മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു. | Former Indian President Pranab Mukharji Passed Away

മുൻ രാഷ്ട്രപതിയും ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യമുഖവുമായ പ്രണബ് മുഖർജി ഇനി ദീപ്തമായ ഓർമ്മ. അഞ്ച് പതിറ്റാണ്ടിലധികം രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുകയും ഇന്ത്യയുടെ ഏറ്റവും മഹോന്നത പദവിയിൽ എത്തുകയും ചെയ്ത പ്രണബ് മുഖർജി(85)യുടെ അന്ത്യം ഡൽഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു. മകൻ അഭിജിത് മുഖർജിയാണ് മരണവാർത്ത സ്ഥിരീകരിച്ചത്. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനാൽ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. നേരത്തെ നടന്ന പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

2019-ൽ പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകി പ്രണബ് മുഖർജിയെ രാജ്യം ആദരിച്ചിരുന്നു.രാജ്യത്തിന് നൽകിയ സംഭാവനകൾ മാനിച്ചായിരുന്നു ബഹുമതി നൽകിയത്. പതിമ്മൂന്നാമത് രാഷ്ട്രപതിയായിരുന്ന പ്രണബ് 2012 മുതൽ '17 വരെയാണ് പദവി വഹിച്ചത്. നേരത്തേ, വിവിധ കോൺഗ്രസ് മന്ത്രിസഭകളിൽ ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു.

സ്വാതന്ത്ര്യ സമരസേനാനിയും കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകനുമായിരുന്ന കമഡ കിങ്കർ മുഖർജിയുടെയും രാജലക്ഷ്മിയുടെയും മകനായി 1935 ഡിസംബർ 11-ന് പശ്ചിമബംഗാളിലെ ബീർഭും ജില്ലയിലാണ്
പ്രണബ് മുഖർജിയുടെ ജനനം.സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനാൽ ബ്രിട്ടീഷുകാർ തടവിലാക്കിയ വ്യക്തിയാണ് കിങ്കർ മുഖർജി.

1969-ൽ രാജ്യസഭാംഗമായ പ്രണബ് 73-ൽ ഇന്ദിരാസർക്കാരിന്റെ കാലത്ത് കേന്ദ്ര വ്യവസായസഹമന്ത്രിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയുടെ വിശ്വസ്തനായതിനാൽ ആരോപണങ്ങൾ നേരിടേണ്ടി വന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നു പ്രണബും. ഇന്ദിരാഗാന്ധി വീണ്ടും അധികാരത്തിലേറിയപ്പോൾ 82 മുതൽ 84 വരെ ധനകാര്യമന്ത്രിയായിരുന്നു പ്രണബ്. എന്നാൽ ഇന്ദിരയുടെ മരണശേഷം രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പുതിയപോരാട്ടത്തിനിറങ്ങിയപ്പോൾ പ്രണബ് മുഖർജിയെ കോൺഗ്രസ് തഴയുകയാണ് ഉണ്ടായത്. ഇന്ദിരയുടെ പിൻഗാമിയെന്ന് സ്വയം കരുതിയിരുന്നു മുഖർജി. അതുതന്നെയായിരുന്നു തഴയാനുണ്ടായ കാരണവും. പിന്നീട് 1995-ൽ നരസിംഹറാവു മന്ത്രിസഭയിലാണ് വിദേശകാര്യമന്ത്രിയായി പ്രണബ് എത്തുന്നത്..
2004-ൽ മൻമോഹൻ സിങ് മന്ത്രിസഭയിലെ രണ്ടാമനായിരുന്ന പ്രണബ് രാഷ്ട്രപതിയാകുന്നതിന് വേണ്ടിയാണ് മന്ത്രിപദം രാജിവെച്ചത്. 1997-ൽ മികച്ച പാർലമെന്റേറിയൻ പുരസ്കാരം നേടി. പദ്മവിഭൂഷണും കരസ്ഥമാക്കിയുണ്ട്.