PSC പരീക്ഷാരീതികള്‍ പരിഷ്‌കരിക്കുന്നു; രണ്ടു ഘട്ടങ്ങളായി പരീക്ഷകള്‍ നടത്തും; പുതുക്കിയ പരീക്ഷകള്‍ ഡിസംബറില്‍



https://bit.ly/StarCareSarin

തിരുവനന്തപുരം : പബ്ലിക് സര്‍വീസ് കമീഷന്‍ പരീക്ഷാരീതികള്‍ അടിമുടി പരിഷ്‌കരിക്കുന്നു. പി.എസ്.സിയുടെ പരീക്ഷകള്‍ ഇനിമുതല്‍ രണ്ടുഘട്ടമായിട്ടായിരിക്കും നടത്തുക.

ആദ്യഘട്ടത്തില്‍ സ്‌ക്രീനിങ് ടെസ്റ്റ് നടത്തും. ഇതില്‍ വിജയിക്കുന്നവര്‍ രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടുമെന്ന് പി.എസ്.സി ചെയര്‍മാന്‍ എം കെ സക്കീര്‍ അറിയിച്ചു. പുതിയ ഭേദഗതി നിലവില്‍ വന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അപേക്ഷകള്‍ കൂടുതലായി വരുന്ന തസ്തികകള്‍ക്കായിരിക്കും പുതിയ പരിഷ്‌കരണം ബാധകമാവുക. ആദ്യ ഘട്ടമെന്ന നിലയില്‍ ഡിസംബറില്‍ പുതിയ രീതിയിലുളള പരീക്ഷകള്‍ നടത്തും. സ്‌ക്രീനിംഗ് ടെസ്റ്റിന് ലഭിക്കുന്ന മാര്‍ക്ക് റാങ്ക് പട്ടികയ്ക്കായി പരിഗണിക്കില്ല.

അന്തിമ പരീക്ഷയിലേയ്ക്ക് യോഗ്യത നേടുന്നതിന് മാത്രമാണ് സ്‌ക്രീനിംഗ് പരീക്ഷ നടത്തുന്നത്. ഇന്റര്‍വ്യൂ വേണ്ട പരീക്ഷകള്‍ക്ക് ഇതും നടത്തിയ ശേഷം മാത്രമാകും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. അല്ലാത്ത പക്ഷം അന്തിമ പരീക്ഷ നടത്തി വേഗത്തില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ സാധിക്കുമെന്നും പി.എസ്.സി ചെയര്‍മാന്‍ അറിയിച്ചു.

യുപിഎസ്.സി പോലെ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പരീക്ഷ നടത്തുന്ന സംവിധാനങ്ങളുടെ മാതൃക പിന്തുടര്‍ന്നാണ് ചട്ടത്തില്‍ ഭേഗഗതി കൊണ്ടുവന്നതെന്നും പി.എസ്.സി ചെയര്‍മാന്‍ അറിയിച്ചു.

നീട്ടിവെച്ച പരീക്ഷകള്‍ സെപ്റ്റംബര്‍ മുതല്‍ നടത്തും. അപേക്ഷ ക്ഷണിച്ച തസ്തികകളിലേക്കുള്ള പരീക്ഷകള്‍ ഡിസംബര്‍ മുതല്‍ ആരംഭിക്കും. നേരത്തെ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവകാശപ്പെട്ട നിയമനം ഇതുവരെ നല്‍കിയിട്ടുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു.