ലൈംഗിക തൊഴില്‍ കുറ്റകരമല്ല : ഹൈക്കോടതി വിധി.


 

നിയമത്തിന് മുന്നില്‍ ലൈംഗികത്തൊഴില്‍ കുറ്റകരമല്ലെന്ന് നിരീക്ഷിച്ച് മൂന്ന് ലൈംഗിക തൊഴിലാളികളെ മോചിപ്പിച്ച് ബോംബെ ഹൈക്കോടതി. വനിതാ ഹോസ്റ്റല്‍ തടവില്‍ നിന്ന് 20,22,23 പ്രായങ്ങളിലുള്ള പെണ്‍കുട്ടികളെ മോചിപ്പിച്ചുകൊണ്ടായിരുന്നു കോടതിയുടെ സുപ്രധാന ഉത്തരവ്.

 മുതിര്‍ന്ന സ്ത്രീക്ക്  ഇഷ്ടമുള്ള തൊഴില്‍ തെരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. അവരുടെ സമ്മതത്തിന് വിരുദ്ധമായി തടഞ്ഞുവെയ്ക്കാനാകില്ല.

1956 ലെ വ്യഭിചാരം തടയല്‍ നിയമത്തിന്റെ ഉദ്ദേശം ലൈംഗികവൃത്തി എടുത്തുകളയലല്ല. ലൈംഗികത്തൊഴില്‍ കുറ്റകരമാണെന്നും അതിലേര്‍പ്പെടുന്നവരെ ശിക്ഷിക്കണമെന്നും നിയമത്തില്‍ വ്യവസ്ഥയില്ലെന്നും ജസ്റ്റിസ് പൃഥിരാജ് ചവാന്‍ നിരീക്ഷിച്ചു.

ഒരാളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ഉപദ്രവിക്കുന്നതും അധിക്ഷേപിക്കുന്നതും വാണിഭാവശ്യത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതാണ് കുറ്റകരമെന്നും ജഡ്ജ് വ്യക്തമാക്കി.