമാർ
● മാനദണ്ഡം പാലിച്ചില്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം നടപടി
● പോളിങ്ബൂത്തുകൾ അണുവിമുക്തമാക്കും
● കവാടങ്ങളിൽ തെർമൽ സ്‌കാനർ നിർബന്ധം
● നാമനിർദേശ പത്രിക സിഇഒ/ ഡിഇഒ വെബ്‌സൈറ്റിൽ ലഭ്യമാകും
● സത്യവാങ്‌മൂലവും ഓൺലൈനായി പൂരിപ്പിക്കാം
● പ്രചാരണത്തിന് സ്ഥാനാർഥിയടക്കം ഒരു സംഘത്തിൽ അഞ്ചുപേർമാത്രം
● റോഡ് ഷോയ്‌ക്കുള്ള വാഹനവ്യൂഹത്തിൽ ഒരു സമയം പരമാവധി അഞ്ച് വാഹനം
തെരഞ്ഞെടുപ്പിൽ കോവിഡ് സുരക്ഷ
പത്രികാസമർപ്പണം, പ്രചാരണം, പോളിങ് ബൂത്ത് ഒരുക്കൽ, വോട്ടിങ് യന്ത്രങ്ങൾ ഒരുക്കൽ, ഉദ്യോഗസ്ഥരുടെ പരിശീലനം, വോട്ടെണ്ണൽ എന്നിവയിലടക്കം അടിമുടി പാലിക്കേണ്ട കോവിഡ് സുരക്ഷാ മാർഗനിർദേശമാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിച്ചത്.
● നാമനിർദേശ പത്രിക ഓൺലൈനിൽ പൂരിപ്പിച്ചശേഷം പ്രിന്റെടുത്ത് റിട്ടേണിങ് ഓഫീസർക്ക് സമർപ്പിക്കണം
● സത്യവാങ്‌മൂലവും ഓൺലൈനായി പൂരിപ്പിച്ച് പ്രിന്റെടുത്ത് പത്രികയ്‌ക്കൊപ്പം സമർപ്പിക്കണം
● കെട്ടിവയ്‌ക്കേണ്ട തുകയും ഓൺലൈനായും ട്രഷറിയിൽ നേരിട്ടും നിക്ഷേപിക്കാം
● പത്രികാസമർപ്പണത്തിന് സ്ഥാനാർഥിക്കൊപ്പം രണ്ടുപേർ. പരമാവധി രണ്ടു വാഹനം
● വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണത്തിന് സ്ഥാനാർഥിക്ക് സുരക്ഷാ ഉദ്യോഗസ്ഥരെ അനുവദിക്കും
● പൊതുയോഗങ്ങൾക്കുള്ള മൈതാനം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുൻകൂട്ടി നിശ്ചയിക്കണം. മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ജില്ലാ ഹെൽത്ത് ഓഫീസർ ഉറപ്പാക്കണം
● യോഗങ്ങളിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിശ്ചയിച്ച സംഖ്യയിൽ കൂടുതൽ ആളുകൾ പാടില്ല.
