മഴ ശക്തം : ഇടുക്കി ഡാമില്‍ ബ്ലൂ അലേര്‍ട്ട്


 

ഇടുക്കി ഡാമില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ നീരൊഴുക്കിനെ തുടര്‍ന്നാണ് ബ്ല്യു അലേര്‍ട്ട് പ്രഖ്യാപിച്ചത്. രാവിലെ 10 മണിക്കാണ് ജലനിരപ്പ് 2388.08 ആയി. ജലനിരപ്പ് 7 അടി കൂടി ഉയരുകയാണെങ്കില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും.

ജലനിരപ്പ് 2395.98 അടി ആയാല്‍ ഡാം തുറക്കും. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മൂലമറ്റത്ത് വൈദ്യുത ഉല്‍പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇതിനിടെ കക്കി- ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഇന്ന് രാവിലെ തുറന്നതായി ജില്ലാ കളക്ടര്‍ പി ബി നൂഹ് അറിയിച്ചു. 25 സെന്റിമീറ്റര്‍ വീതമാണ് ഇരു ഡാമിന്റെയും ഷട്ടറുകള്‍ ഉയര്‍ത്തിയത്.

ഷട്ടറുകള്‍ ഉയര്‍ത്തിയതു മൂലം പമ്പയാറിലെ ജലനിരപ്പ് 10 സെന്റിമീറ്റര്‍ ഉയര്‍ന്നേക്കാമെന്നുളള സാഹചര്യത്തില്‍ നദിയുടെ തീരത്ത് താമസിക്കുന്നവരും പൊതുജനങ്ങലും സുരക്ഷ ഉറപ്പുവരുത്തണമെന്നും അധികൃതര്‍ അറിയിച്ചു.