മനം മടുപ്പിക്കുന്നവയല്ല, മനസ്സു നിറക്കുന്ന ചില നല്ല വാർത്തകളും ഇവിടെയുണ്ട്, സോഷ്യൽ മീഡിയയിൽ എഴുത്തുകാരി കെ ആർ മീര പങ്കുവച്ച ഈ വാർത്ത വായിക്കുക :

വിദ്വേഷവും വിഷവും പടർത്തുന്ന വാർത്തകൾ മാത്രം  സെൻസേഷന് വേണ്ടി പ്രചരിപ്പിക്കുന്ന മാധ്യമങ്ങളാൽ കാണാതെ പോകുന്ന ചില നന്മകൾ ഉണ്ട്, മനസ്സിന് കുളിർമയും ആശ്വാസവും നൽകുന്ന ചിലത്. വാർത്തകളെ നിർമ്മിച്ച് പ്രചരിപ്പിക്കുന്ന ഈ കാലത്ത് ഇത്തരം വാർത്തകൾ വാർത്തകളേ അല്ലാതായിപ്പോകാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്.. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി കെ. ആർ മീര പങ്കുവെച്ച ഈ വാർത്ത നമുക്ക് വായിക്കാം : 


ഇന്ന് എന്‍റെ പുതിയ നോവലായ ‘ഖബറി’ന് സൈനുള്‍ ആബിദ് വരച്ച കവര്‍ച്ചിത്രം പ്രിയപ്പെട്ട പാര്‍വതി തിരുവോത്ത് പ്രകാശനം ചെയ്യുകയാണ്. അതിനേക്കാള്‍ സന്തോഷം മറ്റൊരു കാര്യത്തിലാണ്.

നജ്മയ്ക്കു വീല്‍ചെയര്‍ കിട്ടി.

ഫെയ്സ് ബുക്കിലൂടെ മാത്രം പരിചയമുള്ള എഴുത്തുകാരന്‍ ആര്‍.എന്‍. ഹോമര്‍ ആണു നജ്മയെ കുറിച്ചു പറഞ്ഞത്.

ഇരുവരെയും ഞാന്‍ ഇതുവരെ നേരില്‍ കണ്ടിട്ടില്ല.

ഒരു ദിവസം ശ്രീ ഹോമര്‍ വിളിച്ച് നജ്മയെ കുറിച്ചു പറഞ്ഞു. കവിത എഴുതുന്ന ഒരു കുട്ടിയുണ്ട്, ഒരു കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്, നമ്പര്‍ കൊടുത്തോട്ടെ എന്നു ചോദിച്ചു. ഞാന്‍ സമ്മതിച്ചു.

അങ്ങനെ നജ്മ വിളിച്ചു.

നജ്മയ്ക്കു മുപ്പത്തിരണ്ടു വയസ്സുണ്ട്. അപൂര്‍വമായ മാര്‍ഫന്‍ സിന്‍ഡ്രോം എന്ന ജനിതക രോഗം മൂലം ചലനശേഷി നഷ്ടപ്പെട്ടിരിക്കുന്നു. ഇടുപ്പെല്ല് ഉള്‍പ്പെടെ കൃത്രിമമായി വച്ചു പിടിപ്പിക്കേണ്ടി വന്നു. കുടലിനും ഹൃദയത്തിനും ഒക്കെയായി പത്തോളം ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്.

മൂന്നു വര്‍ഷം മുമ്പു ബാപ്പ മരിച്ചു. ലൈഫ് മിഷന്‍റെ ഭാഗമായി കിട്ടിയ വീടുണ്ട്. പക്ഷേ, നജ്മയുടെ ഉമ്മ ലോഷനുകളും സോപ്പും വീടുകളില്‍ കൊണ്ടു പോയി വിറ്റു കിട്ടുന്നതാണ് ആകെ വരുമാനം. കോവിഡ് കാരണം അതു ബുദ്ധിമുട്ടിലായി.

ഒരു ഇലക്ട്രോണിക് വീല്‍ചെയര്‍ ആയിരുന്നു നജ്മയുടെ സ്വപ്നം. നിരങ്ങി നീങ്ങുമ്പോള്‍ കടുത്ത വേദനയാണെന്നു നജ്മ പറഞ്ഞു. ആരെങ്കിലും പൊക്കിയെടുക്കാതെ വണ്ടിയില്‍ കയറാന്‍ പോലും പറ്റില്ല. അതിന്‍റെ ബുദ്ധിമുട്ടുകള്‍ വേറെ.

സാമൂഹിക നീതി വകുപ്പിന്‍റെ സഹായം കിട്ടുമോ എന്നറിയാന്‍ ഞാന്‍ വര്‍ഷങ്ങളായി ഞങ്ങളുടെ കുടുംബസുഹൃത്തായ ബാബു വാഴയിലിനെ വിളിച്ചു. ബാബു സി.പി.എം. കണ്ണൂര്‍ പാര്‍ട്ടി ഓഫിസ് സെക്രട്ടറിയാണ്. മന്ത്രി കെ. കെ. ശൈലജ ടീച്ചറുടെ സെക്രട്ടറി സന്തോഷിനെ ബാബു പരിചയപ്പെടുത്തി. സന്തോഷ് നജ്മയുടെ കാര്യം ശൈലജ ടീച്ചറുടെ ശ്രദ്ധയില്‍പ്പെടുത്തി.

ഇന്നു നജ്മയ്ക്കു വീല്‍ ചെയര്‍ വീട്ടില്‍ എത്തിച്ചു കിട്ടി.

അതില്‍ ഇരിക്കുന്ന ചിത്രം എനിക്ക് അയച്ചു തന്നു.

ശൈലജ ടീച്ചറിനും സന്തോഷിനും കോവിഡ് പ്രതിസന്ധികളെ മറികടന്നു നജ്മയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കിയ സുമനസ്സുകളായ ഉദ്യോഗസ്ഥര്‍ക്കും നന്ദി.

നജ്മയ്ക്ക് ആരോഗ്യവും കൂടുതല്‍ കവിതകളും നേരുന്നു.