● പോളിങ് ബൂത്തിൽ ആരോഗ്യ പ്രവർത്തകരോ ആശാ പ്രവർത്തകരോ താപനില പരിശോധിക്കണം
● ഉയർന്ന താപനിലയുള്ളവർക്ക് ടോക്കൺ നൽകി അവസാന മണിക്കൂറിൽ വോട്ട് ചെയ്യാൻ അവസരം. ടോക്കൺ നൽകാൻ ഹെൽപ്‌ഡെസ്‌ക്
● ക്യൂവിൽ ആറടി അകലം പാലിച്ച് 15–-20 പേർമാത്രം. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക ക്യൂ
● സോപ്പ്, വെള്ളം, സാനിറ്റൈസർ, മാസ്‌ക് എന്നിവ ഉറപ്പാക്കണം
● പോളിങ് ഉദ്യോഗസ്ഥർക്കു മുന്നിൽ ഒരു സമയം ഒരു വോട്ടർമാത്രം. ഉദ്യോഗസ്ഥർക്കോ ഏജന്റുമാർക്കോ ഉയർന്ന താപനിലയെങ്കിൽ പകരക്കാരെ നിയോഗിക്കണം
● ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും സുരക്ഷാഭടന്മാർക്കും മാസ്‌ക്, സാനിറ്റൈസർ, ഫെയ്‌സ് ഷീൽഡ്, കൈയുറ എന്നിവയടങ്ങുന്ന കിറ്റ് നൽകണം
● വോട്ടിങ് യന്ത്രങ്ങളുടെയും വിവിപാറ്റുകളുടെയും ഒന്നും രണ്ടും വേർതിരിക്കലുകൾ വലിയ ഹാളുകളിൽ
● പോളിങ് ഉദ്യോഗസ്ഥരുടെ പരിശീലനം വികേന്ദ്രീകരിക്കണം ഓൺലൈൻ മാർഗം ഉപയോഗിക്കാം. പവർപോയിന്റ് പ്രസന്റേഷനുകൾ, പരിശീലന രേഖകൾ, വീഡിയോ ക്ലിപ്പുകൾ എന്നിവ ആപ്പുകളിലോ പോർട്ടലുകളിലോ അപ്‌ലോഡ് ചെയ്യണം
●ഉദ്യോഗസ്ഥന് കോവിഡ് ലക്ഷണമുണ്ടായാൽ പകരം നിയോഗിക്കാൻ ആളെ കരുതണം
● വോട്ടെണ്ണൽ ഹാളിൽ ഏഴ് മേശയിൽ കൂടുതൽ പാടില്ല. ഒരു നിയോജകമണ്ഡലത്തിലെ വോട്ടെണ്ണൽ കൂടുതൽ അസിസ്‌റ്റന്റ് റിട്ടേണിങ് ഓഫീസർമാരെ നിയോഗിച്ച് മൂന്നോ നാലോ ഹാളുകളിലാക്കണം. കൺട്രോൾ യൂണിറ്റിലെ ഫലം വലിയ സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കണം. വോട്ടെണ്ണലിന് മുമ്പും നടക്കുമ്പോഴും ശേഷവും കേന്ദ്രങ്ങൾ അണുവിമുക്തമാക്കണം.
വോട്ട് നിഷേധിക്കരുത്: സിപിഐ എം
തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും തപാൽ വോട്ട് അനുവദിക്കാമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർക്കും വോട്ടവകാശം നിഷേധിക്കുന്നത് ശരിയല്ല. ഇത്തരം സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കെന്നപോലെ തപാൽവോട്ട് അനുവദിക്കുകയാണ് വേണ്ടത്. അതേസമയം, ഇതുസംബന്ധിച്ച തെരഞ്ഞെടുപ്പ് കമീഷൻ പാർടിയോട് അഭിപ്രായം ചോദിച്ചിട്ടില്ല. ചർച്ചയിൽ നിലപാട് വ്യക്തമാക്കുമെന്നും കോടിയേരി പറഞ്ഞു.
മാനദണ്ഡം കർശനമാക്കും
തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് പ്രോട്ടോകോൾ കർശനമായി നടപ്പാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി ഭാസ്‌കരൻ പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ മാർഗനിർദേശത്തിൽ സംസ്ഥാനത്തെ സാഹചര്യത്തിന് അനുയോജ്യമായത് സ്വീകരിക്കും. ആരോഗ്യവിദഗ്‌ധരിൽനിന്ന് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചശേഷം സർക്കാരുമായും രാഷ്‌ട്രീയപാർടി പ്രതിനിധികളുമായും ചർച്ച നടത്തും. തുടർന്നാകും തെരഞ്ഞെടുപ്പിനുള്ള കോവിഡ് പ്രോട്ടോകോൾ പ്രഖ്യാപിക്കുക.