ഇന്ത്യാ ചൈന അതിര്‍ത്തി തര്‍ക്കത്തിനിടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കം ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വം സജീവമായ ചൈനീസ് നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. ചൈനീസ് സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള ഷെന്‍ഹ്വ ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി എന്ന സ്ഥാപനമാണ് 10,000ത്തോളം വ്യക്തികളെയും സ്ഥാപനങ്ങളെയും നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.
മാസങ്ങളായി കിഴക്കന്‍ ലഡാക്ക് കേന്ദ്രീകരിച്ച് ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷം തുടരുകയാണ്. പ്രശ്‌ന പരിഹാരം ഇനിയും സാധ്യമാകാതെ തുടരവേയാണ് സാങ്കേതികത വിദ്യ സാധ്യതകളെ ഉപയോഗപ്പെടുത്തി ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തെ ചൈന സജീവ നിരീക്ഷണത്തില്‍ ആക്കിയിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ചൈനീസ് സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള ഒരു കമ്പനി വിപുലമായ തോതിലാണ് നിരീക്ഷണം നടത്തിവരുന്നത്.
രാജ്യത്തെ 10000ത്തോളം വ്യക്തികളും സ്ഥാപനങ്ങളുമാണ് ഷെന്‍ഹ്വ ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി എന്ന കമ്പനിയുടെ നിരീക്ഷണത്തില്‍. രാജ്യത്തെ സമുന്നതാര നേതാക്കളായ, രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ തുടങ്ങി പ്രാദേശിക തലത്തിലെ ജന പ്രതിനിധികള്‍ വരെ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇവരെ കൂടാതെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ, സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്, പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരും നിരീക്ഷണത്തിലാണ്. നിരീക്ഷണത്തില്‍ ഉള്ളവരില്‍ 700 പേര്‍ രാഷ്ട്രീയ നേതാക്കളാണ്. 5 മുന്‍ പ്രധാനമന്ത്രിമാര്‍, അവരുടെ കുടുംബം, 350ഓളം പഴയതും പുതിയതുമായ പാര്‍ലമെന്റ് അംഗങ്ങള്‍ ഇങ്ങനെ പട്ടിക പിന്നേയും നീളുന്നു.
രണ്ട് വര്‍ഷം കൊണ്ടാണ് ചൈനീസ് കമ്പനി ഇത്ര വിപുലമായ ഡാറ്റ ബേസ് ഉണ്ടാക്കിയത്. ചൈന മാത്രം കേന്ദ്രീകരിച്ചായിരുന്നില്ല പകരം വിവിധ രാജ്യങ്ങളിലെ കേന്ദ്രങ്ങള്‍ ഉപയോഗിച്ച് കൂടിയാണ് ഈ നിരീക്ഷണം തുടര്‍ന്ന് പോവുന്നത്. നേതാക്കളുടെ ഓരോ സൂക്ഷമ നീക്കങ്ങളും ശേഖരിച്ച് ചൈനീസ് താല്‍പര്യത്തിന് വേണ്ടി വിവരങ്ങള്‍ വിശദമായി ഉപയോഗപ്പെടുത്തുകയാണ് നിരീക്ഷണം വഴി ചൈന ലക്ഷ്യമിടുന്നത്. എന്നാല്‍ അത്തരം നിരീക്ഷണ ചുമതല മറ്റ് കമ്പനികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ നല്‍കിയിട്ടിലെന്നാണ് ചൈനീസ് വിശദീകരണം.