അനിൽ നമ്പ്യാരും കുടുങ്ങുമോ ? ചോദ്യം ചെയ്തത് അഞ്ച് മണിക്കൂര്‍; അനില്‍ നമ്പ്യാര്‍ക്ക് ക്ലീന്‍ചിറ്റില്ലെന്ന് കസ്റ്റംസ്...


സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്ക് ക്ലീന്‍ചിറ്റില്ലെന്ന് കസ്റ്റംസ്. അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായാണ് അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തത്. മൊഴി വിശദമായി വിലയിരുത്തിയതിന് ശേഷമാകും കൂടുതല്‍ തീരുമാനങ്ങള്‍ എന്നും കസ്റ്റംസ് വെളിപ്പെടുത്തി.

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ജനം ടിവി ചാനല്‍ തലവന്‍ അനില്‍ നമ്പ്യാര്‍ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ജനം ടിവി കോ ഓഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരോട് ആവശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ച് കസ്റ്റംസ് ഓഫീസില്‍ എത്തുകയായിരുന്നു നമ്പ്യാര്‍.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ കടത്ത് കസ്റ്റംസ് പിടികൂടിയ അതേദിവസം ഉച്ചയ്ക്ക് പ്രതി സ്വപ്ന സുരേഷുമാി അനില്‍ നമ്പ്യാര്‍ നിരവധിത്തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്ന് കസ്റ്റംസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. അനിലും സ്വപ്നയും നിരവധിത്തവണ നേരില്‍ കണ്ട് സംസാരിച്ചിട്ടുണ്ട്. ജൂലൈ അഞ്ചിന് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ഹാജരാകാനാണ് അനില്‍ നമ്പ്യാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ കസ്റ്റംസ് ഉടന്‍ സമന്‍സ് നല്‍കുമെന്നാണ് വിവരം.

ചോദ്യം ചെയ്യലില്‍ അനില്‍ നമ്പ്യാരുടെ പേര് സ്വപ്ന സുരേഷ് പരാമര്‍ശിക്കുകയും ചെയ്തിരുന്നെന്നാണ് സൂചന. സ്വപ്ന സുരേഷിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി അനില്‍ നമ്പ്യാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. സ്വര്‍ണകടത്ത് വാര്‍ത്തകള്‍ പുറത്തുവന്ന ദിവസം ആ വാര്‍ത്ത ജനം ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നും ആരോപണമുണ്ട്.